Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാറികളിലെ ആദായനികുതി റെയ്ഡിൽ കണ്ടെത്തിയത് 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും; മുന്മന്ത്രി കുരുവിളയ്ക്കും നേതാക്കൾക്കും ക്വാറി ഉടമകളുമായി വൻ സാമ്പത്തിക ഇടപാടുകൾ; ടോറസ് ലോറിയിലെ പ്രത്യേക അറയിൽ നിന്നും കണ്ടെടുത്തത് രണ്ട് കോടി രൂപ

ക്വാറികളിലെ ആദായനികുതി റെയ്ഡിൽ കണ്ടെത്തിയത് 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും; മുന്മന്ത്രി കുരുവിളയ്ക്കും നേതാക്കൾക്കും ക്വാറി ഉടമകളുമായി വൻ സാമ്പത്തിക ഇടപാടുകൾ; ടോറസ് ലോറിയിലെ പ്രത്യേക അറയിൽ നിന്നും കണ്ടെടുത്തത് രണ്ട് കോടി രൂപ

വിഷ്ണു ജെജെ നായർ

കൊച്ചി:  എറണാകുളം, കോട്ടയം ജില്ലകളിലെ ക്വാറികളിൽ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. മൂന്ന് ദിവസങ്ങളിലായി നാല് പ്രധാന ക്വാറികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുമാണ് കണ്ടെത്തിയത്.

റെയ്ഡിനിടെ കള്ളപ്പണ കണക്കുകൾ സൂക്ഷിച്ച പെൻഡ്രൈവുകൾ ടോയ്‌ലെറ്റിലും കാട്ടിലുമെറിഞ്ഞ് നശിപ്പിക്കാനും ശ്രമം നടന്നു. മുൻ മന്ത്രി ടിയു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, ഐഎൻടിയുസി നേതാവ് പിടി പോൾ എന്നിവർക്കും ക്വാറി ഉടമകളുമായി വൻ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയതാണ് റിപ്പോർട്ടുകളുണ്ട്.

നാല് ക്വാറികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. 250 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കള്ളപ്പണ-ബിനാമി ഇടപാടുകളും വലിയ നിക്ഷേപങ്ങളുമാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്‌സ്, നെടുങ്കുന്നത്തെ റോയൽ ഗ്രാനൈറ്റ്‌സ് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

നേരത്തെ തന്നെ വിവാദങ്ങളിൽ ഇടം പിടിച്ച കോതമംഗലത്തെ റോയി തണ്ണിക്കോടിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റോയുടെ വിവാദ കാർ യാത്രയും ടിപ്പർ ഘോഷയാത്രയുമൊക്കെ വാർത്തയായിരുന്നു. കോവിഡ് കാലത്ത് നിശാപാർട്ടി സംഘടിപ്പിച്ച് ബെല്ലി ഡാൻസ് നടത്തിയതും റോയിയെ വാർത്താതാരമാക്കി.

റെയ്ഡിനിടെ കണക്കുകൾ സൂക്ഷിച്ച പെൻഡ്രൈവുകൾ ക്വാറി ജീവനക്കാർ നശിപ്പിക്കാനും ശ്രമിച്ചു. ഇലഞ്ഞിയിലുള്ള ലക്ഷ്വറി ഗ്രാനൈറ്റിന്റെ ക്വാറിയിൽ നിന്നാണ് അവരുടെ കണക്കുകൾ അടങ്ങിയ പെൻഡ്രൈവ് കാട്ടിലേക്ക് എറിഞ്ഞുകളയാൻ ശ്രമിച്ചത്. ഇത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രയാസപ്പെട്ട് കണ്ടെടുത്തു. റോയൽ ഗ്രാനൈറ്റ്‌സിലും സമാനമായ സംഭവമുണ്ടായി. ഇവരുടെ കണക്കുകൾ ടോയ്‌ലെറ്റിലേക്ക് എറിഞ്ഞുകളയാനാണ് ശ്രമം നടന്നത്.

ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ടോറസ് ലോറിയിൽ പ്രത്യക അറയുണ്ടാക്കിയാണ് ഇവർ കണക്കിൽപ്പെടാത്ത പണവും മറ്റും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ഉദ്യോഗസ്ഥർ പണമായി കണ്ടെത്തിയത്. ഇതു കൂടാതെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഈ ക്വാറികളുടെ രാഷ്ട്രീയ ബന്ധവും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അംഗമാലിയിലെ കോൺഗ്രസ് നേതാവായ പിടി പോൾ, മൂവാറ്റുപഴയിലെ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടിയു കുരുവിള എന്നിവരും ക്വാറി ഉടമകളുമായുള്ള വൻ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പല ക്വാറികളിലും നിക്ഷേപങ്ങളുണ്ട്.

ഇവരെയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്തേക്കും. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനും സാധ്യതകളുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP