Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

റഹിമിന്റെ വലകൈയായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച മിഥിലാജ്; പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമ നജീബിന്റെ പോസ്റ്റിലെ സൂചനകളിലുള്ളത് സിപിഎം ബന്ധവും; ക്വട്ടേഷൻ നൽകിയത് സിപിഎം നേതാവോ? മറുനാടന്റെ ആ പഴയ സംശയം ശരിവച്ച് ഫോറൻസിക് റിപ്പോർട്ടും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് തെളിയുമ്പോൾ

റഹിമിന്റെ വലകൈയായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച മിഥിലാജ്; പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമ നജീബിന്റെ പോസ്റ്റിലെ സൂചനകളിലുള്ളത് സിപിഎം ബന്ധവും; ക്വട്ടേഷൻ നൽകിയത് സിപിഎം നേതാവോ? മറുനാടന്റെ ആ പഴയ സംശയം ശരിവച്ച് ഫോറൻസിക് റിപ്പോർട്ടും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫൊറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിൽ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം നേരത്തെ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും തെളിഞ്ഞിരുന്നു. എന്നാൽ സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ രാഷ്ട്രീയവും സജീവമാക്കി. ആറ്റിങ്ങൽ എംപി അടുർ പ്രകാശിന്റെ നേതൃത്വത്തിലെ ഗൂഢാലോചന വാജം സജീവമാക്കി. ഇതാണ് അടിസ്ഥാന രഹിതമെന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ എന്നിവരെക്കുറിച്ചൊന്നും പ്രതിപ്പട്ടികയിലുള്ളവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ സംഭാഷണങ്ങളിൽ പരാമർശിച്ചിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണു രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തിൽ എത്തിയതെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ബൈക്കിൽ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയിൽ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോൾ കേരള പൊലീസ് തന്നെ കേസ് തെളിയിക്കുമെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.

കൊല നടത്താൻ എത്തിയവരാണു കൊലപാതകത്തിനിരയായത്. കൃത്യം നടത്താനായി ഇവർ ഗൂഢാലോചന നടത്തി. എതിർസംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. 2 സംഘത്തിന്റെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഫോറൻസിക് റിപ്പോർട്ട് പറയുന്നു. ഇതെല്ലാം നേരത്തെ മറുനാടൻ മലയാളി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎം ഗ്രൂപ്പിസത്തിന്റെ ഫലമാണ് കൊലപാതകമെന്ന വിലിയിരുത്തലും സജീവമാണ്.

വനിത ഉൾപ്പെടെ 9 പേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണു മുഖ്യപ്രതികൾ. വനിതയ്ക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. മറ്റുള്ളവർ റിമാൻഡിലാണ്. കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലും പ്രതികളിൽ ചിലരുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘർഷവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത 2 വാളുകൾ ആരുടേതെന്നത് ദുരൂഹമായിരുന്നു. കൊല്ലപ്പെട്ടവരുടെ കൈയിലുണ്ടായിരുന്നതാണ് ഈ വാളുകൾ എന്നാണ് സംശയം. ഇത് ബലപ്പെടുത്തുന്നതാണ് ഫോറൻസിക് റിപ്പോർട്ടും. പ്രതികളുടെ വീട്ടിൽ നിന്നു ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനു പുറമേ, കൊലപാതകത്തിനു ശേഷം പ്രതികൾ ആയുധങ്ങളുമായി മടങ്ങുന്നതും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൊല്ലപ്പെട്ടവരെ കുത്തിയത് പ്രതി സജീബ് ആണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനെക്കാൾ കൂടുതൽ പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ആക്രമണ സ്ഥലത്ത് ആദ്യം എത്തിയത് പ്രതികളുടെ സംഘമാണ്. മൂന്നു ബൈക്കുകളിലായി നാല് പേരെത്തി ഇരുപത് മിനിറ്റോളം അവിടെ കാത്തുനിന്നു. അതിന് ശേഷമാണ് കൊല്ലപ്പെട്ടവർ ഉൾപ്പെടുന്ന ആറംഗ സംഘമെത്തുന്നത്. ഇവർ സജീവിന്റെ അടുത്തെത്തിയതോടെ സംഘർഷം തുടങ്ങി. ആദ്യം ഹഖും മിഥിലാജും ഉൾപ്പെടെ നാല് പേർ ചേർന്ന് സജീവിനെ ആക്രമിക്കുന്നു. പിന്നാലെ ഉണ്ണിയും സനലും സജീവിനൊപ്പം ചേരുന്നു. ഇതിനിടയിൽ സജീവ് മിഥിലാജിനെ പിന്നിൽ നിന്ന് പിടിച്ച് നിർത്തി കുത്തുകയായിരുന്നു. കുത്തേറ്റ മിഥിലാജ് ഓടിപ്പോകുന്നുതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലാജ് റോഡിൽ വീഴുകയായിരുന്നു. ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്തുനിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു. ഇതോടെ സജീവും സനലും ഉണ്ണിയും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഇതിൽ നിന്നെല്ലാം ഗ്യാങ് വാറിന്റെ സൂചന വ്യക്തമായിരുന്നു. സജീവും സംഘവും മടങ്ങുമ്പോൾ അവരുടെ കൈവശം ആയുധമുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അന്ന് രാത്രി തന്നെ രക്തം പുരണ്ട രണ്ടു വാളുകൾ കണ്ടെടുത്തത്.

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരിൽ മൂന്ന് പേർ അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തു വന്നിരുന്നു. കോൺഗ്രസ് നേതാവ് ബിആർഎം ഷെരീഫ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വിട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളിൽ ചിലരുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും കോൺഗ്രസ് നേതാക്കൾ പുറത്ത് വിട്ടു. പ്രതികളായ സതിമോൻ, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജ് സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവവും കോൺഗ്രസ് ചർച്ചയാക്കുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ സതി സിഐടിയു ബന്ധമുള്ളയാണെന്നാണ് ആരോപണം. സതിയുടെ ഫേസ്‌ബുക്കിലെ ചിത്രങ്ങൾ സിപിഎം ബന്ധത്തിന് തെളിവായി കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമാണുള്ളത്. എൽഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്‌ബുക്ക്‌പ്രൊഫൈലാക്കിയിരിക്കുന്നത്.

കൊല്ലപ്പെട്ട മിഥിലാജ് ആകട്ടെ ഏറെ നാളായി സിപിഎമ്മിന്റെ കണ്ണിലെ കരടും. ഡിവൈഎഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയും വെഞ്ഞാറമൂട്ടിലെ അറിയപ്പെടുന്ന സിപിഎം ഗുണ്ടയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ അടുത്ത അനുയിയുമായ സഞ്ജയനെ കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് മിഥിലാജ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രതികളുടെ സിപിഎം ബന്ധമെന്നാണ് കോൺഗ്രസ് പറയുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എ.എ. റഹീമിന്റെ നാടായ തൈയ്ക്കാട് സമന്വയ നഗറിലും, നെല്ലനാട് പഞ്ചായത്തിലെ മണലിമുക്കിലും നിരന്തരമായ ഗുണ്ടാ ആക്രമണങ്ങളാണ് ഈ സമയത്ത് നടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP