Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

മന്ത്രിമാർക്കുപോലും പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല; ആ ഘട്ടത്തിൽ എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട് പിരിച്ചു; പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ച് പുനർജ്ജനി! ഇനി വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം; പ്രതിപക്ഷത്തെ ഒതുക്കാൻ പുതിയ നീക്കം

മന്ത്രിമാർക്കുപോലും പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല; ആ ഘട്ടത്തിൽ എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട് പിരിച്ചു; പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ച് പുനർജ്ജനി! ഇനി വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം; പ്രതിപക്ഷത്തെ ഒതുക്കാൻ പുതിയ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിദേശ പണപ്പിരിവിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനോ? സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി ആവിഷ്‌കരിച്ച 'പുനർജനി' പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. കാട്ടാക്കടയിലും മഹാരാജാസിലും എസ് എഫ് ഐ കുടുക്കിയ വ്യാജ രേഖാ വിവാദങ്ങൾ ചർച്ചയാകുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. സതീശനെ കുടുക്കുകയാണ് ലക്ഷ്യം.

സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരിൽ യുഎസിൽ നടന്ന പണപ്പിരിവ് വിവാദമായതിനു പിന്നാലെയാണ്, അവിടേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് അനുമതി നൽകിയത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള പരാതിയാണ് അന്വേഷിക്കുക. ആവശ്യമെങ്കിൽ പരാതി കേന്ദ്ര ഏജൻസിക്കും വിടും. ഇഡി അന്വേഷണത്തിനുള്ള സാധ്യതയും വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്താനാണ് പൊലീസ് ശ്രമം. 2020 ൽ കിട്ടിയ അന്വേഷണം നടത്താതിരുന്ന പരാതിയാണ് ഇപ്പോൾ വിജിലൻസ് പൊടിതട്ടിയെടുക്കുന്നത്.

പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ചാണ് പുനർജ്ജനി പദ്ധതി നടപ്പിലാക്കിയത്. തുക പിരിച്ചെടുക്കുകയല്ല, ആവശ്യത്തിലെ ആത്മാർഥത ബോധ്യപ്പെട്ടതോടെ സ്‌പോൺസർഷിപ് നൽകി സഹായിക്കാൻ അവർ മുന്നോട്ടുവരികയാണു ചെയ്തത്. അവർ നേരിട്ടുതന്നെ വീടുവച്ചു നൽകി. എംഎൽഎ എന്ന നിലയിൽ അതിനൊപ്പം നിൽക്കുകയാണു ചെയ്തതെന്ന് വിഡി സതീശനും പ്രതികരിക്കുന്നു. ഈ പദ്ധതിയിലാണ് വിജിലൻസ് അന്വേഷണം.

ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഈ ആരോപണം നിയമസഭയിൽ ഭരണപക്ഷം ഉയർത്തിയപ്പോൾ, വേണമെങ്കിൽ വിജിലൻസ് അന്വേഷിച്ചോളൂ എന്നു സതീശൻ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടു തകർന്ന 280 പേർക്ക് ഇതിനകം 'പുനർജനി' പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകി. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്‌പോൺസർഷിപ് മുഖേന നിർമ്മിച്ചവയാണ്.

ദുബായിലും യുകെയിലും നടത്തിയ സന്ദർശനത്തിൽ പദ്ധതിക്കായി സതീശൻ സഹായം അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ആരോപണം. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്‌സൺ പാനികുളങ്ങരയാണു വിജിലൻസ് ഡയറക്ടർക്കുൾപ്പെടെ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും അന്വേഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ആദ്യഘട്ടത്തിൽ ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. നിയമസഭാ സ്പീക്കറും അന്വേഷണാനുമതി നൽകിയില്ല. മാറിയ സാഹചര്യത്തിൽ ഇതെല്ലാം മാറാൻ സാധ്യതയുണ്ട്.

അന്വേഷണം നിയമപരമാണോ എന്ന സംശയം വിജിലൻസിൽ തന്നെയുണ്ട്. വിദേശ പണം സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്തപ്പോൾ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ല, പൊതു ഖജനാവിലെ പണമല്ല ഉപയോഗിച്ചത്, വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കേണ്ടത് തുടങ്ങിയ വാദങ്ങളാണുയരുന്നത്. എന്നാൽ മതിയായ തെളിവുകൾ കിട്ടുമോ എന്ന് പരിശോധിക്കാനാണ് അന്വേഷണം.

എന്നാൽ മറുവാദങ്ങൾ സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ അടക്കം പലരും കൂടുതൽ തെളിവ് നൽകാനും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനും തയ്യാറായി നിൽക്കുന്നുണ്ട് എന്നതും സതീശന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ ഭീഷണി ഉയർത്തുന്നു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽത്തന്നെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. വിദേശത്തുപോയി പണം പിരിച്ചത് അനുമതിയില്ലാതെയാണ് എന്നതു തന്നെയാണ് വലിയ കുരുക്ക്. പോയതിനും പണം പിരിച്ചതിനും അത് സമ്മതിച്ചതിനും തെളിവുകൾ ലഭ്യമാണെന്ന് ദേശാഭിമാനി പറയുന്നു.

കഴിഞ്ഞ നിയമസഭയിൽ എസ് ശർമ, ജെയിംസ് മാത്യു, എം സ്വരാജ് എന്നിവർ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോഴും നിയമപരമായാണോ വിദേശത്തുനിന്ന് പണംപിരിച്ചത് എന്നതിന് ഉത്തരം നൽകിയിരുന്നില്ല. നിരവധി തവണ വിദേശയാത്ര നടത്തിയതെന്തിനെന്നും പിരിച്ച പണം എത്രയെന്നും അത് എന്തു ചെയ്തെന്നും തുറന്നു പറയണമെന്നായിരുന്നു നിയമസഭയിൽ ഉന്നയിച്ച ആവശ്യം. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സെമിനാറിനാണ് പോയത് എന്നായിരുന്നു ഉത്തരം. വിജിലൻസ് അന്വേഷിക്കട്ടെ എന്നും സതീശൻ നിലപാടെടുത്തു.

പണം കടത്തിയെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിൽ പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതിന് ധൈര്യം കാണിച്ചില്ല. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ചും കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്.

യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്ര പ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ് ഈ പരാതിയിൽ അന്വേഷണം നടത്തുന്നുവെന്ന് അറിയിച്ചിട്ടുള്ളതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത് അനവസരത്തിലുള്ളതാകുമെന്നാണ് ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്-ദേശാഭിമാനി പറയുന്നു.

പുനർജനി പദ്ധതിയും അതിനായി വിദേശയാത്ര നടത്തി ഫണ്ട് സ്വീകരിച്ചതും നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയില്ലാതെയെന്നും ആരോപണം ഉയർത്തുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എസ് രാജനു ലഭിച്ച വിവരാവകാശരേഖയിൽ ഇക്കാര്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിമാർക്കുപോലും പ്രളയദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ആ ഘട്ടത്തിലാണ് എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട് പിരിച്ചത്.

ബർമിങ്ഹാമിൽ പോയി പണം പിരിച്ച കാര്യം സതീശൻ 2020 മെയ് ഒമ്പതിന് വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: ''ഞാൻ ബർമിങ്ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്. ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വനിതയാണ് ബിർമിങ്ഹാമിൽ ലഞ്ച് മീറ്റിങ് നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്. അവർ പറവൂർ ടൗൺ ഹാളിൽ വന്നാണ് ചെക്കുകൾ കൈമാറിയത്.'' 2018 ഒക്ടോബർ 28നു ബർമിങ്ഹാമിൽ പ്രസംഗിച്ചത്: ''നിങ്ങൾ ഓരോരുത്തരും 500 പൗണ്ട് നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ് അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കുക.''

സതീശന്റെ വിദേശയാത്രകൾ സ്‌പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. സതീശനെതിരായ സ്‌പോൺസർഷിപ് ആരോപണങ്ങൾക്കൊപ്പം മാഞ്ഞാലി നവാസ് എന്നൊരാളുടെ പേരും ചർച്ചയായി. സ്‌പോൺസറുടെ വിദേശയാത്രകളും സ്വത്തുസമ്പാദനവും ദുരൂഹമാണെന്നും ആക്ഷേപമുയർന്നിരുന്നു. പുനർജനി പദ്ധതിയും അതിനായി നടത്തിയ വിദേശയാത്രകളും പിരിവും വലിയ തട്ടിപ്പാണെന്ന് പറവൂരിലെ ജനങ്ങൾ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായിക്കൂടി വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തി വർധിക്കുകയാണെന്നാണ് ദേശാഭിമാനി വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP