Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു; തിരുവനന്തപുരത്തു നിന്നും ഡൽഹി വഴി ദുബായിക്ക് പോയത് മൂന്ന് ദിവസം മുമ്പ്; അറ്റാഷെ നാടുവിട്ടത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെ; കസ്റ്റംസ്‌സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അറ്റാഷെ നടത്തിയത് വലിയ സമ്മർദ്ദം; അറ്റാഷെ സരിത്തും സ്വപ്‌നയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പുറത്ത്

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു; തിരുവനന്തപുരത്തു നിന്നും ഡൽഹി വഴി ദുബായിക്ക് പോയത് മൂന്ന് ദിവസം മുമ്പ്; അറ്റാഷെ നാടുവിട്ടത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെ; കസ്റ്റംസ്‌സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അറ്റാഷെ നടത്തിയത് വലിയ സമ്മർദ്ദം; അറ്റാഷെ സരിത്തും സ്വപ്‌നയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ അന്വേഷണം പുരോഗമിക്കവേ യുഎഇ കോൺസുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ നാടുവിട്ടു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമായ സാഹചര്യത്തിൽ അറ്റാഷെ റാഷിദ് അൽ സലാമിയെ ചോദ്യം ചെയ്യാൻ ശ്രമങ്ങൾ ശക്തമായി നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അറ്റാഷെ ഇന്ത്യ വിട്ടിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ഡൽഹി വഴി ദുബായിക്ക് പോയത്.

അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വർണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു, എൻഐഎ കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വർണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇ യിലേക്ക് പോയത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തിൽ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി.

അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മിൽ ജൂലൈ 3നും 5നും ഫോണ് വിളികൾ നടന്നിട്ടുണ്ടെന്നാണ് കോൾ രജിസ്റ്റർ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. അറ്റാഷെയും സ്വപ്നയും തമ്മിൽ ജൂണ് 1 മുതൽ 117 വിളികൾ. ജൂലൈ 1 മുതൽ 4 വരെ 35 തവണ ഫോണിൽ വിളിച്ചു. ജൂലായ് 3ന് 20 തവണ ഫോണിൽ വിളിച്ചുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്.

അഞ്ചാംതീയതി, അതായത് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടുന്ന ദിവസം സ്വപ്നയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങളാണ് ഇത്. നയതന്ത്ര കാർഗോ വഴി സ്വർണം കടത്തിയെന്ന വാർത്തപുറത്തുവരുന്നത് പതിനൊന്നരയ്ക്കാണ്. ഇതോടടുപ്പിച്ചുള്ള സമയത്ത് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ 7999919191 എന്ന നമ്പരിൽ നിന്ന് മൂന്ന് കോളുകളാണ് സ്വപ്നയുടെ ഫോണിലേക്ക് വരുന്നത്. 11.43നും 11.58നും 12.23നുമാണ് ആ കോളുകൾ.

ലഗേജ് തടഞ്ഞതിനെ തുടർന്ന് കോൺസുൽ ജനറൽ നിർദേശിച്ച പ്രകാരമാണ് താൻ കസ്റ്റംസിനെ വിളിച്ചതെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. അത് ന്യായീകരിക്കുന്നതാണ് ഫോൺ വിളി രേഖകൾ. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വർണം എത്തുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അഡ്‌മിൻ അറ്റാഷേയുടെ ഫോണിൽ നിന്നും സ്വപ്നയ്ക്ക് വിളിവരുകയും സ്വപ്ന തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംതീയതി 20 തവണയും നാലാംതീയതി രണ്ടുതവണയും ഇരുവരും ഫോണിൽ സംസാരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പേര് വാർത്തകളിൽ വന്നതിനുശേഷം അഞ്ചാംതീയതി ഉച്ചകഴിഞ്ഞ് ഫോൺ ഓഫായി. അതിനുമുമ്പ് 2.48നാണ് സ്വപ്നയുടെ ഫോണിലേക്ക് അവസാന കോൾ വന്നത്. അത് കൂട്ടുപ്രതി സരിത്തിന്റെ നമ്പരിൽ നിന്നായിരുന്നു.

അതിനിടെ, സ്വർണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്നു യുഎഇ കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തു. ചൊവ്വാഴ്ച കസ്റ്റംസും ഇന്നലെ എൻഐഎയുമാണു ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിന് ഈ സ്ഥാപനത്തിലെ പങ്കാളിത്തവും പണത്തിന്റെ കൈമാറ്റവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടായിരുന്നു. എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഹാജരായ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുത്തശേഷം സ്ഥാപനത്തിലെ നിർണായക രേഖകളും എൻഐഎ ശേഖരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP