Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്ന്യാസിമാരെ കൊലപ്പെടുത്താൻ തീരുമാനിച്ചെത്തിയത് കഞ്ചാവിന്റെ ലഹരിയിൽ; തന്നിൽ മോഷണക്കുറ്റം ആരോപിച്ചതിന്റെ പ്രതികാരം ചെയ്തത് രണ്ടു സന്ന്യാസിമാരെയും ക്രൂരമായി കൊലപ്പെടുത്തിയും; നടന്നത് ദൈവനിശ്ചയമെന്ന് പ്രതി പൊലീസിനോട്

സന്ന്യാസിമാരെ കൊലപ്പെടുത്താൻ തീരുമാനിച്ചെത്തിയത് കഞ്ചാവിന്റെ ലഹരിയിൽ; തന്നിൽ മോഷണക്കുറ്റം ആരോപിച്ചതിന്റെ പ്രതികാരം ചെയ്തത് രണ്ടു സന്ന്യാസിമാരെയും ക്രൂരമായി കൊലപ്പെടുത്തിയും; നടന്നത് ദൈവനിശ്ചയമെന്ന് പ്രതി പൊലീസിനോട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: രണ്ട് സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 55ഉം 35 വയസ്സുള്ള സന്യാസിമാരെയാണ് രാജു(മുറാരി) എന്ന് പേരുള്ളയാൾ കൊലപ്പെടുത്തിയത്. ബുലന്ദ്ഷഹറിലെ അമ്പലത്തിൽ സ്ഥിരമായി താമസിച്ചുവരുന്ന സന്യാസിമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ദെെവത്തിന്റെ നിശ്ചയമാണ് നടന്നതെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്. കേസിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആവശ്യപ്പെട്ടു. ബുലന്ദ്ഷഹർ കൊലപാതകത്തിൽ വർ​ഗീയമായി ഒന്നുമില്ലെന്ന് ഉത്തർ പ്രദേശ് പൊലീസ് പ്രതികരിച്ചു.

തിങ്കളാഴ്‌ച്ച രാത്രിയിലാണ് സംഭവം. നേരത്തെ സന്യാസിമാർ ഇയാൾക്കെതിരെ മോഷണകുറ്റം ആരോപിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണോ ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊലനടത്തുമ്പോൾ ഇയാൾ കഞ്ചാവ് ഉപയോ​ഗിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച്ച രാത്രി കഞ്ചാവ് ഉപയോ​ഗിച്ചാണ് ഇയാൾ അമ്പലത്തിനുള്ളിൽ കയറിയത്. ഇവിടെ വച്ചാണ് സന്യാസിമാരെ കാണുകയും കൊലപ്പെടുത്തുകയും ചെയ്തത്. കഞ്ചാവ് ഉപയോ​ഗിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയുട്ടുണ്ട്. വാളുപയോ​​ഗിച്ചാണ് പ്രതി സന്യാസിമാരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പക്ഷേ താൻ വടി കൊണ്ടാണ് അടിച്ചതെന്നാണ് പ്രതി പറയുന്നത്.

മഹാരാഷ്ട്രയിലെ പാൽഘർ സംഭവത്തിന് ശേഷം സന്യാസിമാർക്ക് നേരെ നടന്ന അക്രമത്തെ വർ​ഗീയവത്കരിക്കാൻ ശ്രമങ്ങൾ നടക്കുമെന്നും ഇതിനെ ചെറുത്ത് തോത്പിക്കണമെന്നും ശിവസേന ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം ഉണ്ടാകരുതെന്നും കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ആദിവാസി ഗ്രാമത്തിൽ മോഷ്ടാക്കൾ എന്നു കരുതി 2 സന്യാസിമാരടക്കം മൂന്നു പേരെയാണ് ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. അക്രമം തടയാതെ കൃത്യവിലോപം കാട്ടിയതിനാണു സസ്പെൻഷൻ. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാർ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സംഭവത്തിനു പിന്നിൽ വർഗീയ കാരണങ്ങളില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് അതിർത്തിയിലെ കാസ ഗ്രാമത്തിൽ ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിലെ കാന്തിവ്‌ലിയിൽ നിന്നുള്ള മൂന്നു പേർ ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനത്തിലുള്ളവർ മോഷ്ടാക്കളാണെന്നു സംശയിച്ച് അവരെ പുറത്തിറക്കി വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചിക്നെ മഹാരാജ് കൽപവൃക്ഷഗിരി(70), സുശീൽ ഗിരി മഹാരാജ്(35) എന്നിവരും കാറോടിച്ചിരുന്ന നിലേഷ് തെൽഗാഡെയുമാണ് (30) കൊല്ലപ്പെട്ടത്.

ലോക്ഡൗണിനിടെ ഗ്രാമങ്ങളിൽ മോഷ്ടാക്കളും കുട്ടികളെ തട്ടിയെടുക്കുന്ന സംഘവും കറങ്ങുന്നുണ്ടെന്ന പ്രചാരണങ്ങളെത്തുടർന്ന് ഗ്രാമീണർ സംഘംചേർന്നു കാത്തിരിക്കവെയാണ് സംഭവം. ലോക്ഡൗണിനെത്തുടർന്ന് ദേശീയപാത ഒഴിവാക്കി ഗ്രാമീണ വഴിയിലൂടെ നീങ്ങിയ കാർ ഇവർ തടയുകയായിരുന്നു. അക്രമം അറിഞ്ഞെത്തിയ പൊലീസുകാരെയും ജനക്കൂട്ടം ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 101 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയിൽ ഏപ്രിൽ 30 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത ഒൻപതു പേരെ താനെ ജില്ലയിലെ റിമാൻഡ് ഹോമിലേക്ക് അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP