Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളിയാഴ്ച കോടതി അവധിയായതിനാൽ ഇന്ന് തന്നെ പുറത്തിറക്കാൻ മുന്നിലുള്ളത് സാക്ഷാൽ പിണറായി; ബിഡിജെഎസ് നേതാവിന്റെ ആരോഗ്യത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചത് അമിത് ഷായുടെ ഇടപെടൽ ഉറപ്പാക്കാൻ; തുഷാറിനെ അജ്മാൻ ജയിൽ നിന്നും മോചിപ്പിക്കാൻ നടക്കുന്നത് അതിവേഗ ശ്രമങ്ങൾ; സഹായത്തിനു ബിജെപി നേതൃത്വവും; ബിനോയിയോട് കാട്ടാത്ത ആവേശം തുഷാറിനോട് കാട്ടുന്നതിൽ കോടിയേരിക്ക് അതൃപ്തിയും; വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഏവരും രാഷ്ട്രീയം മറക്കുമ്പോൾ

വെള്ളിയാഴ്ച കോടതി അവധിയായതിനാൽ ഇന്ന് തന്നെ പുറത്തിറക്കാൻ മുന്നിലുള്ളത് സാക്ഷാൽ പിണറായി; ബിഡിജെഎസ് നേതാവിന്റെ ആരോഗ്യത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചത് അമിത് ഷായുടെ ഇടപെടൽ ഉറപ്പാക്കാൻ; തുഷാറിനെ അജ്മാൻ ജയിൽ നിന്നും  മോചിപ്പിക്കാൻ നടക്കുന്നത് അതിവേഗ ശ്രമങ്ങൾ; സഹായത്തിനു ബിജെപി നേതൃത്വവും; ബിനോയിയോട് കാട്ടാത്ത ആവേശം തുഷാറിനോട് കാട്ടുന്നതിൽ കോടിയേരിക്ക് അതൃപ്തിയും; വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഏവരും രാഷ്ട്രീയം മറക്കുമ്പോൾ

എം മനോജ് കുമാർ

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിൽ നിന്നും മോചിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് തിരക്കിട്ട ശ്രമങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണയുമായി രംഗത്തുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിലും നല്ലത് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങളാണ് നല്ലത് എന്ന തീരുമാനത്തിന്നൊടുവിലാണ് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്. കേരളത്തിലെ എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളി ജയിലിൽ കിടക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശ്‌നങ്ങളിൽ ഇടപെടുന്നുണ്ട്.

അതേസമയം ബിജെപിയുമായി അകന്നു കഴിയുകയാണെങ്കിലും തുഷാർ പ്രശ്‌നത്തിൽ ബിജെപിയുടെ സഹായം തേടി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുണ്ട്. എൻഡിഎ കൺവീനർ പദവിയിൽ തുടരുന്നതിനാൽ തുഷാർ പ്രശ്‌നത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ബിജെപി സംസ്ഥാന നേതൃത്വത്തോടും കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ജയിൽ മോചനത്തിനായി കേരള സർക്കാരും ഇടപെടൽ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പിണറായിയും വെള്ളാപ്പള്ളിയും സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ വ്യവാസയ പ്രമുഖന്റെ ഇടപെടലും പിണറായി ഉറപ്പാക്കും. നേരത്തെ ദുബായിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും കേസിൽ കുടുങ്ങിയിരുന്നു. അന്നൊന്നും പിണറായി വിജയൻ ഇടപെടലുകൾക്ക് നേരിട്ട് രംഗത്തിറങ്ങിയില്ല. എന്നാൽ തുഷാറിന്റെ കാര്യമെത്തിയപ്പോൾ പിണറായി കേന്ദ്രത്തിന് കത്ത് പോലും അയച്ചു. ഇതിൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതൃപ്തിയും ഉണ്ട്. എങ്കിലും എസ് എൻ ഡി പിയെ ഇടതുപക്ഷത്തുകൊണ്ടു വരാനുള്ള പിണറായിയുടെ ഉദ്ദേശ ശുദ്ധിയെ കോടിയേരി ചോദ്യം ചെയ്യില്ല.

അങ്ങനെ സിപിഎമ്മും ബിജെപിയും സംയുക്തമായാണ് തുഷാറിന് വേണ്ടി രംഗത്തുള്ളത്. അജ്മാനിൽ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ ഇന്നു തന്നെ ജയിൽ വിമോചിതനാക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി നേതൃത്വവും അടുപ്പമുള്ളവരും ശ്രമിക്കുന്നത്. തുഷാറിന് എതിരായി പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയോട് വെള്ളാപ്പള്ളിയുടെ അടുപ്പക്കാർ നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷെ പരാതിയും കേസും ആയതിനാൽ തുക മുഴുവൻ നൽകട്ടെ. എന്നിട്ട് കേസ് പിൻവലിക്കാം എന്നാണ് നാസിൽ നൽകിയ മറുപടി. എസ്എൻഡിപിയുമായി അടുപ്പമുള്ള ദുബായ് കേന്ദ്രമാക്കിയുള്ള മുഴുവൻ പേരും തുഷാറിന്റെ ജയിൽ വിമോചനത്തിനു രംഗത്തുണ്ട്. നാളെ വെള്ളിയാഴ്ചയായതിനാൽ അജ്മാൻ കോടതി അവധിയാണ്. അതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമം. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ ജയിൽവാസം നീളാൻ സാധ്യതയുള്ളതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമിക്കുന്നത്. ഇന്നു ജാമ്യം കിട്ടിയില്ലെങ്കിൽ ജയിൽ വാസം നീളാനുള്ള സാധ്യതകൾ വെള്ളാപ്പള്ളി നടേശനും മുന്നിൽ കാണുന്നത്. അതിനാൽ ജാമ്യക്കാരെ മുഴുവൻ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. അതിനായുള്ള ജാമ്യക്കാരെ എസ്എൻഡിപി നേതൃത്വം ഏർപ്പാടാക്കിയിട്ടുണ്ട്. അതിനാൽ ജാമ്യം ഇന്നു തന്നെ ലഭിക്കും എന്ന പ്രതീക്ഷയാണ് വെള്ളാപ്പള്ളി അടക്കമുള്ള എസ്എൻഡിപി നേതാക്കൾ മറുനാടനുമായി പങ്കു വെച്ചത്.

രണ്ടു ദിവസം മുൻപാണ് തുഷാർ അജ്മാനിലേക്ക് പോകുന്നത്. പ്രവാസി വ്യവസായിയെ കാണാനോ പണം സംബന്ധമായ കേസിൽ ധാരണയാക്കാനോ അല്ല തുഷാർ പോയത്. വേറെ ഒരു ബിസിനസ് ഡീൽ സംസാരിക്കാനാണ് തുഷാറിനു ക്ഷണം വന്നത്. അഭ്യുദയകാംക്ഷികളിൽ നിന്നും വന്ന ക്ഷണത്തിൽ വിശ്വസിച്ചാണ് തുഷാർ അജ്മാനിൽ കാൽ കുത്തിയത്. ഈ കേസ് അജ്മാനിൽ എത്തുമ്പോൾ തുഷാറിന്റെ മുൻപാകെയുണ്ടായിരുന്നില്ല. പക്ഷെ ഈ കേസിന്റെ കാര്യത്തിനാണ് എന്നും സംഭവം അറസ്റ്റിലേക്കാണ് നീങ്ങുന്നത് എന്നും അജ്മാനിൽ എത്തിയപ്പോഴാണ് തുഷാറിനു മനസിലായത്. അതുകൊണ്ട് തന്നെ ഒരു മുൻകരുതലിലും തുഷാറിനു കഴിഞ്ഞതുമില്ല. അറസ്റ്റ് വാർത്തയും വെള്ളാപ്പള്ളിയും വൈകിയാണ് അറിയുന്നത്. അതുകൊണ്ട് വെള്ളാപ്പള്ളിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷെ ഇപ്പോൾ വെള്ളാപ്പള്ളിയും എസ്എൻഡിപി നേതൃത്വവും അരയും തലയും മുറുക്കി തുഷാറിന് പിന്നാലെയുണ്ട്. 20 കോടി ഒരു പ്രശ്‌നമല്ലെന്നാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തർ വെള്ളാപ്പള്ളിയെ അറിയിച്ചത്. പക്ഷെ എത്രയും തുക കൊടുക്കാനില്ല എന്ന പ്രതികരണമാണ് ഇവരോട് വെള്ളാപ്പള്ളി നടത്തിയത്.

വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ ന്യായം ബിസിനസ് അവസാനിപ്പിച്ചു തന്നെ കാൽ നൂറ്റാണ്ടോളമായി എന്നതാണ്. കെട്ടിട നിർമ്മാണത്തിനായി നാസിൽ അബ്ദുള്ളയുടെ സ്ഥാപനത്തിൽ നിന്നും തുഷാർ സാമഗ്രികൾ വാങ്ങിയപ്പോൾ നിലനിന്ന കടം എന്നാണ് പ്രവാസി വ്യവസായി പറഞ്ഞത്. പക്ഷെ ഇത്ര തുകയില്ല എന്ന് വെള്ളാപ്പള്ളി പക്ഷവും ശഠിക്കുന്നു. പക്ഷെ ഊരിപ്പോരാൻ കഴിയില്ലെങ്കിൽ തുക അടയ്ക്കാൻ തന്നെയാണ് വെള്ളാപ്പള്ളി നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെയാണ് ഇന്നു തന്നെ തുഷാർ ജയിൽ വിമോചിതാകും എന്ന പ്രതീക്ഷ വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നത്. ഒരു ഒത്തുതീർപ്പ് ധാരണ ഇല്ലാതെ നിയമപരമായി കേസ് അവസാനിപ്പിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നുണ്ട്. നിയമനടപടികൾ വൈകുമെങ്കിൽ കേസ് ഒത്തു തീർക്കാൻ ധാരണയാവാം എന്നും തീരുമാനമുണ്ട്. അങ്ങിനെയെങ്കിൽ 20 കോടി രൂപ നൽകാം എന്ന ധാരണയാക്കി തുഷാറിനെ ഇറക്കാനാണ് ശ്രമം നടക്കുന്നത്.

പത്ത് വർഷം മുൻപ് അജ്മാനിലെ ബിസിനസ് ഡീലുകൾ തുഷാർ അവസാനിപ്പിച്ചതാണ്. പിന്നെയെങ്ങിനെ 20 കോടി രൂപയുടെ ചെക്ക് തുഷാറിനെതിരെ പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചു എന്നാണ് വെള്ളാപ്പള്ളിയും എസ്എൻഡിപി നേതാക്കളും അന്വേഷിക്കുന്നത്. തുഷാറിന്റെ അശ്രദ്ധ ഈ കാര്യത്തിൽ വന്നു ഭവിച്ചതായാണ് ഇവർ കണക്കുകൂട്ടുന്നത്. തുഷാറിന്റെ ചില ചെക്കുകൾ ബിസിനസ് അവസാനിപ്പിക്കുമ്പോൾ തുഷാറിന്റെ മാനജരുടെ കയ്യിലുണ്ടായിരുന്നു. ഈ ചെക്കുകളിൽ ഒന്നാണ് നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. ബ്ലാങ്ക് ചെക്കിൽ തുക പിന്നീട് എഴുതിചേർക്കപ്പെട്ടതാണ്. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു. കാരണം 20 കോടി രൂപയുടെ ഒരു ഡീൽ തുഷാർ നടത്തിയിട്ടില്ല. തുക എഴുതിയ മഷി പരിശോധിച്ചാൽ കൃത്രിമം വെളിയിൽ വരും. തുഷാറിന്റെ ഒപ്പ് പത്ത് വർഷം മുൻപുള്ളതാകും. തുക എഴുതിയത് പിന്നീടുമാകും. ഇത് പരിശോധനയിൽ വെളിയിൽ വരേണ്ട കാര്യമാണ്. ബ്ലാക്ക് ചെക്കിൽ തുക എഴുതി ചേർത്തതാണ് നടന്നത്. ഇതിൽ ഒരു ചതി മണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസിന്റെ കാര്യത്തിൽ ശ്രദ്ധിച്ച് നീങ്ങും-വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ നിമിഷം മുതൽ വെള്ളാപ്പള്ളി നടേശന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ഇരു ചേരികളിലാണെങ്കിലും തുഷാർ അറസ്റ്റിലായ നിമിഷം വെള്ളാപ്പള്ളിക്ക് നിരന്തര ഫോൺ കോളുകൾ ആണ്. മോചനത്തിനായി വെള്ളാപ്പള്ളി വിളിക്കുന്ന കാളുകൾ വേറെയും. വെള്ളാപ്പള്ളിക്ക് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കൾ മുഴുവൻ വിളിച്ച് വിവരങ്ങൾ തിരക്കിക്കഴിഞ്ഞു. അഭ്യുദയകാംക്ഷികളുടെ കാളുകൾ വേറെയും. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയും നിരന്തര ശ്രമത്തിലാണ്. അജ്മാനിൽ നിന്നും ഡൽഹിയിൽ നിന്നും വിളിക്കുന്ന കാളുകൾക്ക് കാതോർക്കുകയാണ് വെള്ളാപ്പള്ളിയും. പക്ഷെ ഒരു നിർദ്ദേശമാണ് വെള്ളാപ്പള്ളി കൈമാറിയത്. നാളെ അജ്മാൻ കോടതി അവധിയായതിനാൽ ഇന്നു തന്നെ തുഷാറിനെ പുറത്ത് ഇറക്കണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യണം. അതുകൊണ്ട് തന്നെയാണ് നിവൃത്തിയില്ലെങ്കിൽ 20 കോടി നൽകി കേസ് ഒത്തുതീർക്കാൻ വെള്ളാപ്പള്ളി അടുപ്പക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

10 വർഷം മുൻപ് നൽകിയ 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായശേഷം പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. അജ്മാനിലെ തൃശൂർ സ്വദേശിയായി വ്യവസായി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിന് എതിരെ രണ്ടു ദിവസം മുൻപ് പരാതി നൽകിയത്. പിന്നീട് തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ പൊലീസിന് കൈമാറുകയായിരുന്നു. അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതിയും അറസ്റ്റും വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP