Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്ന അളിയന്റെ ഭീഷണി കുരുക്കാകും; ഉച്ചയ്ക്ക് കാണാത്ത ചെരുപ്പ് രാത്രിയിൽ കണ്ടതിലും ദുരൂഹത; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ കൊലപാതകത്തിൽ സംശയങ്ങളുമായി ബന്ധുക്കളും; ഏഴ് വർഷം മുമ്പത്തെ കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ

കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്ന അളിയന്റെ ഭീഷണി കുരുക്കാകും; ഉച്ചയ്ക്ക് കാണാത്ത ചെരുപ്പ് രാത്രിയിൽ കണ്ടതിലും ദുരൂഹത; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ കൊലപാതകത്തിൽ സംശയങ്ങളുമായി ബന്ധുക്കളും; ഏഴ് വർഷം മുമ്പത്തെ കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാഹിദിന്റെ അളിയൻ മൂസയുടെ വെളിപ്പെടുത്തൽ സാജിദിന്റെ കുടുംബത്തിനു കച്ചിത്തുരുമ്പാകുന്നു. വാഹിദിന്റെ അളിയൻ മൂസയുടെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾക്ക് സാജിദിന്റെ കുടുംബം ഒരുങ്ങുകയാണ്. അന്ന് മുതലേ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു സാജിദിന്റെ മരണം ഒരു സാധാരണ മരണമല്ലാ എന്ന്. അതിൽ ഒട്ടനവധി ദുരൂഹതകളുണ്ട് -സാജിദിന്റെ അടുത്ത കുടുംബമായ നിസാം മറുനാടനോട് പ്രതികരിച്ചു.

ഏഴുവർഷം മുൻപാണ് സാജിദ് മരിക്കുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങിനെയാണ് വിവരം ലഭിച്ചത്. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കഹാറിനെ അന്ന് ഉച്ചയ്ക്ക് വർക്കലയിലെ ഓഫീസിൽ സാജിദ് തന്നെയാണ് എത്തിച്ചത്. പിന്നീട് സാജിദിനെകുറിച്ച് വിവരമില്ല. ഇതേ ഓഫീസിന് അകത്തുള്ള കിണറ്റിലാണ് സാജിദിന്റെ ശരീരം കാണപെട്ടത്. ഉച്ചയ്ക്ക് തിരഞ്ഞപ്പോൾ ആ പരിസരത്ത് സാജിദ് ഉണ്ടായിരുന്നു എന്ന സൂചന പോലും ലഭിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാണ് അവിടുത്തെ കിണറ്റിൽ രാത്രി വൈകീട്ട് സാജിന്റെ ശരീരം കാണപ്പെടുന്നത്-നിസാം ചോദിക്കുന്നു. വാഹിദിനെ ഓഫീസിൽ എത്തിച്ച ശേഷം പിന്നീട് പുറത്തു പോവാൻ വിളിച്ചപ്പോൾ സാജിദ് ഫോൺ എടുത്തിരുന്നില്ലാ എന്നാണ് കഹാർ പറഞ്ഞത്. പക്ഷെ രാത്രി എട്ടുമണിക്ക് സാജിദിന്റെ മൃതദേഹം അവിടത്തെ കിണറിൽ നിന്നും കണ്ടുകിട്ടി.

മൂന്നു സെന്റ് പുരയിടത്തിൽ നിന്നും ഒരാളിനെ കാണുന്നില്ല എന്ന് പറയുമ്പോൾ അത് ആദ്യം അവിടെ അന്വേഷിക്കേണ്ടേ? ഉച്ചയ്ക്ക് കാണാത്ത ചെരിപ്പ് രാത്രിയാണ് കിണറിന്റെ കരയിൽ നിന്നും കാണുന്നത്. അതിൽ തന്നെ ദുരൂഹതയില്ലേ? ഒറ്റയ്ക്ക് ഒരാൾക്ക് കീഴടക്കാൻ കഴിയുന്നതിലും വലിയ തടിമിടുക്ക് സാജിദിനുണ്ട്. അതുകൊണ്ട് ഒരാൾക്കൊന്നും സാജിദിനെ അപായപ്പെടുത്താൻ കഴിയില്ല. ഒരു സംഘത്തിന് മാത്രമേ കഴിയൂ. കിണറിൽ ആണ് വീണതെങ്കിലും തലയുടെ പിന്നിലാണ് വലിയ മുറിവ് ഉള്ളത്. ഈ മുറിവാണ് മരണ കാരണമെന്നു പറഞ്ഞത്. പക്ഷെ പരാതി കൊടുത്തെങ്കിലും വലിയ അന്വേഷണം ഈ കാര്യത്തിൽ നടന്നില്ല. പക്ഷെ ഞങ്ങൾ അന്നേ കൊലപാതകം ആണെന്ന സംശയങ്ങൾ നിലനിന്നിരുന്നു. പക്ഷെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല- പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു-നിസാം പറയുന്നു.

ഏഴുവർഷം മുൻപ് നടന്ന ഈ മരണം ഈ കഴിഞ്ഞ ദിവസമാണ് വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കുന്നത്. മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി. ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്.

വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഈ കാര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരാൾ കൊല്ലപ്പെടും എന്ന സന്ദേശം വരുകയും ചെയ്തു. മറുതലയ്ക്കൽ ആരോപണ വിധേയനായ ആൾ കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായ വർക്കല കഹാറുമാണ്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കൊലചെയ്ത ആളുകൾ തന്നെ പറഞ്ഞത് ഗൗരവകരമായ കാര്യമാണ്-ഹഫീസ് മറുനാടനോട് വ്യക്തമാക്കി. ഓരോ കൊലപാതകത്തിലും ഒരു തെളിവ് ബാക്കിയാക്കപ്പെടും. ആ തെളിവാണ് ഒരു സംഭാഷണത്തിന്റെ രൂപത്തിൽ കഹാറിന്റെ അളിയന്റെ ഫോണിൽ നിന്ന് ഹഫീസിന്റെ ഫോണിൽ എത്തിയത്. മരിക്കുമ്പോൾ ഇരുപത്തിനാല് വയസുണ്ടായിരുന്നു സാജിദിന്. ഏഴുവർഷം മുൻപ് ഒരു വെള്ളിയാഴ്ച സാജിദ് വർക്കലയിൽ ജുമാ നമസ്‌കാരം നിർവഹിച്ചു. ഇത് കണ്ടതിനു സാക്ഷികളുണ്ട്. അതിനുശേഷം സാജിദിനെ ദുരൂഹമായ രീതിയിൽ കാണാതാവുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സാജിദിനെ കാണാതായതായി വ്യക്തമാകുന്നത്. അതോടെ സാജിദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങി. അവരപ്പോൾ തന്നെ കഹാറിന്റെ മൂന്നു സെന്ററിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലും പരിസരത്തും അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും സാജിദിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാൽ വൈകീട്ട് ഏഴുമണിയോടെ വർക്കല കഹാറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഇതേ മൂന്നുസെന്റിലെ കിണറിൽ നിന്നാണ് സാജിദിന്റെ ശരീരം കണ്ടെടുക്കുന്നത്. പരിശോധന നടത്തുന്ന സമയത്ത് കാണാത്ത സാജിദിന്റെ ചെരിപ്പ് മൃതദേഹം കണ്ടെടുക്കുമ്പോൾ ആ കിണറ്റിന്റെ സമീപമുണ്ടായിരുന്നു. സാജിദിന്റെ ഫോൺ പരിശോധനയിൽ വിവാഹിതയും അമ്മയുമായ ഒരു സ്ത്രീയോടാണ് ഇയാൾ അവസാനമായി സംസാരിച്ചത്. ഈ കാര്യം ബന്ധുക്കൾ സ്ഥിരീകരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് ആ സ്ത്രീ എന്നാണു ആരോപണം. പക്ഷെ ഈ സ്ത്രീയെകുറിച്ചോ ഫോൺ സംഭാഷണത്തെകുറിച്ചോ കേസ് ഡയറിയിൽ ഇല്ല. ഹഫീസ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പിടിച്ചെടുത്ത രേഖകളിൽ ഈ സ്ത്രീയെ കുറിച്ച് പരാമർശമില്ല.

അപ്പോൾ തന്നെ എന്തൊക്കെയോ ദുരൂഹതകൾ ഈ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു എന്ന് സംശയങ്ങൾ ഉയരുന്നു. ഒന്നാമത് ഒരു രാഷ്ട്രീയ നേതാവിന്റെ മകൾ, രണ്ടാമത് അവർക്ക് സാജിദുമായി ഉണ്ടെന്നു ആരോപിക്കപ്പെടുന്ന ബന്ധം, മൂന്നാമത് ദുരൂഹമായ സാഹചര്യത്തിലുള്ള സാജിദിന്റെ മരണം. മറ്റു പല കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കണം. വർക്കല കഹാർ എംഎൽഎയായി തുടരുന്നു. എംഎൽഎയുടെ വീട്ടിലെ കിണറ്റിൽ നിന്ന് രാത്രിയാണ് സാജിദിന്റെ ശരീരം കണ്ടെടുക്കുന്നത്. ഉച്ചയ്ക്ക് കാണാത്ത മൃതദേഹം രാത്രി എങ്ങിനെ കിണറ്റിൽ കാണപ്പെട്ടു. അപ്പോൾ ഭരണം യുഡിഎഫ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഹാർ ആണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഉറ്റ അനുയായി. ബന്ധുക്കൾ അന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. കാര്യമായ അന്വേഷണം നടന്നതുമില്ല. അന്ന് സാജിദിന്റെ ബന്ധുക്കൾ കൊലപാതകമെന്ന് സംശയിച്ചതാണ് ഇപ്പോൾ വർക്കല കഹാറിന്റെ അളിയൻ കൊലപാതകം തന്നെയാണെന്ന് വിളിച്ചു പറയുന്നത്.

ആ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ, ആ ധൈര്യത്തിൽ വേറൊരു കൊലപാതകം നടത്തും എന്നാണ് കഹാറിന്റെ അളിയൻ മൂസ പറയുന്നത്. നിയമസംവിധാനം നോക്കുകുത്തിയല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയ ഹഫീസ് വ്യക്തമാക്കുന്നത്. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോൾ ശക്തമായി തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP