Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂർഖൻ കടിച്ചാൽ ശ്വാസമെടുക്കാൻ സഹായിക്കുന്ന പേശികൾ തളർന്നു ശ്വാസം മുട്ടി മരണം; ശ്വാസംമുട്ടുന്ന ഒരാൾ ഉറക്കം ഉണരാതെ മരിക്കുകയെന്നത് അസംഭവ്യം; ഉറക്കത്തിൽ പാമ്പ് കടിയേൽക്കുമ്പോൾ വേദന അറിഞ്ഞില്ലെങ്കിലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന തിരിച്ചറിയും; മയങ്ങാനുള്ള മരുന്നോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ ഉണരുകയുമില്ല; ഉത്രയുടെ മരണം വെറും പാമ്പുകടി മൂലമല്ലെന്ന് നിഗമനം; അഞ്ചലിലെ സംശയം നീക്കാൻ നടക്കുന്നത് ശാസ്ത്രീയ അന്വേഷണം

മൂർഖൻ കടിച്ചാൽ ശ്വാസമെടുക്കാൻ സഹായിക്കുന്ന പേശികൾ തളർന്നു ശ്വാസം മുട്ടി മരണം; ശ്വാസംമുട്ടുന്ന ഒരാൾ ഉറക്കം ഉണരാതെ മരിക്കുകയെന്നത് അസംഭവ്യം; ഉറക്കത്തിൽ പാമ്പ് കടിയേൽക്കുമ്പോൾ വേദന അറിഞ്ഞില്ലെങ്കിലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന തിരിച്ചറിയും; മയങ്ങാനുള്ള മരുന്നോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ ഉണരുകയുമില്ല; ഉത്രയുടെ മരണം വെറും പാമ്പുകടി മൂലമല്ലെന്ന് നിഗമനം; അഞ്ചലിലെ സംശയം നീക്കാൻ നടക്കുന്നത് ശാസ്ത്രീയ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: കിടപ്പു മുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റു ഉത്ര മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്. കൃത്യമായ തെളിവു കിട്ടിയാൽ മാത്രമേ അറസ്റ്റുണ്ടാകൂ. ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25) കുടുംബ വീട്ടിലെ മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് സംശയങ്ങളുയർന്നത്. ഉത്രയുടെ ഭർത്താവ് സൂരജിന് നേരെയാണ് സംശയമുന നീളുന്നത്. എന്നാൽ സൂരജിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവു പൊലീസിന് കിട്ടിയിട്ടില്ല.

ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ചില പാമ്പുപിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തി. പാമ്പുപിടുത്തക്കാരും സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ ചോദ്യം ചെയ്യും. വിഷ പാമ്പുകളെ കുറിച്ച് സൂരജ് ഇൻർനെറ്റിൽ തിരഞ്ഞതിനും തെളിവുണ്ട്. തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഉത്രയ്‌ക്കൊപ്പം ഇതേ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു സൂരജ്.

സൂരജ് പറയുന്നത് എന്നറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തിൽ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പുപിടുത്തക്കാരുടെയും സഹായം തേടും. സൂരജിന്റെ മൊഴി തെറ്റാണെന്ന നിഗമനത്തിൽ എത്തിയാൽ അറസ്റ്റുണ്ടാകും. ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണവും പൊലീസ് തേടും.

ഉറക്കത്തിൽ യുവതിക്ക് പാമ്പ് കടിയേൽക്കുമ്പോൾ തുടക്കത്തിൽ വേദന അറിഞ്ഞില്ലെങ്കിൽ പോലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് പിന്നീട് അനുഭവപ്പെടുന്ന വേദന അറിയേണ്ടതാണ്. എന്നാൽ മയങ്ങാനുള്ള മരുന്നോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകാം. അങ്ങനെ വല്ലതും നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകേണ്ടതാണ്. വിഷബാധ ഏൽക്കുമ്പോൾ സാധാരണ കടിച്ച ഭാഗത്തെ വേദനക്ക് പുറമെ വയറു വേദന, ഛർദി തുടങ്ങിയവയും അനുഭവപ്പെടാം. ശ്വാസമെടുക്കാൻ സഹായിക്കുന്ന പേശികൾ തളർന്നു ശ്വാസം മുട്ടിയാണ് മൂർഖൻ കടിച്ചാൽ മരണം സംഭവിക്കുന്നത്. ശ്വാസംമുട്ടുന്ന ഒരാൾ ഉറക്കം ഉണരാതെ മരിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണ്. അണലി, മൂർഖൻ തുടങ്ങിയ പാമ്പുകൾ കടിച്ചാൽ ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണ്. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

സിനിമകളിലെ പോലെ യുവതിയെ ബന്ധിച്ച് പാമ്പ് കടിയേൽപ്പിച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. യുവതിയുടെ ഭർത്താവ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണെന്ന ആരോപണവും ഇതിന് തെളിവായി ഉത്രയുടെ ബന്ധുക്കൾ പറഞ്ഞ കാര്യങ്ങളുമാണ് ഇത്തരം സംശയങ്ങൾക്ക് കാരണം. മാർച്ച് 2നു സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടിൽ വീണ്ടും പാമ്പ് കടിയേൽക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പുമുറിയിടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. ടൈൽ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭർത്താവാണ് ജനാലകൾ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭർത്താവാണ്. വീട്ടിൽ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

നിലവിൽ ക്രൈംബ്രാഞ്ച് കേസിൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചൽ സിഐ. പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ അഞ്ചൽ എസ്‌ഐയാണ് കേസിൽ അന്വേഷണം നടക്കുന്നത്. ശനിയാഴ്ച ഇതു സംബന്ധിച്ച് ചോദ്യംചെയ്യലൊന്നും ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. രണ്ട് ദിവസത്തിനകം കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP