Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വലിയ പ്ലാസ്റ്റിക് ജാറിലാക്കി കറുത്ത തുണിയിൽ പൊതിഞ്ഞ് 'ആയുധം' കിടപ്പു മുറിയിൽ എത്തിച്ചു; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം സുരക്ഷിത സ്ഥാനത്ത് ഒളിപ്പിച്ചു; പാമ്പ് സ്വയം വന്നതാണെന്ന് വരുത്താൻ കുപ്പി ഒളിപ്പിക്കാനായി പുലർച്ചെ പല്ലു തേയ്ക്കാനെന്ന വ്യാജേന പോയത് വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ; ഉത്രയെ കൊല്ലാൻ സൂരജ് എത്തിയത് പദ്ധതികൾ തയ്യാറാക്കി; കുഴിച്ചു മൂടിയ പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നടത്തുന്നത് പല്ലു താഴ്ന്ന ആഴവും നീളവും ഉറപ്പാക്കാൻ; അഞ്ചലിൽ ഗൂഢാലോചന തെളിയുമ്പോൾ

വലിയ പ്ലാസ്റ്റിക് ജാറിലാക്കി കറുത്ത തുണിയിൽ പൊതിഞ്ഞ് 'ആയുധം' കിടപ്പു മുറിയിൽ എത്തിച്ചു; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം സുരക്ഷിത സ്ഥാനത്ത് ഒളിപ്പിച്ചു; പാമ്പ് സ്വയം വന്നതാണെന്ന് വരുത്താൻ കുപ്പി ഒളിപ്പിക്കാനായി പുലർച്ചെ പല്ലു തേയ്ക്കാനെന്ന വ്യാജേന പോയത് വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ; ഉത്രയെ കൊല്ലാൻ സൂരജ് എത്തിയത് പദ്ധതികൾ തയ്യാറാക്കി; കുഴിച്ചു മൂടിയ പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നടത്തുന്നത് പല്ലു താഴ്ന്ന ആഴവും നീളവും ഉറപ്പാക്കാൻ; അഞ്ചലിൽ ഗൂഢാലോചന തെളിയുമ്പോൾ

വിനോദ് വി നായർ

കൊല്ലം: അഞ്ചലിലെ ഭാര്യ വീട്ടിലേക്ക് മുർഖനെ സൂരജ് കൊണ്ടു വന്നത് സുതാര്യമായ വലിയ പ്ലാസ്റ്റിക് ബോട്ടിൽ കറുത്തബാഗിലാക്കി തന്നെ. ഉത്രയെ പാമ്പ് കടിപ്പിച്ച ശേഷം പുലർച്ചെ അഞ്ചരയോടെ വീടിന് പിന്നിൽ പല്ല് തേയ്ക്കാനെന്ന വ്യാജേന പോയ സൂരജ് ആ സമയത്താണ് ഈ കുപ്പി വീടിനോട് ചേർന്ന പഴയ കെട്ടിടത്തിൽ ഒളിപ്പിച്ചത്. ഈ കുപ്പിയാണ് പൊലീസ് ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസിൽ അതിനിർണ്ണായകമാണ് ഈ തെളിവ്. വിരൽ അടയാളം അടക്കം കുപ്പിയിൽ പരിശോധിക്കും.

വളരെ രഹസ്യമായാണ് പൊലിസ് പ്രതിയെതെളിവെടുപ്പിനെത്തിച്ചത് . ഇന്ന് പുലരുവോളം ചോദ്യം ചെയ്തശേഷമാണ് ഇയാളുമായി തെളിവെടുപ്പിനെത്തിയത്. കിടപ്പുമുറിയിലെത്തിയതോടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സൂരജ് സംഭവത്തെക്കുറിച്ച്പൊലിസിനോട് വിശദീകരിച്ചത്. ഇന്നലെ രാത്രിയിൽ ഇയാളെതെളിവെടുപ്പിന് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് ഒട്ടനവധിപേരാണ് ഉത്രയുടെ വീടിന് സമീപം കാത്തുനിന്നത്. എന്നാൽ ജനക്കൂട്ടം പിരിഞ്ഞതായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യവിവരം ലഭിച്ച ശേഷം മാത്രമാണ് സൂരജിനെ തെളിവെടുപ്പിനെത്തിക്കാൻ പൊലിസ് തയ്യാറായത്. കൊലപാതകവും പാമ്പിനെ ഒളിപ്പിക്കലുമെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു. പാമ്പ് സ്വയം വന്നതാണെന്ന് തെളിയിക്കാനായിരുന്നു പ്ലാസ്റ്റിക് ജാർ ഒളിപ്പിച്ചത്.

വീട്ടിലെയും പരിസരത്തെയും തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഇയാളെ പത്തനംതിട്ട ഏനാത്തേയ്ക്ക് കൊണ്ടുപോയി. ഏനാത്ത് റോഡിൽ വച്ചാണ് കല്ലുവാതുക്കൽ സ്വദേശിചാവർകാവ് സുരേഷ് മൂർഖൻ പാമ്പിനെ സൂരജിന് കൈമാറിയത്. അയ്യായിരം രൂപയാണ് ഇതിന്റെ പ്രതിഫലമായി സുരേഷ് കൈപ്പറ്റിയത്. ഇതിന്റെ വിശദാംശങ്ങൾശേഖരിക്കാനാണ് പ്രതിയുമായി പൊലിസ് ഏനാത്തേയ്ക്ക് തിരിച്ചത്. പത്തനംതിട്ടയിൽ നിന്ന് പിടികൂടിയ മൂർഖനുമായി മടങ്ങി വരും വഴി റോഡിൽ വച്ച് ചാവർകാവ് സുരേഷ് സൂരജിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എ സി പി അശോകന്റെനേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഇന്ന്വൈകിട്ട് നാലു മണിയോടെ കോടതിയിൽ ഹാജരാക്കും.

അതിനിടെ പാമ്പിന്റെ പല്ല് ഉത്രയുടെ ശരീരത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങി, അതേ നീളമാണോ പോസ്റ്റ്മോർട്ടം നടത്തുന്ന പാമ്പിനും ഉള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇന്നലെത്തന്നെ പാമ്പിനെ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അതിന്റെ ജഡം പുറത്തെടുത്തിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പാമ്പിന്റെ പോസ്റ്റ് മോർട്ടവും അതിനിർണ്ണായകമാകും. കേരളത്തിൽ കൊലക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പാമ്പിന്റെ ആദ്യ പോസ്റ്റ് മോർട്ടമാകും ഇത്. ഉത്രയുടെ കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകൾ അനിവാര്യതയാണ്. അതുകൊണ്ടാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിൽ ബന്ധുവിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ സൂരജ് ശ്രമിച്ചിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ബന്ധുവിന് പങ്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ വിട്ടയച്ചു. കൊല്ലം ജില്ലയിലെ അനധികൃത പാമ്പുപിടിത്തക്കാരെ കണ്ടെത്താനും വനംവകുപ്പ് നടപടികൾ ആരംഭിച്ചു. സുരേഷിന്റെ രണ്ടു സുഹൃത്തുക്കളെ വനംവകുപ്പ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇനി എട്ടു അനധികൃത പാമ്പുപിടിത്തക്കാരെ കണ്ടെത്താനുണ്ടെന്നാണ് പറയുന്നത്.

കേസിൽ സാക്ഷികളില്ലാത്തതിനാൽ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാർച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടിൽവെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വർഗത്തിൽ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടിൽവെച്ച് മെയ്‌ ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

മൂർഖൻ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാർച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറിൽ വെച്ചിരുന്ന ഉത്രയുടെ 92 പവൻ സ്വർണം സൂരജ് എടുത്തിരുന്നു. ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിക്കുകയും ചെയ്തു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കല്ലുവാതുക്കലിലെ ഒരു പാമ്പുപിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചു.

പാമ്പുപിടുത്തക്കാരന് 10,000 രൂപ നൽകി സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകം പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP