Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിശ്വസിച്ച് വാങ്ങുന്ന ബ്രാൻഡഡ് അരി ഒറിജിനൽ തന്നെയാണോ? ട്രാൻസ് കമ്പനിയുടെ പേരിൽ വ്യാജ ബിരിയാണി അരി കേരളത്തിലേക്ക് ഒഴുകിയത് ആരറിഞ്ഞു? വ്യാജനെ പുറത്തിറക്കിയ മില്ലുടമയെ കൊൽക്കത്തിയിലെത്തി പൊക്കി വടകര പൊലീസ്; ബഹ്‌റാൻപൂരിലെ മില്ലുടമ കിരോൺ മാലിക്ക് കിലോയ്ക്ക് 55 രൂപയ്ക്ക് കിട്ടുന്ന അരി അയച്ചിരുന്നത് ട്രാൻസ് ബ്രാൻഡ് നെയിമിൽ; അന്വേഷണം കൊൽക്കത്തയിലേക്ക് നീങ്ങിയത് പേരാമ്പ്രയിലെ കല്യാണ വീട്ടിൽ പാചകത്തിനിടെ കിട്ടിയ തുമ്പിൽ നിന്ന്

വിശ്വസിച്ച് വാങ്ങുന്ന ബ്രാൻഡഡ് അരി ഒറിജിനൽ തന്നെയാണോ? ട്രാൻസ് കമ്പനിയുടെ പേരിൽ വ്യാജ ബിരിയാണി അരി കേരളത്തിലേക്ക് ഒഴുകിയത് ആരറിഞ്ഞു? വ്യാജനെ പുറത്തിറക്കിയ മില്ലുടമയെ കൊൽക്കത്തിയിലെത്തി പൊക്കി വടകര പൊലീസ്; ബഹ്‌റാൻപൂരിലെ മില്ലുടമ കിരോൺ മാലിക്ക് കിലോയ്ക്ക് 55 രൂപയ്ക്ക് കിട്ടുന്ന അരി അയച്ചിരുന്നത് ട്രാൻസ് ബ്രാൻഡ് നെയിമിൽ; അന്വേഷണം കൊൽക്കത്തയിലേക്ക് നീങ്ങിയത് പേരാമ്പ്രയിലെ കല്യാണ വീട്ടിൽ പാചകത്തിനിടെ കിട്ടിയ തുമ്പിൽ നിന്ന്

കെ വി നിരഞ്ജൻ

കോഴിക്കോട്: വിവിധ കമ്പനികളുടെ ബ്രാൻഡ് നെയിമിൽ വിപണിയിലെത്തുന്ന അരി പോലും വിശ്വസിച്ച് വാങ്ങുവാൻ കഴിയില്ലെന്ന് വർത്തമാനകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ട്രാൻസ് കമ്പനിയുടെ പേരിൽ വ്യാജ ബിരിയാണി അരി കേരളത്തിലേക്കയച്ചിരുന്ന മില്ലുടമയെ പൊലീസ് കൊൽക്കത്തയിലെത്തി അറസ്റ്റു ചെയ്തു. കൊൽക്കത്ത ശ്യാംസുന്ദർ ബഹ്‌റാൻപൂർ വില്ലേജിലെ കിരോൺ മല്ലിക്(20) നെയാണ് വടകര കൺട്രോൾ റൂം സി ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊൽക്കത്തയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഇയാളെ പൊലീസ് വടകരയിലേക്ക് കൊണ്ടു വന്നു.കൊൽക്കത്ത ഇൻഡാസിൽ പ്രവർത്തിക്കുന്ന ഹൈടെക് അഗ്രോ പ്രൊഡക്റ്റ്‌സ് കമ്പനിയുടെ പാർട്ണർ ആണ് ബിബിഎ വിദ്യാർത്ഥി കൂടിയായ കിരോൺ മല്ലിക്. ഇയാളുടെ അച്ഛൻ സാക്കിർ മല്ലിക് 'റോസ്' ബ്രാന്റിന്റെ വ്യാജ അരി മാർക്കറ്റിലിറക്കിയതിന് മുമ്പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം പതിനാലിനാണ് വടകരക്കടുത്തുള്ള വള്ളിക്കാട്ടെ ദിൽന ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ റെയ്ഡ് നടന്നത്. ഇവിടെ നിന്ന് 65 ചാക്ക് ട്രാൻസ് കമ്പനിയുടെ അരി പിടിച്ചെടുത്തു.

തുടർന്ന് നടന്ന പരിശോധനയിൽ ഈ അരി ട്രാൻസ് കമ്പനിയുടെ പേരിൽ ഇറക്കിയ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണമാണ് കൊൽക്കത്തയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊലീസ് കൊൽക്കത്തയിലെത്തി വ്യാജ ബ്രാന്റിൽ അരി മാർക്കറ്റിലിറക്കുന്ന സ്ഥാപനത്തിന്റെ പാർട്ണറെ പിടികൂടുകയും ചെയ്തു.ദിൽന ട്രേഡേഴ്‌സിൽ പരിശോധന നടത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഉടമ അഴിയൂർ പറമ്പത്ത് കാളാണ്ടി വീട്ടിൽ ആര്യാലയം പ്രകാശനും ഭാര്യ പ്രജിലക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ പ്രകാശൻ മുൻകൂർ ജാമ്യം നേടുകയുണ്ടായി. പ്രകാശനിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് സ്വദേശിയായി മുജീബുർ റഹ്മാനാണ് അരിയുടെ മൊത്ത വിതരണക്കാരനെന്നും കൊൽക്കത്തയിൽ നിന്നാണ് അരി കൊണ്ടു വരുന്നതെന്നും മനസ്സിലായി. തുടർന്നാണ് കൺട്രോൺ റൂം സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചത്.

കൊൽക്കത്ത ബർദ്വാനിലുള്ള ന്യൂ ഹൈടെക് അഗ്രോ പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ബില്ല് ഇതിനിടെ പൊലീസിന് ലഭിച്ചിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ഇൻഡാസിലെ ഹൈടെക് അഗ്രോ പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിൽ വച്ചാണ് വ്യാജ അരി പാക്ക് ചെയ്ത് വിപണിയിലിറക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് കിരോൺ മല്ലിക്കിനെ അറസ്റ്റ് ചെയ്തത്. കിലോവിന് 55 രൂപക്ക് ട്രാൻസിന്റെ പേരിലുള്ള വ്യാജ അരി ഇവിടെ നിന്നും ലഭിക്കും. അഞ്ച് രൂപ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ് കഴിച്ചാൽ കിലോവിന് ഇരുപത് രൂപയോളം ലഭിക്കും.

പേരാമ്പ്രയിലെ ഒരു കല്ല്യാണ വീട്ടിലുണ്ടായ സംഭവങ്ങളാണ് വലിയൊരു തട്ടിപ്പിലേക്ക് വിരൽ ചൂണ്ടിയത്. ഇവിടെ ഭക്ഷണം പാകം ചെയ്തപ്പോൾ ബിരിയാണിക്ക് രസം കുറവായിരുന്നു. അരിക്ക് തീരെ ഗുണനിലവാരമില്ലെന്ന് പാചകക്കാർക്ക് മനസ്സിലായി. ട്രാൻസ് കമ്പനിയുടെ അരിയുടെ പേരിൽ വ്യാജനാണ് ലഭിച്ചതെന്ന സംശയം ബലപ്പെട്ടതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണമാണ് വടകര വള്ളിക്കാട്ടെ ദിൽന ട്രേഡേഴ്സിലേക്കും അവിടെ നിന്ന് കോഴിക്കോട്ടെ മൊത്ത വിതരണക്കാരനിലേക്കും അവിടെ നിന്ന് കൊൽക്കത്തയിലെ മില്ലിലേക്കും അന്വേഷണം എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP