Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ നേരെ എത്തിയത് തിരൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; രക്തക്കറകൾ കഴുകിയും വസ്ത്രങ്ങൾ തീയിട്ടും തെളിവ് നശിപ്പിച്ചത് കാര്യാലയത്തിൽ വച്ച്; മതം മാറിയ ഫൈസലിനെ കൊന്നതിലെ ഗൂഢാലോചനയുടെ ചുരുളഴിച്ച് പൊലീസ്; കൊലക്കത്തിയും കണ്ടെടുത്തു

വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ നേരെ എത്തിയത് തിരൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; രക്തക്കറകൾ കഴുകിയും വസ്ത്രങ്ങൾ തീയിട്ടും തെളിവ് നശിപ്പിച്ചത് കാര്യാലയത്തിൽ വച്ച്; മതം മാറിയ ഫൈസലിനെ കൊന്നതിലെ ഗൂഢാലോചനയുടെ ചുരുളഴിച്ച് പൊലീസ്; കൊലക്കത്തിയും കണ്ടെടുത്തു

എം പി റാഫി

മലപ്പുറം: കൊടിഞ്ഞി പുല്ലാണി ഫൈസൽ  വധക്കേസിലെ പ്രതികൾ  ഗൂഢാലോചന നടത്തിയത് ആർഎസ്എസ് ആസ്ഥാനത്തു തന്നെ. മതംമാറിയ വൈരാഗ്യത്തിന്  ഫൈസലിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ തിരൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ഗൂഢാലോചന നടന്നതിന് ക്രൈംബ്രാഞ്ചിന് കൂടുതൽ തെളിവുകൾ ലഭിച്ചു. പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ആയുധം ഒളിപ്പിക്കാൻ സഹായിച്ച ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ഇന്നലെ  കേസിലെ സൂത്രധാരനും ആർഎസ്എസ് നേതാവുമായ  തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണനെ ഉപയോഗിച്ച് ആർഎസ്എസ്. ആസ്ഥാനമായ സംഘ്മന്ദിറിൽ നടത്തിയ തെളിവെടുപ്പിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. നാരായണൻ സംഘ് മന്ദിറിലെ ലാൻഡ് ഫോണിൽ നിന്ന് പ്രതികളെയും അവർ തിരിച്ചും വിളിച്ചതായി കണ്ടെത്തി. ഇയാൾ ഇവിടെ താമസിച്ചിരുന്നതായും വ്യക്തമായി.

ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് സംഘ് മന്ദിറിൽ തെളിവെടുപ്പ് നടക്കുന്നത്. കൃത്യം നിർവഹിച്ച സംഘത്തിലുണ്ടായിരുന്ന ബിബിൻദാസിനെയും ഇന്നലെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ച് കൃത്യത്തിനുപയോഗിച്ച കത്തി ആലത്തിയൂർ കുട്ടിച്ചാത്തൻപടി-കൈനിക്കര റോഡിലെ ഓവുപാലത്തിനടയിലെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തി. 

തുടർന്ന് കത്തി ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ അയൽവാസി തോട്ടശ്ശേരി വിഷ്ണു (27) വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിച്ചാത്തൻ പടി വടക്കേപാടത്തു നിന്ന് വൈകിട്ട് ആറ് മണിയോടെയാണ്22 സെന്റീമീറ്റർ നീളമുള്ള കത്തി കണ്ടെടുത്തത്.  ബിബിൻദാസ്  നൽകിയ വിവരത്തെ തുടർന്ന് ഇവിടെ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഫൈസലിന്റെ വയറിന് കുത്തിയിരുന്നത് ബിബിൻ ദാസാണ്.    സംഘ് മന്ദിറിൽ നിന്ന് ചില രേഖകൾ പൊലീസ് കണ്ടെടുത്തു.

കൃത്യം നടത്തിയ ശേഷം താനുൾപ്പടെയുള്ളവർ സംഘ് മന്ദിറിലെത്തി രക്തക്കറ കഴുകിക്കളഞ്ഞതായും വസ്ത്രം തീയിട്ടു നശിപ്പിച്ചതായും ബിബിൻദാസ് മൊഴി നൽകി.  ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ തുടങ്ങിയ സംഘ് മന്ദിറിലെ തെളിവെടുപ്പ് രണ്ട് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ മാസം കൃത്യത്തിൽ പങ്കെടുത്ത രണ്ട് പ്രതികളെ ഇവിടെ കൊണ്ടുവന്ന് ലോക്കൽ പൊലീസും തെളിവെടുപ്പ് നടത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.കെ  ബാബു,  പെരിന്തൽമണ്ണ ഡിവൈഎസ്‌പി   എംപി മോഹനചന്ദ്രൻ , താനൂർ സി.ഐ     അലവി, എസ്.ഐമാരായ    പി ചന്ദ്രൻ (വണ്ടൂർ), വിശ്വനാഥൻ കാരയിൽ (തിരൂരങ്ങാടി), കെ.ആർ രഞ്ജിത്ത് (തിരൂർ), അഡീഷണൽ എസ്. ഐ  സന്തോഷ് പൂതേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.  ആർഎസ്എസ് നേതാവ് മഠത്തിൽ നാരായണനാണ് കൃത്യം നടത്തിയ പ്രതികൾക്ക് വ്യക്തമായ പ്ലാനിംങും നിർദ്ദേശവും നൽകിയത്. കേസിലെ മറ്റു പ്രതികളുമായി തിരൂരങ്ങാടി കൊടിഞ്ഞിയിലെത്തി മഠത്തിൽ നാരായണൻ പല തവണ ചർച്ച നടത്തിയിരുന്നു. സംഘ മന്ദിറിലും പ്രതികൾ താമസിച്ചിരുന്നു.

നവംബർ 19 ന് പുലർച്ചെ ഫൈസലിനെ ബൈക്കിലെത്തിയ നാലു പേർ ഫാറൂഖ് നഗറിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന മാരകായുധങ്ങൾ കൊണ്ട് ശരീരത്തിൽ വെട്ടുകയും ബിബിൻദാസിന്റെ കൈയിലെ കത്തി ഉപയോഗിച്ച് ഫൈസലിന്റെ വയറിൽ കുത്തുകയുമായിരുന്നു. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഘം തിരൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തി. രക്തക്കറകൾ കഴുകിയും വസ്ത്രങ്ങൾ തീയിട്ടും തെളിവുകൾ നശിപ്പിച്ചു. പ്രതികളായ പ്രജീഷ്, ബിബിൻ എന്നിവർ ആയുധങ്ങൾ അവരവരുടെ വീടിനു സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇന്നലെ കണ്ടെടുത്ത ആയുധത്തിന് പുറമെ ഒന്നാം പ്രതി പ്രജീഷ് തിരൂർ-പൊന്നാനി പുഴയിൽ ഉപേക്ഷിച്ച കൊടുവാൾ നേരത്തെകണ്ടെത്തിയിരുന്നു.

ഇതുവരെ അറസ്റ്റിലായ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. നേരത്തെ കേസിൽ അറസ്റ്റിലായ ആകെ  15 പ്രതികളിൽ 11 പേർക്ക് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചചയാണ് പ്രതികൾക്ക് ജാമ്യം കിട്ടിയതെന്ന ആക്ഷേപം വ്യാപകമായി ഉയർന്നു. ഒരു ലക്ഷം രൂപയും ആൾ ജാമ്യത്തിലുമാണ് ഇവർ ഇറങ്ങിയത്. ജില്ല വിടരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ എല്ലാ ബുധനാഴ്ചയും ഹാജരാവുക തുടങ്ങിയ ഉപാധികളോടെയായിരുന്നു 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയവരെയും സഹായിച്ചവരെയും  കേസിൽ പ്രതി ചേർക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.കെ ബാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP