Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം

മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്രകൊലക്കേസിലെ മുഖ്യ പ്രതി സൂരജിന്റേയും കുടുംബാഗങ്ങളുടേയും നീക്കമെല്ലാം നിയമോപദേശത്തിന്റെ പിൻബലത്തിലെന്ന് സൂചന. മൂർഖനെ സൂരജിന് നൽകിയതിന് വ്യക്തമായ തെളിവുണ്ട്. ഉത്രയുടെ പാമ്പു കടിയുടെ ശാസ്ത്രീയ തെളിവുകളും പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നിട്ടും പരസ്യമായി സൂരജ് പൊലീസിനെ കുറ്റപ്പെടുത്തുന്നതിന് കാരണം അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്നാണ് സൂചന. ഇതിനുള്ള തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. ഉത്രയുടെ മരണത്തിന് ശേഷം കുട്ടിയെ സ്വന്തമാക്കിയതുൾപ്പെടെ ഇത്തരം ഉപദേശത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

അതിനിടെ പൊലീസിന്റെയും ഉത്രയുടെയുടെയും സംശയങ്ങൾ ബലം നൽകുന്ന മൊഴിയാണ് സൂരജ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഉത്രക്ക് ഉറങ്ങുന്നതിന് മുൻപ് ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നാണ് സൂരജ് നൽകിയ മൊഴി. മാർച്ച് രണ്ടിന് സൂരജിന്റെ അടൂരുള്ള വീട്ടിൽ വെച്ച് ആദ്യമായി പാമ്പ് കടിയേറ്റ ദിവസം സൂരജിന്റെ അമ്മ രേണുക ഉണ്ടാക്കിയ പായസത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നും അതിന് ശേഷം രാത്രി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചുവെന്നുമാണ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴി. അണലിയെ പ്രകോപിപ്പിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്നും സൂരജ് സമ്മതിച്ചു. ഈ മൊഴികളിൽ വലിയ ഗൂഢാലോചനയാണ് തെളിയുന്നത്. വെറും സാധാരണ ദിവസമാണ് മാർച്ച് രണ്ട്. ഈ ദിവസം എന്തിന് സൂരജിന്റെ വീട്ടിൽ പാമ്പു വച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.

ഉത്രയെ വിഷം കുടുപ്പിക്കാനുള്ള തന്ത്രമായി ഈ പായസം വയ്ക്കലിനെ വിലയിരുത്തുന്നുണ്ട്. അതായത് മകന്റെ ഭാര്യയെ മയക്കു മരുന്ന് കൊടുത്ത് മയക്കി പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള നീക്കത്തിൽ കുടുംബത്തിലെ ചിലർക്കും പങ്കുണ്ടെന്ന സംശയമാണ് സജീവമാകുന്നത്. സൂരജിന്റെ അമ്മയാണ് പായസം ഉണ്ടാക്കിയത്. ഇതോടെ സംശയം അമ്മയുടെ മേലും എത്തുകയാണ്. മകന് വിഷം കലക്കി കൊടുക്കാൻ വേണ്ടി അമ്മ മനപ്പൂർവ്വം പായസം വച്ചുവെന്ന സംശയമാണ് സജീവമാകുന്നത്. ഉത്രയെ കൊലപ്പെടുത്താനായി ഭാര്യ വീട്ടിൽ ജ്യൂസുണ്ടാക്കിയതും സൂരജായിരുന്നു. അതിന് ശേഷം സ്‌നേഹം നടിച്ച് തന്റെ ജ്യൂസ് പോലും ഉത്രയ്ക്ക് നൽകുകയായിരുന്നു സൂരജ്. ഇതെല്ലാം വ്യക്തമായ പ്ലാനിന്റെ ഭാഗമാണ്. ഇതിന് വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

മെയ് ആറിന് രാത്രി ഉത്രയുടെ വീട്ടിൽ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് പൊടിച്ചു ചേർത്ത് നൽകിയെന്നാണ് സൂരജ് മൊഴി നൽകിയിരിക്കുന്നത്. ഇത്തവണ മരുന്നിന്റെ ഡോസ് കൂട്ടിയാണ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് എറിയും മുൻപ് നൽകിയത്. ഉത്ര ഉറങ്ങിയെന്ന് ബോധ്യമായതോടെ അഞ്ച് വയസുള്ള മൂർഖനെ കൊണ്ടാണ് സൂരജ് ഉത്രയെ കടിപ്പിച്ചത്. സൂരജ് മരുന്ന് വാങ്ങിയ കടയിൽ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. സൂരജും സുരേഷും പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംഗ്ഷനിലുള്ള പെട്ടിക്കടയ്ക്ക് സമീപത്ത് വച്ചായിരുന്നു. ഏപ്രിൽ 24 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ബൈക്കിൽ എത്തിയ സൂരജിന് സ്‌കൂട്ടറിൽ എത്തിയ സുരേഷ് പാമ്പിനെ കൈമാറി. ലോക്ക്ഡൗണിൽ കടയടച്ചിരുന്നതിനാൽ ഇവിടുത്തെ നിരീക്ഷണ ക്യാമറ പ്രവർത്തിക്കാതിരുന്നതിനാൽ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടില്ല.

അതേസമയം മകൾ ഭർത്തൃവീട്ടിൽ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങൾ നേരിട്ടെങ്കിലും വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാൽ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. മയക്കുമരുന്നോ മറ്റോ നൽകിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സൂരജ് തന്നെ മയക്കുമരുന്ന് വിവരം പറയുന്നത്. ഉത്രയുടെആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാലേ ഇനി പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങൂ.

ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡി.എൻ.എ. പരിശോധനയും നടത്തും. ഒരുവർഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാർച്ച് 26-നായിരുന്നു വിവാഹം. മാസങ്ങൾക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾ തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീധനമായി ലഭിച്ച 96 പവൻ, അഞ്ചുലക്ഷം രൂപ, കാർ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനൽകേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പൊലീസ് ഭാഷ്യം.

സൂരജിനെ രക്ഷിക്കാൻ മാതാവ് നിരത്തിയ ന്യായവാദങ്ങൾ കള്ളമാണെന്നും പൊലീസ് കരുതുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതൽ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും തെളിവെടുപ്പിനായി പറക്കോട്ടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി തെളിവെടുപ്പിന് എത്തിയത്.

പ്രതിയെ കാത്ത് നൂറുകണക്കിനാളുകളാണ് വീടിന് പുറത്ത് തമ്പടിച്ചിരുന്നത്. വീടിന്റെ മുൻവശത്തെ വാതിലിലൂടെയാണ് പ്രതികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടിൽ ഉത്ര അണലിലെ കണ്ട ഭാഗം സൂരജ് അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. താൻ മൊബൈൽ എടുത്തു കൊണ്ട് വരാൻ പറഞ്ഞതിനെ തുടർന്ന് ഉത്ര ഒന്നാം നിലയിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത് എന്ന് സൂരജ് വിശദീകരിച്ചു. ഉത്രയെ കൊല്ലുന്നതിനായി ആദ്യ തവണ അണലിയെ സൂക്ഷിച്ച വിറകുപുരയിലേക്കാണ് പിന്നീട് പ്രതിയെ കൊണ്ടു പോയത്. അതിന് ശേഷം പടിക്കെട്ട് കയറ്റി സൂരജിനെ ഒന്നാം നിലയിലെ സ്വന്തം മുറിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് ഉത്രയെ കടിച്ച അണലിയെ ചാക്കിലാക്കിയത്. എന്നിട്ട്, ടെറസിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞു. പാമ്പ് പോയി വീണ ഭാഗവും സൂരജ് പൊലീസിന് കാണിച്ചു കൊടുത്തു. ഒന്നാം നിലയിലെ മുറിയിലെ തെളിവെടുപ്പും ചോദ്യം ചെയ്യലും അര മണിക്കൂറോളം നീണ്ടു നിന്നു. വീടിന്റെ പരിസരവും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിച്ച് മഹസർ തയാറാക്കി.

അടുക്കള വഴിയാണ് പാമ്പിനെ എറിഞ്ഞു കളഞ്ഞ സ്ഥലം കാണിച്ചു കൊടുക്കാൻ കൊണ്ടു പോയത്. തുടർന്ന് അതേ വഴി തന്നെ തിരിച്ച് ഹാളിൽ എത്തിച്ചു. ഈ സമയത്ത് അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിൽ എത്തി. ഇവിടെ വച്ചാണ് കുഞ്ഞിനെ ചോദിച്ച് സൂരജ് പൊട്ടിക്കരഞ്ഞത്. നടപടികൾ പൂർത്തിയാക്കി തിരികെ ജീപ്പിലേക്ക് കയറ്റിയ സമയത്ത് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. മടക്കയാത്രയിൽ സൂരജ് ജോലി ചെയ്തിരുന്ന അടൂരിലുള്ള സ്വകാര്യ സ്ഥാപനത്തിന് സമീപം വാഹനം നിർത്തി സമീപത്തെ കടമുറികളും മറ്റും അന്വേഷണ സംഘം നിരീക്ഷിച്ചു. പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് പത്തരയോടെ ഉത്രയെ കടിപ്പിച്ച പാമ്പിനെ കൈമാറിയ ഏനാത്തും പൊലീസ് തെളിവെടുത്തിരുന്നു. സുരക്ഷ കണക്കിലെടുത്തുകൊല്ലം റൂറൽ എസ്‌പി. ഹരിശങ്കറിന്റെ സ്ട്രൈക്കിങ് ഫോഴ്സ് പ്രതികൾ സഞ്ചരിച്ച വാഹനത്തെ അനുഗമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP