Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

നിത രാജ് ജോലിക്ക് അപേക്ഷിച്ചത് അഖിൽ സജീവ് അറിഞ്ഞത് എങ്ങനെ? ആയുഷിന്റെ വ്യാജ ഇമെയിൽ ഉറവിടം ഐപി അഡ്രസ് പരിശോധിച്ച് കണ്ടെത്താം; ഏപ്രിലിലെ സിസിടിവി ഇനി വീണ്ടെടുക്കക അസാധ്യം; ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ

നിത രാജ് ജോലിക്ക് അപേക്ഷിച്ചത് അഖിൽ സജീവ് അറിഞ്ഞത് എങ്ങനെ? ആയുഷിന്റെ വ്യാജ ഇമെയിൽ ഉറവിടം ഐപി അഡ്രസ് പരിശോധിച്ച് കണ്ടെത്താം; ഏപ്രിലിലെ സിസിടിവി ഇനി വീണ്ടെടുക്കക അസാധ്യം; ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരായ ആരോപണത്തിൽ കുരുക്കൾ ഏറെയുണ്ടെന്ന തിരിച്ചറിവിൽ പൊലീസ്. മലപ്പുറം സ്വദേശി ഡോ.ആർ.ജി.നിത രാജ് ജോലിക്ക് അപേക്ഷിച്ചിരിക്കുന്നുവെന്നു പത്തനംതിട്ട സ്വദേശി അഖിൽ സജീവ് അറിഞ്ഞത് എങ്ങനെ എന്നതാണ് ഏറ്റവും പ്രധാനം. അഖിൽ സജീവ് ഇതിന് നൽകുന്ന മൊഴി നിർണ്ണായകമാകും. ആരോഗ്യവകുപ്പിലെ ഒഴിവുകളും അവയിലേക്ക് അപേക്ഷിക്കുന്നവരുടെ വിവരം ഈ തട്ടിപ്പുശൃംഖലയ്ക്കു എങ്ങനെ കിട്ടിയെന്നതാണ് പ്രധാനം. ഇതിനൊപ്പമാണ് തെറ്റിധരിപ്പിക്കാനുള്ള നിയമന ഇമെയിലും. ഈ മെയിൽ അയച്ചത് ആരെന്ന് ഐപി അഡ്രസ് പരിശോധനയിൽ വ്യക്തമാകും. ഇത് അതിവേഗം ചെയ്യാൻ പൊലീസിന് കഴിയും. എന്നാൽ, മന്ത്രിയുടെ സ്റ്റാഫ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ അന്വേഷണം ഏതുവരെ നീളുമെന്നു കാത്തിരുന്നു കാണണം.

നിയമന കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് സമാനമല്ല. ആയതിനാൽ ഇതിന്റെ നിജസ്ഥിതി അറിയാൻ ആരോഗ്യ കേരളത്തിന്റെ ഓഫിസിലും പരിശോധന നടത്തും. മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഗുരുതര ആരോപണം പുറത്ത് വന്നതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസിൽ പരാതി നൽകിയത്. അഖിൽ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണം.

അഖിൽ സജീവ് മാർച്ച് 10നാണു മലപ്പുറത്തെത്തി നിതയുടെ ഭർതൃപിതാവ് ഹരിദാസനെ കാണുന്നത്. മകന്റെ ഭാര്യ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ചോദ്യമെന്നാണു വെളിപ്പെടുത്തൽ. നാഷനൽ ആയുഷ് മിഷനിലേക്ക് അയച്ച അപേക്ഷയെക്കുറിച്ച് അറിയാമെങ്കിൽ അദ്ദേഹം അധികാരകേന്ദ്രങ്ങളിൽ അടുത്ത ബന്ധമുള്ളയാളാണെന്നു ഹരിദാസൻ ഉറപ്പിച്ചു. സിപിഎം നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമാണെന്നും അഖിൽ സജീവ് പരിചയപ്പെടുത്തി. മന്ത്രി വീണാ ജോർജിന്റെ ജില്ലയിൽനിന്നുള്ള സിപിഎമ്മുകാരനായതിനാൽ അഖിൽ സജീവിന് ആരോഗ്യ വകുപ്പിൽ നല്ല സ്വാധീനം കാണുമെന്ന് ഉറപ്പിച്ചുവെന്നാണ് ഹരിദാസന്റെ പരാതിയിൽ പറയുന്നത്.

മൂന്നു വർഷത്തെ താൽക്കാലിക നിയമനത്തിനാണ് 5 ലക്ഷമെന്നും സ്ഥിരനിയമനമാക്കാൻ 10 ലക്ഷം നൽകിയാൽ മതിയെന്നും അഖിൽ സജീവ് പറഞ്ഞെന്നു ഹരിദാസൻ വ്യക്തമാക്കി. കൈക്കൂലി നൽകുന്നതു വൃത്തികേടാണെന്ന് അറിയാമെങ്കിലും വ്യവസ്ഥിതി ഇങ്ങനെയായാൽ എന്തു ചെയ്യുമെന്നും അഖിൽ സജീവ് ചോദിച്ചു. വാഗ്ദാനത്തിൽ വിശ്വസിച്ച ഹരിദാസൻ 25,000 രൂപ ഗൂഗിൾ പേ വഴി കൊടുത്തു. പിന്നീടാണ് അഖിൽ സജീവ് നിർദ്ദേശിച്ച പ്രകാരം മന്ത്രി വീണാ ജോർജിന്റെ പഴ്‌സനൽ സ്റ്റാഫായ അഖിൽ മാത്യുവിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തിയത്. ആദ്യ ദിവസം നിരാശനായി മടങ്ങിയ ഹരിദാസൻ രണ്ടാം ദിവസം അഖിൽ മാത്യുവിനെ മന്ത്രിയുടെ ഓഫിസിൽ വച്ചു കണ്ടെന്നാണു ഹരിദാസന്റെ പരാതിയിൽ പറയുന്നത്.

ഉച്ചയ്ക്കു 2.30നു മന്ത്രിയുടെ ഓഫിസിനു പുറത്ത് ഓട്ടോ സ്റ്റാൻഡിൽ വച്ച് ഒരു ലക്ഷം രൂപ അഖിൽ മാത്യുവിനു കൈമാറി. അഖിൽ അന്ന് ഓഫിസിൽ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ എങ്ങോട്ടൊക്കെ പോയി? എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് അഖിൽ മാത്യുവിന്റെ ഫോണും സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കേണ്ടിവരും. എന്നാൽ ഏപ്രിലിലാണ് ഈ കൂടിക്കാഴ് നടന്നതായി ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ സിസിടിവി ദൃശ്യങ്ങൾ ഇനി കിട്ടുക അസാധ്യമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പൊലീസിന്റെ നീക്കങ്ങൾ. ഹരിദാസിൽ നിന്നും സ്‌പെഷൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഈ വിവരങ്ങൾ അനുസരിച്ചു ഹരിദാസനും അഖിൽ മാത്യുവും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടില്ല. അഖിൽ മാത്യുവിനെ എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് ആരാഞ്ഞപ്പോൾ അഖിൽ സജീവ് വാട്‌സാപ്പിൽ ചിത്രം അയച്ചുതന്നെന്നു ഹരിദാസൻ പറഞ്ഞെന്നാണു വിവരം. അത് അഖിൽ മാത്യുവിന്റെ ചിത്രമായിരുന്നോ? എന്നും പൊലീസ് പരിശോധിക്കും. മന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ലെന്നു ഹരിദാസൻ ഇന്നലെ വെളിപ്പെടുത്തിയതോടെയാണു വിവരം പുറത്തുവന്നത്. മന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതി 23നു പൊലീസിനു കൈമാറിയിരുന്നു.

ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസിനോട് രേഖകൾ ഉൾപ്പെടെ ഹാജരാക്കി മൊഴി നൽകാൻ കന്റോൺമെന്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പി എ അഖിൽ മാത്യുവിന്റെ പരാതിയിലാണ് കേസ്. എന്നാൽ, അഖിൽ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിന്റെ സമീപംവച്ച് പണം വാങ്ങിയതെന്ന ഉറച്ച നിലപാടിലാണ് കൈക്കൂലി നൽകിയ ഹരിദാസ്. ഈ സാഹചര്യത്തിൽ അഖിൽ മാത്യുവിന്റെ മൊഴിയിൽ കേസെടുത്തത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. ഹരിദാസിനെ പ്രതിയാക്കാനുള്ള സാധ്യതയാണ് ഇതിലുള്ളത്. സംഭവത്തിൽ പേഴ്‌സണൽ സ്റ്റാഫിനെ പൂർണ്ണമായും ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ പ്രതികരണവും ഇതിന്റെ സൂചനയാണ്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു.

ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്നുള്ള ആയുഷ് വകുപ്പിന്റെ ഇ മെയിൽ ഹരിദാസൻ പുറത്തുവിട്ടു. ഇത് വ്യാജമെന്നാണ് ആയുഷ് വകുപ്പന്റെ വിശദീകരണം. മെയിൽ ഐഡി വ്യാജമാണെന്നാണ് ആയുഷ് മിഷന്റെ വാദം. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലെ ലോഗോ നാഷണൽ ഹെൽത്ത് മിഷന്റേതാണെന്നും ആയുഷ് മിഷൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP