Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറഞ്ഞതോടെ പ്രതികാരം തുടങ്ങി; സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതമൊഴി; പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കരഞ്ഞ മുഖത്തോടെ പരസ്യമായ ആക്രോശം; പ്ലാസ്റ്റിക് കുപ്പി തന്റെ വിരൽ അടയാളം പതിപ്പിച്ച് വീട്ടിൽ കൊണ്ടു വച്ചുവെന്നും പരസ്യ ആരോപണം; അഭിഭാഷക ഇടപെടൽ സംശയിച്ച് പൊലീസും; അഞ്ചലിൽ നിർണ്ണായകമാകുക ശാസ്ത്രീയ തെളിവു തന്നെ

ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറഞ്ഞതോടെ പ്രതികാരം തുടങ്ങി; സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതമൊഴി; പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കരഞ്ഞ മുഖത്തോടെ പരസ്യമായ ആക്രോശം; പ്ലാസ്റ്റിക് കുപ്പി തന്റെ വിരൽ അടയാളം പതിപ്പിച്ച് വീട്ടിൽ കൊണ്ടു വച്ചുവെന്നും പരസ്യ ആരോപണം; അഭിഭാഷക ഇടപെടൽ സംശയിച്ച് പൊലീസും; അഞ്ചലിൽ നിർണ്ണായകമാകുക ശാസ്ത്രീയ തെളിവു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: ഉത്ര വധക്കേസിൽ പൊലീസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്. പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. എന്നാൽ കുപ്പിയിൽ പാമ്പിനെ സൂരജിന് അച്ഛൻ നൽകുന്നത് കണ്ടെന്ന് പാമ്പു പിടിത്തക്കാരനായ കല്ലുവാതുക്കൽ സുരേഷിന്റെ മകൻ നേരത്തെ പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയതെന്ന് സുരേഷും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. കൂട്ടു പ്രതി കുറ്റസമ്മതം നടത്തുമ്പോഴും സുരജ് പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. എങ്ങനേയും കേസ് അട്ടിമറിക്കാമെന്ന പ്രതീക്ഷയാണ് സൂരജിന്റെ വാക്കുകളിലുള്ളത്.

ഉത്രയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലീസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയിൽ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. പൊലീസ് കേസിൽ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പാമ്പ് കൈമാറിയ സംഭവം പറയുകയും ചെയ്തിരുന്നു.

പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും പൊലീസിന് സംശയമുണ്ട്. അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കിൽ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പിൽ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോൾ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തിൽ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവർത്തിക്കുകയും ചെയ്തു.

സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയിൽവെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. ഇതിനിടെ വീടിന് സമീപത്തെ പറമ്പിൽ ഉത്രയെ ആദ്യം പാമ്പ് കടിച്ച ദിവസം സൂരജ് എന്തൊക്കെയോ കത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയും പൊലീസ് പരിശോധന നടത്തി. എല്ലാം കാണിച്ചു കൊടുത്ത ശേഷമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊലീസിനെ കുറ്റപ്പെടുത്തിയതെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് പരമാവധി ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുന്നത്.

വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പൊലീസ് അടൂരിലെ ബാങ്കിൽ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായി സൂരജ് ബാങ്കിൽ പോയിരുന്നതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. പാമ്പുപിടിത്തക്കാരൻ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവച്ചാണ് സുരേഷ് പാമ്പിനെ നൽകിയതെന്നായിരുന്നു സൂരജിന്റെ മൊഴി. കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. അതേസമയം, പ്രതിക്ക് ജാമ്യം ലഭിക്കാനായി കുടുംബം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷകരടക്കം ബുധനാഴ്ച സൂരജിന്റെ വീട്ടിലെത്തി കുടുംബവുമായി ചർച്ച നടത്തിയിരുന്നു. ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാലും അത് തള്ളിപോകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ. അതിനാൽ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതി മുഖേന ജാമ്യം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം. ഈ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് പൊലീസിനെതിരെ സൂരജ് നിലപാട് എടുക്കുന്നതെന്നാണ് സൂചന.

ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്റെ വിശദമായ കുറ്റസമ്മതമൊഴി മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടിൽ വച്ച് കഴിഞ്ഞ ജനുവരിയിൽ വഴക്കുണ്ടായി. ഇതേത്തുടർന്ന്, ഉത്രയുടെ വീട്ടിൽ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛൻ പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാൻ സൂരജിനെ പ്രേരിപ്പിച്ചത്.

2018- മാർച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്റെ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കായ വിവരം അറിഞ്ഞ് അച്ഛൻ വിജയസേനനും സഹോദരപുത്രൻ ശ്യാമും സൂരജിന്റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറയുകയും ചെയ്തു.

വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവൻ, 5 ലക്ഷം രൂപ, കാർ, മൂന്നേകാൽ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കൾക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യിൽ നിന്ന് പോകും. ഇതോടെ അനുനയത്തിന്റെ പാതയിലായി സൂരജും കുടുംബവും. തുടർന്നാണ് ഉത്രയെ കൊല്ലാൻ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാൽ കുഞ്ഞിന്റെ പേരിലോ, സൂരജിന്റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.

വിഷം ഉത്രയുടെ നാഡീവ്യൂഹത്തെ ബാധിച്ചു

ഉത്രയുടെ മരണം പാമ്പുകടിയേറ്റത് മൂലം തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കിട്ടി. ഉത്രയുടെ ഇടത് കൈയിൽ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂർഖൻപാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്.

ഉത്രയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിഷമേറ്റത് സ്ഥിരീകരിച്ചതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം, വിഷപ്പല്ലുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ രാസപരിശോധനക്കായി അയച്ചു.

മുഖ്യപ്രതി സൂരജ് പൊലീസ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങൾ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP