Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി; കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന വിപിൻദാസും ഗിരീഷും പിടിയിലായത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ അറസ്റ്റ് ചെയ്തതും സിബിഐ അന്വേഷണ സംഘം

പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി; കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന വിപിൻദാസും ഗിരീഷും പിടിയിലായത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ അറസ്റ്റ് ചെയ്തതും സിബിഐ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ ഇന്ന് അറസ്റ്റിലായത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിൻദാസ്, ഗിരീഷ് എന്നിവരെ സിബിഐ അന്വേഷണ സംഘമാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരടക്കം 27 പ്രതികൾക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നൽകിയിരുന്നു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ട് പ്രതികളെ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് സിബിഐ മാപ്പു സാക്ഷികളാക്കിയത്. ഡിവൈഎസ്‌പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്‌പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

ബിഎംഎസ് പ്രവർത്തകനായ ഓട്ടോഡ്രൈവർ മനോജിനെ പയ്യോളിയിലെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത് 2012 ഫെബ്രുവരി 12-നാണ്. തുടർന്ന് ലോക്കൽ പൊലീസ് കേസിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി.

താൻ ഡമ്മി പ്രതിയാണെന്നും യഥാർത്ഥ പ്രതികളെ പാർട്ടി മാറ്റിയെന്നും പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്. ഇതോടെയാണ് കേസിൽ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങിയത്. 2016ലാണ് കേസ് സിബിഐ എറ്റെടുത്തത്. ലോക്കൽ കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അവർ കണ്ടെത്തി. ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോൾ ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തുമാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരും പിടിയിലായി. രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് പ്രദേശത്ത് ഹർത്താൽ നടത്തി സിപിഎം പ്രതിഷേധിച്ചുവെങ്കിലും സിബിഐ മുന്നോട്ട് പോവുകയായിരുന്നു. ഒന്നാം പ്രതിയടക്കമുള്ള പലരെയും സിബിഐ മാപ്പുസാക്ഷിയാക്കി.

അയനിക്കാട് പ്രദേശത്ത് നിലനിന്ന സംഘർഷമാണ് മനോജിന്റെ കൊലപാതകത്തിലേക്ക് നയിച്ചിരുന്നത്. ഫെബ്രുവരി എട്ടിന് സിപിഎം പ്രവർത്തകരായ അച്ഛനേയും മകനേയും വീട്ടിൽ കയറി ബിജെപി പ്രവർത്തകർ ആക്രമിക്കുകയും ഇവരുടെ വീട് തകർക്കുകയും ചെയ്തതിന് പ്രതികാരമായിട്ടാണ് ഫെബ്രുവരി 12ന് മനോജിനു നേരെ ആക്രമണം ഉണ്ടായത്.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സജാദ് നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തയാറായത്. അതേസമയം തങ്ങളെ പാർട്ടി ചതിക്കുകയായിരുന്നുവെന്നും കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയിലുൾപ്പെട്ടവരും അവരുടെ ബന്ധുക്കളും പരസ്യമായി ആരോപിച്ചിരുന്നു. പൊലീസ് പിടിയിലായ പ്രതികളിൽ ആറു പേർ നുണപരിശോധനക്ക് തയാറാകുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP