Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

അയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരും

അയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ കെ എസ് ഐ ഡിക്കായി സുപ്രീംകോടതിയിലെ വമ്പൻ അഭിഭാഷകൻ ഹാജരാകുന്നത് വിവാദത്തിൽ. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിൽ വാദിക്കുന്നത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. മുതിർന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനാണ് ഹാജരായിരിക്കുന്നത്. കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകനെത്തന്നെ ഇതിനായി സമീപിച്ചിരിക്കുന്നത്.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിഎംആർഎലിൽ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. വിവാദങ്ങൾ ചൂടുപിടിക്കുകയം കേന്ദ്ര ഏജൻസി അന്വേഷണം കടുപ്പിക്കുകയും ചെയ്തതോടെയാണ് കേസ് നടത്തിപ്പിനായി പ്രമുഖനായ വ്യക്തിയെ തന്നെ കെ എസ് ഐ ഡി സി അഭിഭാഷകനാക്കിയത്. ഈ അഭിഭാഷകന്റെ വാദം ഫലത്തിൽ വീണാ വിജയന് കൂടി വേണ്ടിയാകും. ഈ കേസിൽ കെ എസ് ഐ ഡി സിക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യത കുറവാണ്. എന്നാൽ വീണാ വിജയൻ കടുത്ത പ്രതിരോധത്തിലാണ്. അതുകൊണ്ട് കൂടിയാണ് വമ്പൻ അഭിഭാഷകനെ കെ എസ് ഐ ഡി സി എത്തിക്കുന്നത്.

കെഎസ്ഐഡിസി പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടുതന്നെ സർക്കാർ നിർദ്ദേശ പ്രകാരമായിരിക്കും കെഎസ്ഐഡിസി മാനേജ്മെന്റ് സി.എസ് വൈദ്യനാഥനെ കേസിന്റെ നടത്തിപ്പിനായി സമീപിക്കാനുള്ള കാരണവും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24ന് ഹൈക്കോടതിയിൽ ഓൺലൈനായി സി.എസ്. വൈദ്യനാഥൻ ഹാജരായതിന് ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ഐഡിസിക്കു കത്തു നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസ് ചാർജ് വേറേയും നൽകണം. തുടർന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകും. അതിനുള്ള ചാർജും പ്രത്യേകമാകും.

ഫലത്തിൽ വീണാ വിജയൻ കേസിൽ കെ എസ് ഐ ഡി സിയുടെ അക്കൗണ്ടിൽ നിന്നും പണമൊഴുകും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള പണമിടപാടുകളിൽ കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്ന് കമ്പനി നിയമം 210 പ്രകാരം കേന്ദ്ര കോർപറേറ്റ് മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷിയുമാണ് കെഎസ്ഐഡിസി.

രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലടക്കം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സേവനം തേടുന്നതിലൂടെ സർക്കാർഖജനാവിനുണ്ടാകുന്നത് വൻസാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 7.25 കോടി രൂപയാണ് സുപ്രീംകോടതിയിലെ അഭിഭാഷകർക്കായി ഖജനാവിൽനിന്ന് ചെലവഴിച്ചത്. 2023 ഒക്ടോബർ വരെയുള്ള കണക്കാണിത്. നയതന്ത്രചാനൽവഴി നടന്ന സ്വർണക്കടത്തുമുതൽ കിഫ്ബി മസാല ബോണ്ടുവരെയുള്ള കേസുകൾക്കായാണ് മണിക്കൂറിന് ലക്ഷങ്ങൾ വിലയുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനം സർക്കാർ തേടിയത്.

അഡ്വക്കേറ്റ് ജനറൽ മുതൽ ഗവൺമെന്റ് പ്ലീഡർ വരെയുള്ള അഭിഭാഷകർക്കായി ശമ്പളയിനത്തിൽ മാസം 155 കോടിയിലധികം രൂപ ചെലവഴിക്കുമ്പോഴാണ് സുപ്രീംകോടതി അഭിഭാഷകരുടെ സേവനവും സർക്കാരിന് തേടേണ്ടിവരുന്നത്. എല്ലാകാലത്തും ഇത്തരത്തിൽ സർക്കാർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പ് ശ്രമമാണെന്ന വാദവും സജീവമാണ്. അയോധ്യ കേസിൽ അടക്കം വാദമുയർത്തിയ അഭിഭാഷകനാണ് സി എസ് വൈദ്യനാഥൻ.

ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് 17.87 കോടി രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. ഉമ്മൻ ചാണ്ടിസർക്കാരിന്റെ കാലത്ത് 12.17 കോടി രൂപയും ചെലവഴിച്ചു. 'പ്രോപ്പർ ചാനലെ'ന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് അഭിഭാഷകർക്കായി ചെലവായ തുകയുടെ വിവരങ്ങളുള്ളത്. സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് സി.എസ്.വൈദ്യനാഥൻ. മുമ്പും പല കേസിലും കേരള സർക്കാരിന് വേണ്ടി വൈദ്യനാഥൻ ഹാജരായിട്ടുണ്ട്.

അന്വേഷണക്കുരുക്കു മുറുകുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ സമീപിച്ചത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിയുടെ മാനേജ്‌മെന്റ് സർക്കാർ നിർദ്ദേശമില്ലാതെ ഇതിനു മുതിരില്ല.

പുറത്തുനിന്ന് അഭിഭാഷകനെ എത്തിച്ച പ്രധാനപ്പെട്ട കേസുകളുംനൽകിയ ഫീസും
മട്ടന്നൂർ ഷുഹൈബ് കേസ് 96.34 ലക്ഷം രൂപ
പെരിയ ഇരട്ടക്കൊലക്കേസ് 1.14 കോടി
നിയമസഭാ അക്രമക്കേസ് 16.50 ലക്ഷം
സോളർ കേസ് 1.20 കോടി
ഇതരസംസ്ഥാന ലോട്ടറി കേസ് 1.78 കോടിലൈഫ് മിഷൻ കേസ് 55 ലക്ഷം
ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷം
രാജ്യസഭാ തിരഞ്ഞെടുപ്പു കേസ്: 60 ലക്ഷം രൂപ

2021 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റുവരെ ഹൈക്കോടതിയിൽ ഹാജരായ സുപ്രീംകോടതി അഭിഭാഷകരും ചെലവായ തുകയും

ഹാരിൻ പി. റാവൽ 70 ലക്ഷം
സി.എസ്. വൈദ്യനാഥൻ 60 ലക്ഷം
കെ.കെ. വേണുഗോപാൽ 23.25 ലക്ഷം
ഫാലി എസ്. നരിമാൻ 30 ലക്ഷം
സുഭാഷ് ശർമ 9.90 ലക്ഷം
സഫീർ അഹമ്മദ് 4 ലക്ഷം
മദൻ ബി. ലോകൂർ 24 ലക്ഷം
മുഹമ്മദ് നിസാമുദ്ദീൻ പാഷ 8 ലക്ഷം
വിനോദ് കെ. ആനന്ദ് (ഫാലി എസ്. നരിമാന്റെ ക്ലാർക്ക്) 3 ലക്ഷം

ഇക്കാലയളവിൽ സുപ്രീംകോടതിയിൽ ഹാജരായവരിൽ കൂടുതൽ ഫീസ് വാങ്ങിയവർ

ജയദീപ് ഗുപ്ത 1.29 കോടി
രഞ്ജിത് കുമാർ 71.50 ലക്ഷം
കെ.കെ. വേണുഗോപാൽ 50 ലക്ഷം
പല്ലവ് ശിശോദിയ 38.50 ലക്ഷം
കപിൽ സിബിൽ 36,50,000
രാകേഷ് ദ്വിവേദി 25 ലക്ഷം
ഹാരിൻ പി. റാവൽ 19.80 ലക്ഷം
ചന്ദർ ഉദയ് സിങ് 19 ലക്ഷം
കെ.എൻ. ബാലഗോപാൽ 18.70 ലക്ഷം
പി.വി. സുരേന്ദ്രനാഥ് 17.60 ലക്ഷം
വി. ഗിരി 17.50 ലക്ഷം
ആർ. ബസന്ത് 11 ലക്ഷം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP