Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത

അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതിൽ നിർണായക വെളിപ്പെടുത്തലുകൾ. അടൂരിലെ വീട്ടിലെ സ്റ്റെയർകെയ്‌സിൽ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താൻ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. പാമ്പുപിടുത്തക്കാരൻ സുരേഷാണ് അണലിയെ വീട്ടിൽ എത്തിച്ച് നൽകിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്പ് ചാക്കിൽ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് സൂരജുതന്നെ അന്ന് അണലിയെ ചാക്കിലാക്കി. ഇതോടെ അണലി എത്തിയ വഴി അമ്മയ്ക്കും സഹോദരിക്കും അറിയാമെന്ന് വ്യക്തമാവുകയാണ്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാകും.

വിറകുപുരയിൽ ഒളിപ്പിച്ചുവച്ച അണലിയെ വീടിന്റെ സ്റ്റെയർകെയ്‌സിൽ കൊണ്ടിടുകയായിരുന്നു. ടൈൽസ് ഇട്ട സ്റ്റെയർകെയ്‌സ് ആയതിനാൽ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയിൽ നിന്നും മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാൻ പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചത്. ഉടൻ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയിൽ കൊത്തിച്ചത്. അന്ന് ഉത്ര മരിക്കുമെന്നായിരുന്നു കരുതിയത്. ഇത് നടക്കാതെ പോയതോടെ അണലിക്ക് പകരം മൂർഖനെ തേടി. ഉത്ര കൊല്ലപ്പെട്ട ശേഷം സുരേഷിനെ വിളിച്ച് താൻ പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് പറയുകയും ചെയ്തു.

തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സഹോദരിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോൺ വിളിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകേണ്ട സാദ്ധ്യതകൾ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാൽ മതിയായ തെളിവുകൾ ലഭ്യമായശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. സഹോദരിയെ കേസിൽ രണ്ടാം പ്രതിയാക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. അണലി കടിച്ച ദിവസം വീട്ടിൽ അമ്മ പായസം വച്ചിരുന്നു. ഈ പായസത്തിൽ മയക്ക് ഗുളിക കലർത്തി നൽകിയത് പൊലീസിന് ബോധ്യമായിട്ടുണ്ട്.

ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് വേദനിപ്പിച്ചാണ് കൊത്തിച്ചതെന്ന് സൂരജ് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൂരജിന്റെ സഹോദരിയുടെ ഇടപെടലിൽ നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. സൂരജിനെ ഒളിപ്പിച്ച് താമസിപ്പിച്ചതിന് പിന്നിലെല്ലാം കളിച്ചത് സഹോദരിയായിരുന്നു. പൊലീസ് ഇക്കാര്യം അറിയാതിരിക്കാൻ ഇന്റർനെറ്റ് കോൾ വരെ ഇവർ ഉപയോഗിച്ചിരുന്നു. സൂരജിന്റെയും സഹോദരിയുടെയും വാട്സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാൻ ഫോറൻസിക് ലാബിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ട ശേഷം സൂരജ് ആദ്യം ഫോൺ ചെയ്തത് പാമ്പുപിടിത്തക്കാരനായ സുരേഷിനെയാണ്. സുഹൃത്ത് എൽദോയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കൊലയ്ക്ക് ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് കോൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരം അടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.

അഭിഭാഷകൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് ആദ്യം മൊഴി നൽകിയത്. എന്നാൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ യഥാർത്ഥ വിവരങ്ങൾ പറയുകയായിരുന്നു. അതേസമയം സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഉത്രയുടെ വീട്ടുകാർക്കെതിരെ നൽകിയ പരാതിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഉത്രയുടെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ഉത്രയുടെ അച്ഛനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കാനും സൂരജ് ശ്രമിച്ചിരുന്നു. അമ്മയെ കെട്ടിയിട്ടെന്നും മർദ്ദിച്ചെന്നുമായിരുന്നു പരാതി. ഇതിന് പിന്നിലും സഹോദരിയുടെ ബുദ്ധിയുണ്ട്.

കൊലപാതകം മൂടിവയ്ക്കാനും സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്.ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങൾ മടക്കിനൽകണമെന്ന് മെയ്‌ 14ന് വൈകിട്ട് അഞ്ചലിലെ വീട്ടിൽ വച്ച് സൂരജിനോടും അമ്മ രേണുകയോടും ഉത്രയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സാദ്ധ്യമല്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കി. ഇതിനിടെ മോഹാലസ്യപ്പെട്ടത് പോലെ രേണുക വീണു. ഉത്രയുടെ അച്ഛനും സഹോദരനും സൂരജും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും അഡ്‌മിറ്റ് ചെയ്യണമെന്ന് സൂരജ് വാശിപിടിച്ചു. സാദ്ധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യണമെന്നായി. ഇതിനും ഡോക്ടർ തയ്യാറായില്ല.

ഇതിനിടെ, രേണുകയെ ഉത്രയുടെ വീട്ടിൽ കെട്ടിയിട്ടിരിക്കുന്നതായി സൂരജ് അടൂരിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഏഴംഗ സംഘം ജീപ്പിൽ ഉത്രയുടെ വീട്ടിലെത്തിയപ്പോൾ സൂരജ് പറഞ്ഞത് കളവെന്ന് മനസിലായി. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ സൂരജിന്റെ നിർദ്ദേശ പ്രകാരം ഡോക്ടറെ കണ്ട് ഡിസ്ചാർജ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകം. ഇതിനുശേഷമാണ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവിനും ജോലിക്കാരനുമെതിരെ അഞ്ചൽ പൊലീസിൽ സൂരജ് പരാതി നൽകിയത്. അന്ന് പൊലീസ് ഉത്രയുടെ വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തിയിരുന്നു. ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഈ സമയത്തെ ഫോൺ പരിശോധനയുടെ നിർണ്ണായകമാകും.

സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി നീട്ടിയത്. മെയ് 25നാണ് പുനലൂർ കോടതി പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. സൂരജിനെ ചോദ്യം ചെയ്തതിൽ നിന്ന് പല സുപ്രധാന വിവരങ്ങളും ലഭിച്ചതായി പൊലീസ് പറയുന്നു. ഇനിയും നിരവധി കാര്യങ്ങൾ സൂരജ് മറച്ചുവെക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതാണ് കസ്റ്റഡി കാലാവധി നീട്ടി നൽകാൻ കാരണം.

അടൂരിലെ മരുന്നുകടയിൽ നിന്ന് സൂരജ് വാങ്ങിയ ഉറക്കഗുളികകുടെ ബാച്ച് നമ്പർ തന്നെ സൂരജിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് ഉറക്ക ഗുളിക നൽകിയതായി ഇതോടെ ഉറപ്പായിരിക്കുകയാണ്. വൻ തുകയ്ക്ക് പോളിസി എടുത്തതായുള്ള സംശയങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സമാനമായ രണ്ട് കേസുകൾ മഹാരാഷ്ട്രയിൽ നടന്നതായി പൊലീസ് കണ്ടെത്തി. ഇക്കാര്യത്തിലും അന്വേഷണം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP