Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.എൻ.കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം; എസ്എൻ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി രൂപ വെള്ളാപ്പള്ളി വകമാറ്റിയെന്ന് കേസ്; മഹേശന്റെ ആത്മഹത്യയിൽ പ്രതികൂട്ടിലായ വെള്ളാപ്പള്ളിക്ക് കുരുക്കായി സാമ്പത്തിക തിരിമറി കേസും

എസ്.എൻ.കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം; എസ്എൻ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി രൂപ വെള്ളാപ്പള്ളി വകമാറ്റിയെന്ന് കേസ്; മഹേശന്റെ ആത്മഹത്യയിൽ പ്രതികൂട്ടിലായ വെള്ളാപ്പള്ളിക്ക് കുരുക്കായി സാമ്പത്തിക തിരിമറി കേസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കൊല്ലം എസ്.എൻ. കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊല്ലം എസ്.എൻ. കോളേജിലെ സുവർണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരായ ആരോപണം. 2004-ൽ കോടതി നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. കേസിൽ അടിയന്തരമായി കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വെള്ളാപ്പള്ളിയെ ചോദ്യംചെയ്യുന്നത്.

1997-98ൽ കൊല്ലം എസ്.എൻ. കോളേജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്‌ളക്‌സും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താൻ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നാണ് പരാതി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ജൂൺ 22 ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എസ്.എൻ. ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന കൊല്ലം സ്വദേശി പി സുരേഷ് ബാബു 2004 ൽ നൽകിയ സ്വകാര്യ അന്യായത്തിൽ ആണ് അന്വേഷണം തുടങ്ങിയത്.

ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിയോടെ കേസിൽ തുടർനടപടികൾ ഉണ്ടായിരിക്കുന്നത്. കുറ്റപത്രത്തിന് അനുമതി ലഭിച്ചാൽ വെള്ളാപ്പള്ളി നടേശന് എതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. മറിച്ച് കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശയാണ് വരുന്നതെങ്കിൽ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കേസ് അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടർനടപടികൾ വൈകിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി വന്നത്. അന്തിമ റിപ്പോർട്ട് തയ്യാറായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ, അന്വേഷണത്തിലെ കണ്ടെത്തലുകൾ അടക്കമുള്ള റിപ്പോർട്ട് കൈമാറാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയതും കേസിൽ കോടതിയുടെ മേൽനോട്ടം വന്നതും.

അതേസമയം കെ.കെ. മഹേശന്റെ ആത്മഹത്യയിൽ, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ യഥാർത്ഥ കാരണങ്ങൾക്ക് പകരം മഹേശന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിലാണ് പൊലീസിന് വ്യഗ്രതയെന്നും കുടുംബം കുറ്റപ്പെടുത്തി. നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മഹേശന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി അടുത്ത ദിവസം സമരം തുടങ്ങും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗോകുലം ഗോപാലൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് മാരാരിക്കുളം പൊലീസ് പ്രതികരിച്ചു. മഹേശൻ കത്തുകളിൽ പറയുന്ന ചേർത്തല യൂണിയനിലെ ഇടപാടുകളും ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ നിയമനങ്ങളെകുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിന് ശേഷം വെള്ളാപ്പള്ളി ഉൾപ്പെടെ മറ്റുള്ളരുടെ മൊഴി രേഖപ്പെടുത്തുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP