Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉതുപ്പ് സുഖമായി കഴിയുന്നത് യുഎഇയിൽ; റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയുടെ ഒളിത്താവളം ചോദിച്ചറിഞ്ഞ് സുപ്രീംകോടതി; ജാമ്യ ഹർജിയിൽ വാദത്തിന് മുതിർന്ന അഭിഭാഷകനെ എത്തിക്കാൻ നീക്കം

ഉതുപ്പ് സുഖമായി കഴിയുന്നത് യുഎഇയിൽ; റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയുടെ ഒളിത്താവളം ചോദിച്ചറിഞ്ഞ് സുപ്രീംകോടതി; ജാമ്യ ഹർജിയിൽ വാദത്തിന് മുതിർന്ന അഭിഭാഷകനെ എത്തിക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പു സംബന്ധിച്ച് സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതി ഉതുപ്പ് വർഗീസ് ഒളിവിൽ കഴിയുന്നത് യുഎഇയിൽ തന്നെ. സുപ്രീംകോടതിയിലാണ് ഉതുപ്പിന്റെ അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്. ഇതോടെ കുവൈത്തിൽ നിന്ന് ഉതുപ്പ് കടന്നുവെന്നും വ്യക്തമാക്കി. ഉതുപ്പിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്കു മാറ്റിയിട്ടുണ്. ജഡ്ജിമാരായ മദൻ ബി. ലൊക്കൂർ, എസ്.എ. ബോബ്‌ഡെ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

ഹർജി ഹൈക്കോടതി തള്ളിയതിനാലാണ് ഉതുപ്പ് വർഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ, കക്ഷി ഇപ്പോൾ എവിടെയാണെന്നു കോടതി ചോദിച്ചു. യുഎഇയിലാണെന്ന് അഭിഭാഷകർ മറുപടി നൽകി. മുതിർന്ന അഭിഭാഷകനു ഹാജരാകാനെന്നോണം കേസ് പരിഗണിക്കുന്നതു മാറ്റാൻ അഭിഭാഷകർ അഭ്യർത്ഥിച്ചു. തുടർന്നാണ് നാലാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്. ഹർജിക്കാരനുവേണ്ടി നിഷേ രാജൻ ശങ്കറും എം.ആർ. അഭിലാഷും ഹാജരായി. കേസ് അന്വേഷിക്കുന്ന സിബിഐ, ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനായി റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യ ഹർജിയുമായി ഉതുപ്പ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ തന്നെ കേസിൽ ഹാജരാക്കിപ്പിക്കാനാണ് ശ്രമം.

ഇന്റർപോളിന്റെ നോട്ടീസ് ഇറങ്ങിയതോടെ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉള്ള ഏത് രാജ്യത്തിനും ഉതുപ്പിനെ പിടികൂടി നൽകാം. ഈ സാഹചര്യത്തിൽ യുഎഇയിലെ രഹസ്യകേന്ദ്രത്തിലാണ് ഉതുപ്പ് ഉള്ളത്. റിക്രൂട്ട്‌മെന്റ് വിവാദം പുറത്തുവരുമ്പോൾ കുവൈത്തിലാണ് ഉതുപ്പ് ഉണ്ടായിരുന്നത്. ഇത് ഫോട്ടോകൾ സഹിതം മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. ഇതിനിടെയിൽ കുവൈത്തിലെ ഉതുപ്പിന്റെ താവളങ്ങൾ പുറം ലോകം അറിയുകയും ചെയ്തു. അബുദാബിയിലാണ് ഉതുപ്പിന്റെ ഭാര്യയും മക്കളുമുള്ളത്. കുവൈത്തിലെ നേഴ്‌സുമാരിൽ നിന്ന് കിട്ടാവുന്നിടത്തോളം തുക ശേഖരിച്ച് അവിടെ നിന്ന് ഉതുപ്പ് അബുദാബിയിലേക്ക് മാറിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിനുള്ള സാധ്യതയും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിലും സിബിഐ എതിർക്കുകയാണ്. റിക്രൂട്ട്‌മെന്റെ തട്ടിപ്പിലെ കൂടുതൽ തെളിവ് പുറത്തുവരാൻ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സുപ്രീംകോടതിയേയും സിബിഐ അറിയിക്കും. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള ഉതുപ്പിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയതെന്നും വാദിക്കും. പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് സുപ്രീംകോടതിയെ ജാമ്യഹർജിയുമായി സമീപിച്ചതെന്ന വാദവും സുപ്രീംകോടതിയിൽ സിബിഐ വിശദീകരിക്കും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവിൽ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്. സിബിഐയുടെ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനെ പിടികിട്ടാപ്പുളിയുടെ പട്ടികയിൽപ്പെടുത്തിയിരുന്നു.

സുപ്രീംകോടതി ജാമ്യം അനുവദിച്ചാലും ഉതുപ്പ് കീഴടങ്ങില്ലെന്നും സൂചനയുണ്ട്. കുവൈത്തിലോ ദുബായിലോ ആണ് അയാൾ ഇപ്പോഴുള്ളത്. ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് വന്നതിനാൽ പുറത്തിറങ്ങിയാൽ പിടിവീഴും. വിമാനത്താവളങ്ങൾ ഉപയോഗിക്കാനും കഴിയുന്നില്ല. യുഎഇയും കുവൈത്തുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറൽ കരാറുമുണ്ട്. ഈ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്ത രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾക്ക് റെഡ് കോർണ്ണർ നോട്ടീസ് തടസ്സമാണ്. ജാമ്യമെടുത്ത് അതുവഴി, കുവൈത്തും യുഎഇയും വിടാൻ നീക്കം. കുവൈത്തിലുള്ള നേഴ്‌സുമാരുടെ കൈയിൽ നിന്ന് പരിച്ച കോടികളുമായാണ് ഉതുപ്പ് ഇപ്പോഴും കഴിയുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ ഉതുപ്പ് എന്തു നടപടിയും ചെയ്യുമെന്നാണ് സൂചന. റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ ഉതുപ്പിനെതിരെ വ്യക്തമായ തെളിവ് സിബിഐക്ക് കിട്ടിയെന്ന തിരിച്ചറിവാണ് ഇതിനൊക്കെ കാരണം.

നാട്ടിലെത്തിയാൽ തട്ടിപ്പിനിരയായ നേഴ്‌സുമാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഈ ഭയം കൂടിക്കണക്കിലെടുത്താണ് നാട്ടിൽ മടങ്ങിയെത്താതിരിക്കാൻ ഉതുപ്പ് ശ്രമിക്കുന്നത്. അൽസറഫ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസ് മൂന്നൂറ് കോടി സമ്പാദിച്ചു എന്നാണ് കേസ്. ഉതുപ്പ് വർഗീസിനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഏതുരാജ്യത്തെ പൊലീസിനും ഉതുപ്പിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാകും. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളുള്ളത്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് അൽസറാഫ എന്ന റിക്രൂട്ടിങ് ഏജൻസി വഴി 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കി ഇന്റർപോൾ റെഡ് കോർ!ണർ നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ കണ്ടെടുത്ത രണ്ടു പാസ്‌പോർട്ടുകളിൽ ഉതുപ്പ് വർഗീസിന്റെ പേര് രണ്ടു രീതിയിൽ രേഖപ്പെടുത്തിയതിനാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള സിബിഐ ശ്രമം മുന്പ് പാളിയിരുന്നു. ഈ പ്രശ്‌നം പരിഹരിച്ച് സിബിഐ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉതുപ്പിനെതിരെ ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP