Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും'! ദേശീയ അന്വേഷണ ഏജൻസിയോട് എലത്തൂരിലെ പ്രതി പറഞ്ഞത് എക്‌സിക്യൂട്ടീവ് തീവണ്ടി കത്തുമെന്ന് തന്നെ; കണ്ണൂരിലെ 'അഗ്നി'യ്ക്ക് പിന്നിൽ തീവ്രവാദ ശക്തികൾ; കണ്ണൂരിൽ അറസ്റ്റിലായ 'ഭിക്ഷക്കാരനേയും' എൻഐഎ ചോദ്യം ചെയ്യും; കണ്ണൂരിലെ അട്ടിമറിക്ക് പിന്നിൽ റെയ്ഡുകളോടുള്ള പ്രതികാരമോ?

'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും'! ദേശീയ അന്വേഷണ ഏജൻസിയോട് എലത്തൂരിലെ പ്രതി പറഞ്ഞത് എക്‌സിക്യൂട്ടീവ് തീവണ്ടി കത്തുമെന്ന് തന്നെ; കണ്ണൂരിലെ 'അഗ്നി'യ്ക്ക് പിന്നിൽ തീവ്രവാദ ശക്തികൾ; കണ്ണൂരിൽ അറസ്റ്റിലായ 'ഭിക്ഷക്കാരനേയും' എൻഐഎ ചോദ്യം ചെയ്യും; കണ്ണൂരിലെ അട്ടിമറിക്ക് പിന്നിൽ റെയ്ഡുകളോടുള്ള പ്രതികാരമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും' എന്ന, വ്യാപക അർഥം കൽപിക്കാവുന്ന മൊഴി ഷാറുഖ് സെയ്ഫി നൽകി. പിന്നാലെ കത്തിക്കലും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ നിർണ്ണായകമായത്.

പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളാണു ചോദ്യം ചെയ്യലിൽ ഷാറൂഖ് സെയ്ഫി നൽകിയത്. ഇതിനിടെയാണ് 'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും' എന്ന് പറഞ്ഞത്. അതാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമാകും. കേരളത്തിൽ വൻ തീവ്രവാദ സംഘം തമ്പടിക്കുന്നുവെന്നാണ് എൻഐഎ നിഗമനം. കേരളത്തിൽ ഭീതി ജനിപ്പിക്കാനാണ് തീവണ്ടിക്ക് തീവച്ചതെന്നാണ് വിലയിരുത്തൽ.

എൻഐഎ രജിസ്റ്റർ ചെയ്ത തീവ്രവാദ റിക്രൂട്‌മെന്റ് കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ ബിഹാർ, കർണാടക എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും റെയ്ഡ് നടത്തിയിരുന്നു. ഈ സംഘത്തോടു കേരളത്തിൽ തുടരാൻ ഡയറക്ടറേറ്റിൽ നിന്നു നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഇതിന്റെ പ്രതികാരമാണോ കണ്ണൂരിലെ കത്തിക്കൽ എന്നും പരിശോധിക്കും. ഷാറൂഖ് സെയ്ഫിക്ക് എലത്തൂരിലെ കത്തിക്കലിന് ശേഷം ചില സഹായങ്ങൾ കിട്ടിയെന്ന സംശയം ഉയർന്നിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് കഴിഞ്ഞ ദിവസത്തെ കത്തിക്കൽ.

എലത്തൂർ കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ എൻഐഎ സംഘവുമായും പോപ്പുലർ ഫ്രണ്ട് കേസിലെ അന്വേഷകർ ആശയവിനിമയം നടത്തി. ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളുമായി ട്രെയിൻ തീവയ്പിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ പ്രത്യേക കോടതി ഇന്നലെ രണ്ടാഴ്ചത്തേക്കു കൂടി റിമാൻഡ് ചെയ്തു. ഇയാൾ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യം വീണ്ടെടുക്കുന്ന ഘട്ടത്തിൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

കണ്ണൂരിൽ തീപിടിത്തമുണ്ടായത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ തന്നെ. ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടിവ് എക്സ്‌പ്രസിലാണ് തീപിടിത്തമുണ്ടായത്. ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽവച്ചാണ് ട്രെയിനുള്ളിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫി അറസ്റ്റിലായിരുന്നു. എന്നാൽ രണ്ടു തീപിടുത്തങ്ങളിലും ദുരൂഹതയേറുകയാണ്. കാരണം ഏലത്തൂർ റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേ ട്രാക്കിനോടുചേർന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണ ശാല സ്ഥിതി ചെയ്യുന്നത്. കൂടാതെ കണ്ണൂരിൽ തീപിടിച്ച ട്രെയിനിന്റെ കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെ മാത്രമാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രവും പ്രവർത്തിക്കുന്നത്. രണ്ടിടത്തും വഴിമാറിയത് വൻ ദുരന്തം തന്നെയാണ്.

ഏലത്തൂർ റെയിൽവേ സ്റ്റേഷന് എതിർവശം ഗുഡ്സ് ട്രെയിനുകളിൽ എത്തിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കിൽ ശേഖരിച്ച് പൈപ്പ് ലൈൻ വഴി റെയിൽവേ ട്രാക്കിന് അടിയിലൂടെ എതിർവശത്തുള്ള പ്ലാന്റിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്. ദൃക്സാക്ഷി മൊഴി അനുസരിച്ച് ഈ ഭാഗത്തുവച്ചാണ് ട്രെയിനിൽ തീപടർന്നത്. ബോഗികളിൽനിന്ന് തീ പുറത്തേക്ക് പടർന്നിരുന്നെങ്കിൽ ഇന്ധന പ്ലാന്റിലേക്ക് പടരാനുള്ള സാധ്യതയുണ്ടായിരുന്നു. അതേസമയം കണ്ണൂരിൽ തീപിടിച്ച ടെയിനിന്റെ കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്.

ഫോറൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് റെയിൽവേയുടെ വിശദീകരണം. പെട്രോൾ ഒഴിച്ച് തീവണ്ടി ബോധപൂർവ്വം കത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത നിലയിൽ കണ്ടെത്തി. കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് കാനുമായി ബോഗിയിലേക്ക് ഒരാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് നിർണ്ണായകമായത്. തീപിടിച്ച കോച്ച് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അതിനിടെ സംഭവത്തെ കുറിച്ച് റെയിൽവേ പൊലീസിൽ നിന്ന് എൻഐഎ വിവരങ്ങൾ ശേഖരിച്ചു. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.

എൻജിൻ വേർപെടുത്തിയ ശേഷം ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി പതിനൊന്നോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂർണമായും കത്തിനശിച്ചത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP