Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകം നടന്ന കോൺസുലേറ്റിലെ മുറി വൃത്തിയാക്കും വരെ സൗദി നയതന്ത്ര അധികാരം പ്രയോഗിച്ച് തുർക്കിയുടെ അന്വേഷണത്തെ തുരങ്കം വച്ചു; രഹസ്യവിചാരണ നടത്തുന്ന 11 പേർ മാത്രമല്ല കേസിലെ പ്രതികൾ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാനെ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള തെളിവുകൾ; കേസിൽ അന്താരാഷ്ട്രതല അന്വേഷണം വേണം; സൗദി രാജകുമാരനെ പ്രതിക്കൂട്ടിലാക്കുന്ന സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

കൊലപാതകം നടന്ന കോൺസുലേറ്റിലെ മുറി വൃത്തിയാക്കും വരെ സൗദി നയതന്ത്ര അധികാരം പ്രയോഗിച്ച് തുർക്കിയുടെ അന്വേഷണത്തെ തുരങ്കം വച്ചു; രഹസ്യവിചാരണ നടത്തുന്ന 11 പേർ മാത്രമല്ല കേസിലെ പ്രതികൾ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാനെ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള തെളിവുകൾ; കേസിൽ അന്താരാഷ്ട്രതല അന്വേഷണം വേണം; സൗദി രാജകുമാരനെ പ്രതിക്കൂട്ടിലാക്കുന്ന സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ജനീവ: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി രാജകുമാരനെ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള തെളിവുകളുണ്ടെന്ന് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധ. മുഹമ്മദ് ബിൻ സൽമാന്റെയും ഉന്നത സൗദി ഉദ്യോഗസ്ഥരുടെയും പങ്ക് തെളിയിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. റിപ്പോർട്ടിൽ, രാജകുമാരൻ അടക്കമുള്ളവരെ കുറ്റക്കാരെന്ന് മുദ്രകുത്തുന്ന നിഗമനത്തിൽ എത്തിയിട്ടില്ല. എന്നാൽ, വിശ്വാസ്യതയുള്ള തെളിവ് കിട്ടിയ സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികൾ കൂടുതൽ അന്വേഷണം നടത്തണമെന്നും യുഎൻ റാപ്പോട്ടിയർ ആഗ്നസ് കലമാർഡ് തന്റെ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

സൗദിയും തുർക്കിയും കൊലപാതകത്തെ കുറിച്ച് നടത്തിയ അന്വേഷണങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായിരുന്നില്ല, റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഔദ്യോഗിക അന്താരാഷ്ട്ര ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ആഗ്നസ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് ആവശ്യപ്പെട്ടു. ഖഷോഗി അമേരിക്കയിൽ താമസിച്ചിരുന്നത് കണക്കിലെടുത്ത് എഫ്ബിഐയും അന്വേഷണം നടത്തണം. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ ഒക്ടോബർ രണ്ടിന് നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ താൻ കണ്ടിരുന്നു. ഖഷോഗിയെ വധിക്കാൻ നിയോഗിച്ച 15 പേരെ റിപ്പോർട്ടിൽ പേരെടുത്തുപറയുന്നുണ്ട്. ഈ പട്ടികയിൽ ഉള്ള പലരും, രഹസ്യവിചാരണ നേരിടുന്ന 11 പേരുടെ പട്ടികയിൽ ഉള്ളവരല്ല. കൊലപാതകം നടന്ന സ്ഥലം വൃത്തിയാക്കും വരെ തുർക്കിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാൻ, സൗദി തങ്ങളുടെ കോൺസുലാർ അധികാരങ്ങൾ പ്രയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സൗദിയിൽ ഇപ്പോൾ നടക്കുന്ന വിചാരണ സുതാര്യമല്ലെന്നും അതുനിർത്തി വയ്ക്കണമെന്നും ആഗ്നസ് കാല്ലമാർഡിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, യുഎൻ സ്‌പെഷ്യൽ റാപ്പോട്ടിയർമാർ ഐക്യരാഷ്ട്രസഭയുടെ വക്താക്കളല്ലെന്ന് പ്രത്യേകതയുമുണ്ട്.

ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയിൽ ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിക്കിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി അറ്റോണി ജനറൽ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നത്. മൃതദേഹം പിന്നീടെന്തുചെയ്തുവെന്നോ എവിടെ മറവുചെയ്തുവെന്നോ ഉൾപ്പെടെ, ഒരുപിടി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്. അടുത്തിടെ സൗദി അറേബ്യ ഒരുവശത്തും സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ മറ്റുരാജ്യങ്ങൾ മറുവശത്തുമായി നിന്ന സംഭവമായിരുന്നു ഖഷോഗിയുടെ തിരോധാനം.

ആരാണ് ജമാൽ ഖഷോഗി?

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്.

ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിങ്ടൺ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്തമായി ചിന്തിക്കുന്ന മനസ്സുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്നായിരുന്നു ഖഷോഗിയുടെ വിമർശനം.

എന്തിനാണ് ഖഷോഗി തുർക്കിയിൽ വന്നത്

അമേരിക്കയിൽവെച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോൺസുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി.

താൻ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി ഒക്ടോബർ രണ്ടിന് അദ്ദേഹം വീണ്ടുമെത്തി. ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാത്തതിനെത്തുടർന്നാണ് ഹാത്തിസ് പൊലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവെച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞു.

എന്താണ് കൊലപാതകത്തിൽ സൗദി ഭരണകൂടത്തിന്റെ പങ്ക്?

ഖഷോഗിയുടെ തിരോധാനവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽക്കേ സൗദിയുടെ നിലപാട്. എന്നാൽ, രണ്ടാഴ്ചയ്ക്കുശേഷം അവർക്ക് ഖഷോഗി കൊല്ലപ്പെട്ടുവെന്നും അത് എംബസിക്കുള്ളിൽവച്ചാണെന്നും സ്ഥിരീകരിക്കേണ്ടിവന്നു. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള ചർച്ചകൾക്കെത്തിയ സംഘവുമായുള്ള കൈയാങ്കളിയിൽ അദ്ദേഹം മരിച്ചുവെന്നാണ് സ്ഥിരീകരണം. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി സംഘത്തെ അയച്ചത് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണെന്ന് വ്യക്തമാണ്.

സൗദിയിൽനിന്നെത്തിയത് 15 അംഗ കൊലയാളി സംഘമാണെന്നാണ് മറ്റു രാജ്യങ്ങൾ ആരോപിക്കുന്നത്. ഒക്ടോബർ രണ്ടിന് രാവിലെ രണ്ട് പ്രത്യേക വിമാനങ്ങളിലായി എത്തിയ സംഘം കൃത്യം നടപ്പാക്കിയശേഷം വൈകിട്ട് മടങ്ങുകയും ചെയ്തു. സംഭവവവുമായി ബന്ധപ്പെട്ട് 18 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തരായ അനുചരന്മാരുമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഫസ്റ്റ് ലെഫ്റ്റനന്റ് ധാർ ഘലീബ് ധാർ അൽ ഹർബി, സെർജന്റ് മേജർ വാലീദ് അബ്ദുള്ള അൽ ഷിഹ്റി, അബ്ദുൾ അസീസ് മുഹമ്മദ് മൂസ അൽ ഹാസാവി, മേജർ ജനറൽ മാഹിർ അബ്ദുൾ അസീസ് മുഹമ്മദ് മുത്രിബാ് എന്നിവരാണവർ.

അമേരിക്കയുടെ നിലപാട്

ഖഷോഗിയെ കാണാതായതുമുതൽ ശക്തമായി പ്രതികരിച്ചുവന്ന അമേരിക്ക കൊലപാതകം സൗദി സ്ഥിരീകരിച്ചതോടെ മലക്കം മറിയുകയാണുണ്ടായത്. വാഷിങ്ടൺ പോസ്റ്റിലെ പംക്തികാരനായ ഖഷോഗിയുടെ തിരോധാനത്തിൽ വ്യക്തമായ ഉത്തരം നൽകാനായില്ലെങ്കിൽ സൗദി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഡൊണാൾഡ് ട്രംപ് ആദ്യം പറഞ്ഞത്. തുടക്കം മുതൽക്കെ സൗദിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ കൈക്കൊണ്ടിരുന്നതും. എന്നാൽ, പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP