Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം നയതന്ത്ര ബാഗേജിൽ ഏറ്റവും അധികം വന്നത് ഈന്തപ്പഴം; കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ; ഈന്തപ്പഴത്തിനുള്ളിൽ സ്വർണ്ണവും ഒളിപ്പിച്ചു കടത്തിയോ? സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു

യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം നയതന്ത്ര ബാഗേജിൽ ഏറ്റവും അധികം വന്നത് ഈന്തപ്പഴം; കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ; ഈന്തപ്പഴത്തിനുള്ളിൽ സ്വർണ്ണവും ഒളിപ്പിച്ചു കടത്തിയോ? സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണ യുഎഇയുടെ സഹകരണം ഇല്ലാതെ ഇനിയും മുന്നോട്ടു പോകാൻ സാധിക്കുമോ എന്ന സംശയത്തിലാണ്. ഇതിന് കാരണമാകുന്നത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാം തന്നെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടവർ വിശദീകരണം നൽകണം എന്നു തന്നെയാണ്. എന്നാൽ, യുഎഇ കോൺസുലേറ്റിൽ നിന്നും വേണ്ടത്ര സഹായം അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നുമില്ല. സ്വർണം പിടികൂടിയ ബാഗേജ് അയച്ച ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് ഇതുവരെ യുഎഇ വിട്ടു തന്നിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ട വിധത്തിൽ മുന്നോട്ടു പോകാത്ത അവസ്ഥയാണുള്ളത്.

ഇതിനിടെ എല്ലാ കോൺസുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികൾ അന്വേഷിക്കാൻ കസ്റ്റംസിനു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ വന്ന നയതന്ത്ര ബാഗേജുകൾ സംശയമുനയിലായതിനെ തുടർന്നാണ് നടപടി. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് 2016-ഒക്ടോബറിൽ തുടങ്ങിയശേഷം ഏറ്റവുമധികം ഇറക്കുമതി ചെയ്തത് ഈന്തപ്പഴമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരിൽ 17,000 കിലോഗ്രാമാണ് യു.എ.ഇ.യിൽനിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. ഈ ഈന്തപ്പഴം എത്തിച്ചതിലും സംശയം നിലനില്ക്കുന്നു. ഇതിന് മറവിലും വന്നത് സ്വർണമാണോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്.

മൂന്നരവർഷത്തിനിടെ ഒരാളുടെയോ കോൺസുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികതയുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്തുകൊണ്ടുവരാനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്രയധികം അളവിലെത്തുന്ന സാധനം വാണിജ്യ ആവശ്യത്തിന്' എന്നാണ് കസ്റ്റംസ് കണക്കാക്കുക. ഇതിന് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിലവിൽ അടയ്ക്കണം. ഇതിനു തയ്യാറായില്ലെങ്കിൽ പിടിച്ചുവെയ്ക്കുകയാണു ചെയ്യാറുള്ളത്. കോൺസുലേറ്റിലെ എല്ലാവരും വീതംവെച്ചു എന്ന് അവകാശപ്പെട്ടാൽപ്പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് അമ്പരപ്പുണ്ടാക്കുന്നതണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

സ്വന്തം ആവശ്യത്തിനെന്ന പേരിൽ വന്നത് പുറത്തേക്കു നൽകരുതെന്നാണു നിയമം. പുറത്ത് നൽകിയിട്ടുണ്ടെങ്കിൽ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയടയ്ക്കണം. സാധാരണഗതിയിൽ അന്താരാഷ്ട്ര കരാറനുസരിച്ച് കോൺസുൽജനറലോ കോൺസുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങൾക്ക് നികുതി ഈടാക്കാറില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റുകൾ വഴിയാണ് നികുതി ഒഴിവാക്കി കൊടുക്കാറുള്ളത്. മന്ത്രാലയ സെക്രട്ടേറിയറ്റുകൾ ഇല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ ചുമതല സംസ്ഥാന പ്രോട്ടോകോൾ ഓഫീസിനാണ്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലൊന്നും യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകൾക്ക് നികുതി ഒഴിവാക്കിനൽകാൻ ആവശ്യം വന്നിരുന്നില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ നേരത്തേ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ ഭക്ഷണവസ്തുക്കൾ, ശൗചാലയ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയടക്കം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ട്. ഇതെല്ലാം ശരിയാണോ എന്നതിലാണ് അന്വേഷണം. തിരുവനന്തപുരത്തെ മറ്റു കോൺസുലേറ്റുകൾ ഇത്തരം ഇറക്കുമതിയുടെ വിവരങ്ങൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽ അറിയിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസിൽ നിന്നും വാഹനങ്ങൾ കൊണ്ടുവരാനാണ് കോൺസുലേറ്റിൽനിന്ന് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. വാഹനങ്ങൾക്കായി ആറു തവണ അനുമതി തേടി. വീട്ടുപകരണങ്ങൾ, ശുചിമുറി ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, ഈന്തപ്പഴങ്ങൾ എന്നിവ കൊണ്ടുവരുന്നതിനും അനുമതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നൽകുന്നതിനാണ് ഈന്തപ്പഴം കൊണ്ടുവന്നത് എന്നണ് യുഎഇ കോൺസുലേറ്റ് വാദിക്കുന്നത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഇളവുകൾക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെയും അനുമതി നൽകിയ ഉദ്യോഗസ്ഥന്റെയും പേരും സ്ഥാനപേരും, നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പും കൈമാറിയിട്ടുണ്ട്. പ്രോട്ടോകോൾ അനുസരിച്ച്, 20 ലക്ഷത്തിൽ താഴെ വിലയുള്ള സാധനങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുമ്പോൾ നികുതി ഇളവിനു സംസ്ഥാന പ്രോട്ടോകോൾ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്. അതിനു മുകളിൽ വിലയുള്ള സാധനങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. നികുതി ഇളവു വേണ്ടെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ആവശ്യമില്ല.

നികുതി ഇളവിനു തടസമില്ലെന്നു 'വെർബൽ നോട്ട്' വഴിയാണ് പ്രോട്ടോകോൾ വിഭാഗം കോൺസുലേറ്റിനെ അറിയിക്കുന്നത്. പിന്നീട്, കോൺസുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പിട്ട ഫോമുകൾ (ഫോം 7, 8, 9) പൂരിപ്പിച്ച് പ്രോട്ടോകോൾ വിഭാഗത്തിൽ നൽകണം. പ്രോട്ടോകോൾ ഓഫിസർ ഒപ്പിട്ടശേഷം കസ്റ്റംസിനു നൽകും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദമായ വിവരങ്ങൾ ഫോമിൽ രേഖപ്പെടുത്തണം. നികുതി ഇളവു നൽകി കാർ വിദേശത്തുനിന്ന് കൊണ്ടുവരണമെങ്കിൽ കാറിന്റെ വില, മോഡൽ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കണം. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾക്ക് അനുമതി നൽകില്ല.

തിരുവനന്തപുരത്തെ 30 അനാഥാലയങ്ങൾ ,കേരളത്തിലെ പള്ളികൾ എന്നിവിടങ്ങളിലായി 40,000 പേർക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നൽകുന്ന പദ്ധതിയുടെ മേൽ നോട്ടം യു എ ഇ കോൺസലേറ്റിനായിരുന്നു. കേരളസർക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ ജാബി യാണ് നിർവഹിച്ചത്. ഇതൊരു തുടർ പദ്ധതിയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സ്വർണ്ണക്കടത്തുകാർ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വർണം സാധാരണ പരിശോധനിൽ കണ്ടെത്താനാവില്ല എന്നതാണ് കാരണം.കോൺസലേറ്റിലേയക്കു വരുന്ന പെട്ടികളിൽ സാധാരണയായി സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വർണം കടത്തിയതിനെകുറിച്ച് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP