Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിനായി ഒഴിഞ്ഞ കെട്ടിടങ്ങളോ മദ്രസ്സകളോ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കും; സോഷ്യൽ മീഡിയയിൽ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കും; വഴിക്കടവിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി കൂടുതലും ഇരയാക്കിയത് സ്ത്രീകളെ

സ്‌കൂളിനായി ഒഴിഞ്ഞ കെട്ടിടങ്ങളോ മദ്രസ്സകളോ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കും; സോഷ്യൽ മീഡിയയിൽ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കും; വഴിക്കടവിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി കൂടുതലും ഇരയാക്കിയത് സ്ത്രീകളെ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂളിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ ആൾ വഴിക്കടവു പൊലീസിന്റെ പിടിയിലായി. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അദ്ധ്യാപകരെ റിക്രൂട്ട് ചെയ്തിരുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളോ മദ്രസ്സകളോ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

കൂടുതലായും സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പ്രതി കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം അൽഅക്സ മുണ്ടോള്ത്തിൽ നൗഫൽ എന്ന നൗഫൽ ഹമീദിനെ(48)യാണ് വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. വഴിക്കടവ് പുന്നക്കൽ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ സ്വകാര്യം വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് 35000 രൂപ തട്ടിപ്പു നടത്തിയതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്.

പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനിൽ ഹാജരാവുകയും പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇപ്രകാരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തട്ടിപ്പിനിരയായ ആളുകൾ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച കൂടുതൽ പരാതികൾ ഉന്നയിക്കപ്പെടും എന്നതാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പ്രതി വഴിക്കടവ് പുന്നക്കലിലും മമ്പാട് പന്തലിങ്ങലും ഒലിവ് പബ്ലിക് സ്‌കൂൾ, കമ്പളക്കല്ലിൽ ടാലന്റ് പബ്ലിക് സ്‌കൂൾ, മമ്പാട് ഠാണയിൽ മോഡേൺ പബ്ലിക് സ്‌കൂൾ, അമരമ്പലം കൂറ്റമ്പാറയിൽ അൽ ഇർഷാദ് പബ്ലിക് സ്‌കൂൾ, വണ്ടൂർ ഏറിയാട് സഹ്റ പബ്ലിക് സ്‌കൂൾ, തിരൂരങ്ങാടിയിൽ ഫജർ പബ്ലിക് സ്‌കൂൾ, മോങ്ങത്ത് ഇസ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് പ്രതി സ്‌കൂളുകൾ ആരംഭിച്ച് ആളുകളിൽ നിന്ന് പണം തട്ടിപ്പു നടത്തിയിട്ടുള്ളത്.

35000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ഇയാൾ വിവിധയാളുകളിൽ നിന്ന് പണം കൈപ്പറ്റിയതായി വിവരം കിട്ടിയിട്ടുണ്ട്. സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാർത്ഥികളെ സ്‌കൂളിൽ ചേർക്കാൻ അദ്ധ്യാപകരെത്തന്നെ ഏല്പിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാൻ പറയുകയുമാണ് ഇയാളുടെ രീതി. 20 ൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേർന്നിട്ടുള്ളത്.ഇത്തരം തട്ടിപ്പിനിരയായ ആളുകൾ ഉടനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും, പരാതിക്കാരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ, എസ്‌ഐ അജയകുമാർ ടി, എഎസ്ഐ മനോജ് കെ, എസ്. സി.പി.ഒ ഷീബ പി.സി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, നിബിൻ ദാസ് ടി, ജിയോ ജേക്കബ്, സി.എം റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP