Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമൂർഖൻ രണ്ട് തവണ ആഞ്ഞു കുത്തിയിട്ടും ഉത്ര ചാടി എണീറ്റില്ല; വേദന കൊണ്ടു പുളഞ്ഞതും ആരും ശ്രദ്ധിച്ചില്ല; ഭാര്യ പാമ്പു കടിച്ചു മരിക്കുന്നത് വരെ പുറത്ത് അറിയാതിരിക്കാൻ ജ്യൂസിൽ ഭർത്താവ് മയക്കുമരുന്ന് കലക്കി നൽകിയെന്ന സംശയം അതിശക്തം; ആന്തരികാവയവ പരിശോധനാ ഫലം അതിനിർണ്ണായകമാകും; സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും കുറ്റകൃത്യത്തിൽ പങ്കെന്ന് സംശയിച്ച് അന്വേഷണ സംഘം; ഉത്രാക്കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്

കരിമൂർഖൻ രണ്ട് തവണ ആഞ്ഞു കുത്തിയിട്ടും ഉത്ര ചാടി എണീറ്റില്ല; വേദന കൊണ്ടു പുളഞ്ഞതും ആരും ശ്രദ്ധിച്ചില്ല; ഭാര്യ പാമ്പു കടിച്ചു മരിക്കുന്നത് വരെ പുറത്ത് അറിയാതിരിക്കാൻ ജ്യൂസിൽ ഭർത്താവ് മയക്കുമരുന്ന് കലക്കി നൽകിയെന്ന സംശയം അതിശക്തം; ആന്തരികാവയവ പരിശോധനാ ഫലം അതിനിർണ്ണായകമാകും; സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും കുറ്റകൃത്യത്തിൽ പങ്കെന്ന് സംശയിച്ച് അന്വേഷണ സംഘം; ഉത്രാക്കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : അഞ്ചലിലെ ഉത്ര വധക്കേസിൽ ശാസ്ത്രീയതെളിവുകൾ തേടി അന്വേഷണസംഘം. കേസിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ പഴുതടച്ച തെളിവുകളാണ് ആവശ്യം. കേസിൽ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം അതിനിർണ്ണായകമാകും. മയക്കുമരുന്നോ മറ്റോ നൽകിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്നും അന്വേഷിക്കും. മൂർഖൻ കടിച്ചാൽ ഏത്ര ഉറക്കത്തിലായാലും ആൾ ഏണീക്കും. എന്നാൽ പാമ്പു കിടിച്ചിട്ടും ഉത്ര പ്രതികരിച്ചതു പോലുമില്ല. ഇതാണ് മയക്കുമരുന്നിന്റെ സാധ്യത ചർച്ചയാക്കുന്നത്. 

ഉത്ര മരിക്കുന്ന ദിവസം ഭർത്താവ് സൂരജ് തയ്യാറാക്കിയ ജ്യൂസിൽ മയക്കുമരുന്ന് നൽകിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നും പൊലീസ് കരുതുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാലേ ഇക്കാര്യം വ്യക്തമാകൂ. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് മൊഴി നൽകിയത്. അണലി കടിക്കുന്നതിനും മുമ്പ് വീട്ടിൽ സ്റ്റെയർകെയ്സിന്റെ പടികളിൽ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പൊലീസിനു നൽകിയ മൊഴി. ഈ പാമ്പിനെ സൂരജ് പേടികൂടാതെ കൈകാര്യം ചെയ്തുവെന്ന് ഉത്ര പറഞ്ഞതായി ഉത്രയുടെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.

ഉത്രയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ആയി കഴിഞ്ഞു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടർന്നാണ് മരണം. ഉത്രയുടെ ഇടതുകൈയിൽ രണ്ടുതവണയാണ് പാമ്പുകടിച്ചത്. കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബുധനാഴ്ചയാണ് അന്വേഷകസംഘത്തിനു ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു ഉത്രയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ഇതോടെ തന്നെ പാമ്പുകടിയേറ്റത് ഉത്ര അറിയാതിരുന്നതിൽ ദുരൂഹത കൂടി. ഇതിന്റെ കാരണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരുന്നതോടെ വ്യക്തമാകുമെന്നാണ് പൊലീസും പറയുന്നത്.

ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡി.എൻ.എ. പരിശോധനയും നടത്തും. ഒരുവർഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. തെളിവു കിട്ടിയാൽ ഇവരേയും അറസ്റ്റു ചെയ്തു.

ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാർച്ച് 26-നായിരുന്നു വിവാഹം. മാസങ്ങൾക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾ തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീധനമായി ലഭിച്ച 96 പവൻ, അഞ്ചുലക്ഷം രൂപ, കാർ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനൽകേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പൊലീസ് പറയുന്നു.

സൂരജിനെ രക്ഷിക്കാൻ മാതാവ് നിരത്തിയ ന്യായവാദങ്ങൾ എല്ലാം പച്ച കള്ളമാണെന്നും പൊലീസ് പറയുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതൽ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ഉത്രയുടെ സ്വർണം ലോക്കറിൽനിന്ന് എടുത്തതു പരിശോധിക്കാൻ സൂരജുമായി അന്വേഷണസംഘം ബാങ്കിലെത്തിയെങ്കിലും ബാങ്ക് അധികൃതർ അനുമതി നൽകിയില്ല. നടപടിക്രമങ്ങൾ കണക്കിലെടുത്താണിതെന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയതോടെ, സ്വർണമെടുക്കാൻ സൂരജ് ബാങ്കിലെത്തിയ ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ആവശ്യപ്പെട്ടു.

അതിനിടെ പൊലീസിനെതിരേ ഗുരുതര ആരോപണവുമായി സൂരജ് രംഗത്തു വന്നു. പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഉത്രയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലീസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയിൽ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

പൊലീസ് കേസിൽ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP