Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഒന്നര വർഷത്തെ പ്രണയത്തിൽ ടിസനും സജിതയും കണ്ടു മുട്ടിയത് അഞ്ചു തവണ; ബ്രിട്ടനിൽ സഹോദരനുള്ളത് ലണ്ടൻ മലയാളിയെ അവിഹിത ബന്ധത്തിലെ കാമുകനാക്കാൻ കാരണമായി; ബന്ധത്തിന് ശക്തിപകർന്നത് ലണ്ടൻ ഡ്രീംസ് തന്നെ; പ്ലാനുകൾ മുഴുവൻ തെറ്റിച്ചത് ഉറക്കഗുളികകളുടെ എണ്ണം; യുകെയിലെ മലയാളി പ്രതിയായ കൊലപാതക ഡയറി പൊലീസ് വീണ്ടും തുറക്കുമ്പോൾ

ഒന്നര വർഷത്തെ പ്രണയത്തിൽ ടിസനും സജിതയും കണ്ടു മുട്ടിയത് അഞ്ചു തവണ; ബ്രിട്ടനിൽ സഹോദരനുള്ളത് ലണ്ടൻ മലയാളിയെ അവിഹിത ബന്ധത്തിലെ കാമുകനാക്കാൻ കാരണമായി; ബന്ധത്തിന് ശക്തിപകർന്നത് ലണ്ടൻ ഡ്രീംസ് തന്നെ; പ്ലാനുകൾ മുഴുവൻ തെറ്റിച്ചത് ഉറക്കഗുളികകളുടെ എണ്ണം; യുകെയിലെ മലയാളി പ്രതിയായ കൊലപാതക ഡയറി പൊലീസ് വീണ്ടും തുറക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഉറക്കത്തിൽ സംഭവിച്ച ഒരു സ്വാഭാവിക മരണം. ഹൃദയാഘാതം ആണെന്ന് വീട്ടുകാരും നാട്ടുകാരും വിധിയെഴുതും. കുറച്ചുകാലം എല്ലാവരും വിഷമത്തോടെ കഴിയും, പിന്നെ സ്വാഭാവികമായും മരണം മറവിയിൽ എത്തും. ഇങ്ങനെയാണ് പോൾ വർഗീസിന്റെ കൊലപാതകത്തിന് ഭാര്യ സജിതയും യുകെ മലയാളി ആയിരുന്ന ടിസനും ചേർന്ന് തിരക്കഥ തയ്യാറാക്കിയത്. എന്നാൽ വിധിയുടെ തിരക്കഥ മറ്റൊന്നായിരുന്നു. ഒരു ഭാര്യയ്ക്ക് എത്രമാത്രം ക്രൂരയായി മാറാൻ കഴിയും എന്ന് ലോകത്തോട് വിളിച്ചു പറയാൻ വിധി കരുവാക്കിയതും സജിതയെ തന്നെ.

രാവിലെ ഏഴു മണിക്ക് ജോലിക്കു പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന കുടുംബ നാഥന്റെ കഷ്ടപ്പാടുകൾ ലൗകിക സുഖം തേടി ഇറങ്ങിയ ഭാര്യയ്ക്ക് പുല്ലു വിലയായി മാറിയപ്പോൾ ആ നിര്ഭാഗ്യവാനായ യുവാവിന് സ്വന്തം ജീവനാണ് വിലയായി നൽകേണ്ടി വന്നത്. രണ്ടു പെണ്മക്കൾ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും സംരക്ഷണമോ വാത്സല്യമോ അറിയാതെ വളരാൻ ഇടയായതും സജിതയുടെ ബുദ്ധിമോശം വരുത്തി വച്ച വിനയായി ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുകയാണ്.

വെറും സാന്ദർഭികമായി എത്തിയ ഒരു പരിചയം ഒന്നിച്ചു ജീവിക്കണം എന്ന നിലയിലേക്ക് മാറാൻ പലതാണ് കാരണം എന്ന വിലയിരുത്തലാണ് കേസന്വേഷിച്ച തൃക്കാക്കര പൊലീസ് ടീം നടത്തുന്നത്. കേസിനു ചുക്കാൻ പിടിച്ച സർക്കിൾ ഇൻസ്പെക്ടർ സംഭവം നടന്നു എട്ടു വർഷമായിട്ടും ഇത് സംബന്ധിച്ച ഓരോ വിവരവും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. കൃത്യത്തിൽ പ്രതികളായ രണ്ടു പേരും തുല്യ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ഒരാൾ മാത്രം ശിക്ഷ അനുഭവിക്കേണ്ടി വന്ന സാഹചര്യം ഇപ്പോൾ പുനഃ പരിശോധിക്കാൻ തയ്യാറാവുകയാണ് പൊലീസ്.

വിചാരണയിൽ എവിടെയാണ് വീഴ്ച വന്നതെന്ന് കണ്ടെത്തി ശിക്ഷ ലഭിക്കാതെ പുറത്തെത്തിയ കഥാനായകൻ ടിസനുകൂടി അർഹമായ ശിക്ഷ വാങ്ങി നൽകണം എന്ന ദൗത്യമാണ് ഇപ്പോൾ പൊലീസിനെ തേടി എത്തിയിരിക്കുന്നത്. പൊലീസിന്റെ ഭാഷയിൽ ഒന്നിന് പിന്നാലെ ഒന്നായി വിളക്കി ചേർക്കാവുന്ന പല ഘടകങ്ങൾ എത്തിയപ്പോഴാണ് ഈ കേസ് ഇത്തരത്തിൽ പരിണമിച്ചത് എന്നാണ് ബോധ്യപ്പെടുന്നത്.

വെറും ഒന്നര വർഷത്തെ പരിചയം മാത്രമാണ് ടിസനും സജിതയും തമ്മിൽ ഉണ്ടായിരുന്നത്. രണ്ടു പേരും ദാമ്പത്യ ജീവിതത്തിൽ എത്ര മാത്രം സംപതൃപ്തരായിരുന്നു എന്നതും കേസിനു പ്രേരകമായ ബാഹ്യ ഘടകം ആയിരിക്കണം. സജിതയും പോളും തമ്മിൽ പത്തു വയസ്സിന്റെ അകലം ഉണ്ടായിരുന്നത് പോലെ ടിസനും ഭാര്യയും തമ്മിലും സമാനമായ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുമാണ് ടിസൻ വിവാഹം കഴിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശിയായ ടിസനു പെണ്ണ് ലഭിക്കാൻ പ്രയാസം നേരിട്ടതിനാലാണ് വിവാഹം വൈകിയതും പാലക്കാട് ജില്ലാ വരെ പെണ്ണന്വേഷിച്ചു നടക്കേണ്ടി വന്നതും ഒടുവിൽ ഇടത്തരക്കാരായ കുടുംബത്തിൽ പോയി ബന്ധം ഉറപ്പിക്കേണ്ടി വന്നതുമെന്നുമാണ് ടിസന്റെ നാട്ടുകാർ നൽകുന്ന വിവരം.

ഈ വിവാഹത്തിൽ സ്വാഭാവികമായും ടിസൻ അത്ര സന്തുഷ്ടൻ അല്ലാതിരികെയാണ് വിസ കാലാവധി തീർന്നതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. അതേ സമയം ടിസന്റെ ഭാര്യക്ക് താൽക്കാലികമായി ഒരു ജോലി കണ്ടെത്താൻ സന്മനസുള്ള ഒരു മലയാളി തന്റെ സ്ഥാപനം വഴി തയ്യാറാവുകയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിൽ തന്നെ ജോലി അന്വേഷിച്ചെത്തിയ ടിസന്റെ പെരുമാറ്റം മൂലം ജോലി ലഭിക്കാതെ പോയതും അയാളെ നിരാശനാക്കിയിരിക്കണം. ഈ സാഹചര്യത്തിൽ നാട്ടിൽ എത്തിയ അയാൾ മറ്റുള്ളവരോട് പറഞ്ഞ അതേ കള്ളം സജിതയോടും പറയാൻ മടിച്ചില്ല. ഉടൻ യുകെയിലേക്കു മടങ്ങുകയാണ് എന്നാണ് ടിസൻ ഏവരോടും പറഞ്ഞിരുന്നത്. സജിതയും ഇത് വിശ്വസിച്ചു. ഇതിനു അവർക്കു പല കാരണങ്ങൾ ഉണ്ടായിരുന്നു.

സജിതയുടെ യുകെയിൽ ഉള്ള സഹോദരന് ജോലി സംബന്ധിച്ച ഒരു പ്രയാസം നേരിട്ടപ്പോൾ ടിസൻ യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടന നേതാവിനെ ബന്ധപ്പെടുകയും ജോലി സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. ഇത് സജിതയ്ക്കു ടിസനോടുള്ള പ്രണയത്തിൽ ആരാധന സൃഷ്ടിച്ച സംഭവമാണ്. തന്റെ കാമുകൻ യുകെയിൽ പോലും വലിയ ബന്ധങ്ങൾ ഉള്ള ആളാണെന്നു നാട്ടിൻ പുറത്തുകാരിയായ ആ വീട്ടമ്മ മനക്കോട്ട കെട്ടി. ഇത് അവസരമായി ടിസൻ വിനിയോഗിക്കുകയും ചെയ്തു. കൂടാതെ സജിതയുടെ മൂത്ത മകൾക്കു ഉള്ള ശാരീരിരിക അസ്വസ്ഥതകൾ മനസിലാക്കി ടിസൻ കൂടെക്കൂടെ രോഗവിവരം തിരിക്കി വിളിച്ചിരുന്നതും സജിതയ്ക്കു പ്രണയം കലശലാകാൻ കാരണമായി.

രാവിലെ ജോലിക്കു പോയി വൈകിട്ട് എത്തുന്ന ഭർത്താവ് മറന്നു പോകുന്ന കാര്യങ്ങൾ പോലും യുകെയിൽ നിന്നും വിളിച്ചു ചോദിക്കാൻ ഒരാൾ ഉണ്ടായപ്പോൾ താനും കുട്ടികളും അയാളുടെ സ്‌നേഹത്തിൽ സുരക്ഷിതർ ആണെന്നും സജിത കരുതി. മക്കളിലൂടെയാണ് അയാൾ തന്നിലേക്ക് അടുത്തത് എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ വശ്യമായി സംസാരിക്കുന്ന സുന്ദരമായ ശബ്ദം കേട്ടാണ് താൻ സജിതയിൽ ആകൃഷ്ടനായത് എന്ന് ടിസനും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതോടെ രണ്ടു കൂട്ടർക്കും അടുക്കാൻ ആവശ്യത്തിലേറെ കാരണമായി.

എന്നാൽ ഇതിനായി ഒരു പാവം മനുഷ്യന്റെ ജീവൻ എടുത്തത് എന്തിനു? രണ്ടു പേർ തമ്മിൽ പ്രണയമായാൽ ഒരുമിച്ചു ജീവിക്കാമല്ലോ? ഈ ചോദ്യങ്ങൾക്കു സജിത നൽകുന്ന ഉത്തരം പോളിന്റേത് സ്വാഭാവിക മരണം ആകുകയും പിന്നീട് ഏവരും സംഭവം മറക്കുമ്പോൾ തനിക്കും ടിസനും മക്കളോടൊപ്പം ഒന്നിച്ചു ജീവിക്കാനും കഴിയും എന്ന പ്ലാൻ ആണ് കൊലയിലേക്കു എത്തിച്ചതെന്നാണ്. മാത്രമല്ല ഒളിച്ചോടുന്നത് മൂലമുള്ള നാണക്കേട് ഒഴിവാക്കാനും അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തടസ്സമായത് ഉറക്കഗുളികയാണ്. പോൾ വർഗീസിന്റെ അമ്മയ്ക്ക് ഉറക്കകുറവിനു ലഭിച്ചിരുന്ന ഗുളിക അധികമായി വാങ്ങാൻ സജിത ശ്രമിച്ചെങ്കിലും വെറും പത്തെണ്ണമാണ് സംഭവ ദിവസം ലഭിച്ചത്.

ബയോ കെമിസ്ട്രി ബിരുദധാരി കൂടിയായ ടിസൻ നിർദ്ദേശിച്ചത് 40 ഗുളികയാണ്. എന്നാൽ സജിത നൽകിയ 10 ഗുളികകൾ അടങ്ങിയ ഭക്ഷണം പോലും പോൾ വർഗീസ് അന്ന് രാത്രിയിൽ പൂർണമായും കഴിച്ചിരുന്നി . അധിക ഡോസ് ഗുളിക കഴിച്ചാൽ സ്വയം മരിച്ചോളും എന്ന പ്ലാൻ തെറ്റുന്നത് അങ്ങനെയാണ്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ടിസനും സജിതയും ചേർന്ന് തോർത്തും തലയിണയും ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് കൊലപ്പെടുത്തിയത്. പൂർണ മയക്കത്തിൽ അല്ലാതിരുന്ന പോൾ എതിർക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിൽ പാട് വീണത്. ഇത് ഹെല്മറ്റിന്റെ കൊളുത്തു ഉരസിയ് പാടാണെന്നു സജിത പൊലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെങ്കിലും പുറത്തു നിന്നുള്ള ബലപ്രയോഗമാണ് മരണകാരണമായത് എന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ വ്യക്തമായി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ കൊലയ്ക്കു ശേഷം സ്വന്തം പറമ്പിലെ കൈതച്ചക്കയും രണ്ടു നാൾ കഴിഞ്ഞെത്തുന്ന ക്രിസ്മസിനായി ആശംസ കാർഡും നൽകി കാമുകനെ യാത്രയാക്കിയ സജിതയ്ക്കു തെല്ലും പശ്ചാത്താപം കൊലയ്ക്കു ശേഷവും തോന്നിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. കൊല നടന്ന ഡിസംബർ 21 നു നേരത്തെ വീട്ടിൽ എത്തി ഒളിച്ചിരുന്ന ടിസൻ സജിതയുമായി കിടപ്പറ പങ്കിട്ട ശേഷമാണു അതേ മുറിയിൽ വച്ച് പോളിന്റെ ജീവിതം അസാനിപ്പിച്ചത്. കാമുകനെ തൃപ്തിപ്പെടുത്താൻ പെണ്മക്കളെ രാത്രി എട്ടുമണിയോടെ ഉറക്കാൻ പ്രേരിപ്പിച്ചാണ് സജിത ഭർത്താവിന് മരണം വിധിക്കാൻ കാമുകനും ഒത്തു കാത്തിരുന്നതും.

ടിസൻ യുകെയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം വെറും അഞ്ചു തവണ മാത്രമാണ് ഇവർ നേരിൽ കണ്ടത്. ഈ കണ്ടുമുട്ടൽ പലപ്പോഴും കൊച്ചിയിലും മറൈൻ ഡ്രൈവിലും ആയിരുന്നു. പകൽ വീട്ടിൽ എത്തുമ്പോൾ അമ്മയ്ക്ക് ഉറക്ക ഗുളിക നൽകി ആരുടേയും കണ്ണിൽ പെടാതിരിക്കാൻ ഉള്ള സാഹചര്യവും സജിത സൃഷ്ടിച്ചു. വീടിനു പരിസരത്തു മറ്റു വീടുകൾ ഇല്ലാതിരുന്നതും അനുകൂല ഘടകമായി. ആരെങ്കിലും കണ്ടാൽ തന്നെ പൈനാപ്പിൾ കൃഷി നോക്കാൻ എത്തുന്ന കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ ആണെന്ന് പറയാൻ ഉള്ള കഥയും ഇരുവരും മെനഞ്ഞിരുന്നു.

ഇത്തരത്തിൽ വലിയ തരത്തിൽ പല പ്ലാനുകൾ തയ്യാറാക്കിയാണ് സജിതയും ടിസനും തങ്ങളുടെ ബന്ധം ഉറപ്പിച്ചെടുത്തത്. എന്നാൽ എവിടെയും വിധിയുടെ പ്ലാൻ ആണ് അന്തിമമായി നടപ്പാക്കപ്പെടുക എന്നതാണ് ഈ കേസ് സമൂഹത്തിനു നൽകുന്ന സന്ദേശം. എന്നിട്ടും വിധിക്കു എവിടെയോ തെറ്റിയോ എന്ന് ഓർമ്മിപ്പിക്കും വിധമാണ് ടിസൻ പുറത്തെത്തിയിരിക്കുന്നത്. അതോ അത് വിധിയുടെ മറ്റൊരു ആവശ്യമാണോ, കാലം ഉത്തരം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP