Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വത്ത് പങ്കുവെച്ച് കിട്ടാനായുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ; ചില വിവരണങ്ങൾ പയിമ്പ്രയിൽ കണ്ടെത്തിയ മൃതദേഹത്തോട് സാമ്യമുള്ളത്; അഞ്ചുവർഷം മുമ്പ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആരുടേത്? അന്വേഷണം ഊർജിതം

സ്വത്ത് പങ്കുവെച്ച് കിട്ടാനായുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ; ചില വിവരണങ്ങൾ പയിമ്പ്രയിൽ കണ്ടെത്തിയ മൃതദേഹത്തോട് സാമ്യമുള്ളത്; അഞ്ചുവർഷം മുമ്പ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആരുടേത്? അന്വേഷണം ഊർജിതം

എം റിജു

കോഴിക്കോട്: ചില തെളിയാക്കേസുകൾ അങ്ങനെയാണ്. തീർത്തും അപ്രതീക്ഷിതമായാണ് അതിൽ പുതിയ തെളിവുകൾ ഉണ്ടാവുക. അങ്ങനെ യാതൊരു തുമ്പുമില്ലാതെ പൊലീസിനെ ചുറ്റിച്ച കേസ് ആയിരുന്നു, പറമ്പിൽബസാറിൽ പയിമ്പ്ര പോലൂർ ക്ഷേത്രത്തിനടുത്ത് അഞ്ചുവർഷംമുമ്പ് പാതി കത്തിയനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം.

പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും യാതൊരു തുമ്പും കിട്ടാത്ത ആ കേസിൽ അന്വേഷണം വീണ്ടും സജീവമാകുകയാണ്. അഞ്ചുവർഷമായി സഹോദരനെ കാണാനില്ലെന്നറിയിച്ച് വേങ്ങേരി സ്വദേശിയായ സ്ത്രീ ചേവായൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം പരാതി നൽകിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെയാണ് 2017-ലെ കൊലപാതകക്കേസിൽ പൊലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്.

പരാതിക്കാരിയുടെ ചില വിവരണങ്ങൾ പയിമ്പ്രയിൽ കണ്ടെത്തിയ മൃതദേഹത്തോട് സാമ്യമുള്ളതാണെന്ന സംശയത്തിലാണ് പൊലീസ്. തുടർന്ന്, പരാതിക്കാരിയുടെ ഡിഎൻഎ.പരിശോധന നടത്താനൊരുങ്ങുകയാണ്. പൈതൃകസ്വത്ത് പങ്കുവെക്കാനുള്ള ശ്രമത്തിനിടയിലാണ് പരാതിയുമായി സഹോദരി എത്തുന്നത്.

അവകാശിയായ സഹോദരനെ കാണാനില്ലെന്ന് പരാതിനൽകണമെന്ന് നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സഹോദരി സ്റ്റേഷനിലെത്തുന്നത്. തുടർന്ന്, ആളെ കാണാനില്ലെന്ന പരാതിയിൽ ലോക്കൽ പൊലീസ് അന്വേഷണവും തുടങ്ങി.

കത്തിക്കരിഞ്ഞ മൃതദേഹം ആരുടെ?

മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുമാസം കഴിഞ്ഞതോടെതന്നെ കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. എന്നാൽ, യാതൊരു തുമ്പുമിതുവരെ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഭാഗമായി അക്കാലത്ത് തമിഴ്‌നാട്ടിൽനിന്ന് കാണാതായ യുവാവിന്റെ ഡി.എൻ.എ. പരിശോധനവരെ നടത്തിയായിരുന്നു. ഇതുകൂടാതെ അതേ കാലഘട്ടത്തിൽ സംസ്ഥാനത്തുനിന്ന് കാണാതായവരുടെ ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധനയും പൂർത്തിയാക്കിയിരുന്നു. ഇത്തരത്തിൽ പത്തോളംപേരുടെ ഡി.എൻ.എ. പരിശോധനയാണ് നടത്തിയത്. എന്നാൽ, മൃതദേഹത്തിൽനിന്നുള്ള ഡിഎൻഎ.യുമായി ഇവയ്ക്കൊന്നിനും സാമ്യം കണ്ടെത്താനായിട്ടില്ല.

ലുങ്കിയും ടീഷർട്ടുമായിരുന്ന പോലൂരിൽ പറമ്പിൽ കണ്ടെത്തിയ മൃതദേഹത്തിലെ വേഷം. തലയ്ക്കും നെഞ്ചിനും അടിയേറ്റ പാടുണ്ടായിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കിയാണ് കൊല നടത്തിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മൃതദേഹം ഉപേക്ഷിച്ച് രണ്ടുദിവസം പഴകിയനിലയിലാണ് ശ്രദ്ധയിൽപ്പെട്ടത്.

കൈകാലുകൾ പകുതിയും മുഖത്തിന്റെ പാതിയും തലയുടെ പിൻഭാഗവും മാത്രമേ കത്താതെ അവശേഷിച്ചിരുന്നുള്ളൂ. മണ്ണെണ്ണയൊഴിച്ച് കത്തിച്ചതാണെന്നാണ് വ്യക്തമായത്. 166 സെന്റീമീറ്റർ ഉയരമുള്ള ഏകദേശം 40 വയസ്സുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടത്.രണ്ടുപ്രാവശ്യം രേഖാചിത്രം പുറത്തുവിട്ടും അന്വേഷണത്തിന് സഹായകമാകുന്ന രീതിയിലുള്ള വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും അന്വേഷണസംഘം പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തി.എന്നാൽ, അന്വേഷണത്തിന് സഹായകമായ ഒരുവിവരവും കിട്ടിയില്ല. 2017 സെപ്റ്റംബറിൽ നഗരത്തിൽനിന്ന് ആരെയെങ്കിലും കാണാതായതായി ഒരുപരാതിയും കോഴിക്കോട് സിറ്റി പൊലീസിന് ലഭിച്ചിരുന്നുമില്ല.

കഴിഞ്ഞമാസം കോഴിക്കോട്ട് ഒരു മൃതദേഹം മാറിപ്പോയതായ വിവാദങ്ങൾ ഉണ്ടായതിനാൽ ഇപ്പോൾ പൊലീസ് എറെ കരുതൽ എടുക്കുന്നുണ്ട്. ജൂലൈ 17നാണ് നന്തി കടലൂർ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപകിന്റെതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന നടത്തിയതോടെയാണ് ഇത് സ്വർണ്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെതാണെന്ന് മനസ്സിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP