Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ചു ചേർത്തു; അന്ന് രാത്രി ഭാര്യ വീട്ടിൽ മരുമകൻ ജ്യൂസ് ഉണ്ടാക്കിയത് വെറുതെയല്ല; സ്‌നേഹം നടിച്ച് സ്വന്തം ജ്യൂസ് ഭാര്യയെ കൊണ്ട് കുടുപ്പിച്ചതും ചതിയുടെ ഭാഗം; ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയെന്ന് സൂരജിന്റെ കുറ്റസമ്മതം; ഗുളിക നൽകിയത് സമ്മതിച്ച് മെഡിക്കൽ സ്റ്റോർ ഉടമയും; ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ചു ചേർത്തു; അന്ന് രാത്രി ഭാര്യ വീട്ടിൽ മരുമകൻ ജ്യൂസ് ഉണ്ടാക്കിയത് വെറുതെയല്ല; സ്‌നേഹം നടിച്ച് സ്വന്തം ജ്യൂസ് ഭാര്യയെ കൊണ്ട് കുടുപ്പിച്ചതും ചതിയുടെ ഭാഗം; ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയെന്ന് സൂരജിന്റെ കുറ്റസമ്മതം; ഗുളിക നൽകിയത് സമ്മതിച്ച് മെഡിക്കൽ സ്റ്റോർ ഉടമയും; ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ഉത്ര കൊലപാതക കേസിൽ ഭർത്താവ് സൂരജിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നൽകിയിരുന്നതായി സൂരജ് പൊലീസിന് മൊഴി നൽകി. പാമ്പനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപായിരുന്നു ഇത്. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലർത്തി നൽകിയത്. ഇതോടെ ഉത്രയുടെ ആന്തരിക അവയവങ്ങളുടെ ആന്തരിക പരിശോധനാ ഫലം നിർണ്ണായകമാകും. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നാണ് പൊലീസ് നിഗമനം. 

ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നൽകിയിരുന്നെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്. ആദ്യ തവണ അണലി കടിച്ചപ്പോൾ ഉത്ര എന്തുക്കൊണ്ട് ഉറക്കത്തിൽ നിന്ന് ഉണർന്നില്ലെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഉറക്ക ഗുളിക നൽകിയിരുന്നെന്നാണ് സൂരജ് പറയുന്നത്. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം മൊഴി നൽകിയത്. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടിൽ സ്റ്റെയർകെയ്‌സിന്റെ പടികളിൽ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പൊലീസിനു നൽകിയ മൊഴി. ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഏതായാലും ആന്തരിക പരിശോധനാ ഫലം ഇനി നിർണ്ണായകമാകും.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയതായാണ് സൂരജിന്റെ മൊഴി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തിൽ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി.

മാർച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തിൽ മെയ്‌ ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂർഖനെ ശരീരത്തിലേക്ക് എറിയും മുൻപ് ഗുളിക ചേർത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസിൽ മരുന്ന് പൊടിച്ചു ചേർത്തത്.

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ചു ചേർക്കുകയായിരുന്നു. ഇതിന്റെ മയക്കത്തിൽ ഉത്ര നന്നായി ഉറങ്ങി. 5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് സൂരജ് മരുന്നുകൾ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. മരുന്ന് നൽകിയ വിവരങ്ങൾ കട ഉടമ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതും സൂരജിനെ കുടുക്കാൻ പോന്ന തെളിവാണ്.

മാർച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നുമാണു സൂരജ് നൽകിയ മൊഴി. എന്നാൽ പുലർച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കൾ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു. ഇതിന് ശേഷം കൂടുതൽ കരുതലോടെ സൂരജ് നീങ്ങി. ഈ ചികിൽസയുടെ ഭാഗമായി 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു.

സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുൻപേ എത്തി. രാത്രി സൂരജ് എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയിൽ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുൻപു തല വേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചിരുന്നു. ഇതും മയക്കുമരുന്ന് ഗൂളികയാകാനുള്ള സാധ്യതയുണ്ട്. ഉത്രയെ പാമ്പ് കടിച്ചെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ആ രാത്രി മുഴുവൻ സൂരജ് അതേ മുറിയിൽ കഴിഞ്ഞു.

ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോൾ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേർന്ന് മകളെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ഛൻ വിജയസേനൻ പറഞ്ഞു. വിവാഹ സമ്മാനമായി പണവും സ്വർണവും നൽകിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നൽകി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു. ഇതൊന്നും മതിയാവാതെയായിരുന്നു ഉത്രയെ സൂരജ് വകവരുത്തിയത്. മകൾ ഭർത്തൃവീട്ടിൽ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങൾ നേരിട്ടെങ്കിലും വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാൽ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

2018 മാർച്ച് 26-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾ തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീധനമായി ലഭിച്ച 96 പവൻ, അഞ്ചുലക്ഷം രൂപ, കാർ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനൽകേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പൊലീസ് ഭാഷ്യം. അതേസമയം താൻ നിരപരാധിയാണെന്ന് സൂരജ് മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ഉണ്ടായി.

പാമ്പിനെ കൊണ്ടുചെന്നുവെന്ന് പറഞ്ഞ് പൊലീസ് കണ്ടെടുത്ത കുപ്പി അവർ തന്നെ കൊണ്ടിട്ടതാണെന്നും സൂരജ് ആരോപിച്ചു. അതിൽ തന്റെ കൈവരിൽ അടയാളം ബലമായി പതിപ്പിക്കുകയും ചെയ്തതായിട്ടാണ് സൂരജിന്റെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP