Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... എന്ന് പൊട്ടിക്കരഞ്ഞ അമ്മ; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് മരുമകനോട് ചോദിച്ച അമ്മായി അച്ഛൻ; അതിസമർത്ഥമായി ചെയ്ത കുറ്റകൃത്യം വിശദീകരിക്കുമ്പോൾ പിടിക്കപ്പെട്ടതിന്റെ കുറ്റബോധത്താൽ പൊട്ടിക്കരയുന്ന പ്രതിയും; പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാർ കിട്ടിയത് അതിനിർണ്ണായകം; ഉത്രയുടെ കൊലപാതകിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മരണ വീട്ടിൽ കണ്ടത് വൈകാരിക രംഗങ്ങൾ

എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... എന്ന് പൊട്ടിക്കരഞ്ഞ അമ്മ; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് മരുമകനോട് ചോദിച്ച അമ്മായി അച്ഛൻ; അതിസമർത്ഥമായി ചെയ്ത കുറ്റകൃത്യം വിശദീകരിക്കുമ്പോൾ പിടിക്കപ്പെട്ടതിന്റെ കുറ്റബോധത്താൽ പൊട്ടിക്കരയുന്ന പ്രതിയും; പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാർ കിട്ടിയത് അതിനിർണ്ണായകം; ഉത്രയുടെ കൊലപാതകിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മരണ വീട്ടിൽ കണ്ടത് വൈകാരിക രംഗങ്ങൾ

വിനോദ് വി നായർ

കൊല്ലം: ' എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... ' പൊട്ടിക്കരഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ മണിമേഖല ടീച്ചർ ഇത് പറയുമ്പോൾ അഞ്ചൽ ഏറം ഗ്രാമം ഒന്നടങ്കം കണ്ണീരൊഴുക്കി. പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയസൂരജിനെ തെളിവെടുപ്പിനായി സംഭവം നടന്ന ഉത്രയുടെ വീട്ടിൽഎത്തിച്ചപ്പോഴാണ് വികാരനിർഭരമായ സംഭവങ്ങൾഅരങ്ങേറിയത്.

ജനരോഷം ഭയന്ന് പുലർച്ചെആറരയോടെയാണ് പ്രതിയെ ഏറത്തുള്ള വീട്ടിൽ എത്തിച്ചത്. സൂരജിനെ തെളിവെടുപ്പിനെത്തിച്ച വാർത്ത പരന്നതോടെനൂറുകണക്കിനാളുകൾ വീടിന്റെ പരിസരത്ത് തടിച്ചു കൂടി. ഗേറ്റ്കടന്ന് വീട്ടിലേക്ക് കയറിയ പൊലിസ് കൊലപാതകം നടന്നകിടപ്പുമുറിയിൽ പ്രതിയെ എത്തിച്ചു. ഉത്രയുടെ മാതാവിനെ ഇതിനകം അവിടെ നിന്ന് മാറ്റിയിരുന്നു. കിടപ്പുമുറിയോട് ചേർന്നുള്ള ഡ്രെസിങ്ങ് എരിയയിൽ ഉള്ള അലമാരയുടെ പിന്നിൽ മൂർഖനെ ഒളിപ്പിച്ച സ്ഥലം സൂരജ് അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു.

തുടർന്ന് ഇയാൾ കൃത്യത്തിന്‌ശേഷം പാമ്പിനെ എങ്ങനെ അലമാരയ്ക്ക് പിന്നിൽ ഒളിപ്പിച്ചുഎന്ന് കാട്ടിക്കൊടുത്തു. പിന്നീട് പ്രതിയെയും കൊണ്ട് വീടിന് പിന്നിലേയ്ക്കു പോയ അന്വേഷണ സംഘം ഉത്രയുടെ പൊളിഞ്ഞുവീഴാറായ പഴയ കുടുംബവീട്ടിൽ ഒളിപ്പിച്ച നിലയിൽ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെത്തി. പ്ലാസ്റ്റിക് ജാറിലാണ് ഇയാൾക്ക് പാമ്പിനെ നൽകിയതെന്ന് പാമ്പുപിടിത്തക്കാരൻ ചാവർകാവ് സുരേഷ് മൊഴി നൽകിയിരുന്നു. ഇത് കണ്ടെടുത്തത് കേസിൽ ഏറെ നിർണ്ണായകമാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കേസിൽ സാക്ഷികളില്ലാത്തതിനാൽ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. പാമ്പിനെ കൊണ്ടുവന്ന പാത്രം, എന്തൊക്കെയാണ് ചെയ്തത് എന്നതു സംബന്ധിച്ച മൊഴി തുടങ്ങിയ പ്രാഥമിക തെളിവുകളാണ് ശേഖരിച്ചത്.. അടൂരിൽ സൂരജിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.

ഒന്നാംപ്രതി സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. വന്യജീവി സംരക്ഷണ പ്രകാരമുള്ള വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സുരേഷിന്റെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെക്കൂടി കണ്ടെടുത്തിരുന്നു. ഉത്രയെ കടിച്ച രണ്ടുപാമ്പുകളുടെയും പോസ്റ്റ്മോർട്ടം നടത്തും. അഞ്ചുദിവസത്തെ ആക്ഷൻപ്ലാനാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. പാമ്പിന്റെ പോസ്റ്റമോർട്ടം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭർത്താവ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടിൽ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ പത്തനംതിട്ട പറക്കോട്ടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയത് അടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തി. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. പറക്കോട് സ്വദേശിയായ ഭർത്താവ് സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാൻ ശ്രമം നടത്തിയത്. മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. കുഞ്ഞിന്റെ ശരീരം ശുചിയാക്കാൻ മുറ്റത്തിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. നേരത്തെ മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് പറഞ്ഞിരുന്നത്. അണലി കടിച്ചുവെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എട്ട് മണിക്ക് പാമ്പ് കടിയേറ്റിട്ടും പുലർച്ചെ 1 മണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

അണലി കടിച്ചാൽ വേദനയുണ്ടാകുമെന്നിരിക്കെ വേദന ഇല്ലായിരുന്നുവെന്ന് വീട്ടുകാർ ആവർത്തിക്കുന്നതിലും ദുരൂഹത നിലനിൽക്കുന്നു. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും വീട്ടിൽ വാഹന സൗകര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിയിലെത്തിക്കാൻ വൈകി എന്നതിനും തൃപ്തികരമായ ഉത്തരമില്ല. പറമ്പിൽ പാമ്പുകളുണ്ടെന്നും പാമ്പിനെ പിടിക്കാൻ ആൾ വീട്ടിൽ വന്നിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നുണ്ട്. അണലിയെകൊണ്ട് കടിപ്പിച്ചതിന് ശേഷം ചികിത്സ വൈകിച്ചിട്ടും അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ച് വന്നു.

അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലാണ് ഉത്രയെ ചികിത്സിച്ചത്. ഉത്രയും സൂരജും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഭർത്താവിന്റെ പെങ്ങളുൾപ്പെടെയുള്ളവർക്കെതിരെ ഉത്രയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നുണ്ട്. അതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ഫെബ്രുവരി 29 ന് വീടിന്റെ മുകളിലെ മുറിക്ക് സമീപം പാമ്പുണ്ടായിരുന്നെന്നും സൂരജ് കൈകൊണ്ട് എടുത്ത് മാറ്റിയതായും ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഉത്രയുടെ പറഞ്ഞ കാര്യങ്ങൾ മുൻനിർത്തിയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പിന്നീട് വീട്ടുകാർ എത്തിച്ചേർന്നത്. ഇതാണ് കേസിൽ നിർണ്ണായകമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP