Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

രണ്ടു വർഷം മുൻപ് കിട്ടിയ അടിക്ക് ഇത് വിദേശമലയാളിയുടെ പ്രതികാരം; യുവാവിനെ മുളകുപൊടി എറിഞ്ഞ് അടിച്ചു വീഴ്്ത്തിയത് പട്ടാപ്പകൽ; അവ്യക്തമായ സിസിടിവി ദൃശ്യം ഫോറൻസിക് വീഡിയോ അനാലിസിസ് വഴി വീണ്ടെടുത്തു; നാലംഗ ക്വട്ടേഷൻ സംഘത്തെ കുടുക്കി തിരുവല്ല പൊലീസ്

രണ്ടു വർഷം മുൻപ് കിട്ടിയ അടിക്ക് ഇത് വിദേശമലയാളിയുടെ പ്രതികാരം; യുവാവിനെ മുളകുപൊടി എറിഞ്ഞ് അടിച്ചു വീഴ്്ത്തിയത് പട്ടാപ്പകൽ; അവ്യക്തമായ സിസിടിവി ദൃശ്യം ഫോറൻസിക് വീഡിയോ അനാലിസിസ് വഴി വീണ്ടെടുത്തു; നാലംഗ ക്വട്ടേഷൻ സംഘത്തെ കുടുക്കി തിരുവല്ല പൊലീസ്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മഹേഷിന്റെ പ്രതികാരം മാതൃക ആവർത്തിക്കാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ. മുളകു പൊടിയെറിഞ്ഞ് വീഴ്‌ത്തി പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച ക്വട്ടേഷൻ ടീമിനെ നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ തിരിച്ചറിഞ്ഞ് കുടുക്കി തിരുവല്ല പൊലീസ്. കവിയൂർ സ്വദേശി മനീഷിന് നേരെ കഴിഞ്ഞ 12 ന് വൈകിട്ട് നാലിനാണ് കവിയൂർ പഴമ്പിള്ളി ജങ്ഷന് സമീപം വച്ച് ആക്രമണമുണ്ടായത്.

ആളൊഴിഞ്ഞ വഴിയരികിൽ കാറിൽ കാത്തുനിന്ന നാലംഗ സംഘം ബൈക്കിൽ വന്ന മനീഷിന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മനീഷിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മനീഷിന് പ്രതികളെപ്പറ്റി യാതൊരു സൂചനയും നൽകാനില്ലായിരുന്നു.

ദൃക്സാക്ഷികളും ഉണ്ടായിരുന്നില്ല. ഇതോടെ അന്വേഷണം തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലായി. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറിന്റെ അവ്യക്തമായ ഒരു സി സി ടി വി ദൃശ്യം മാത്രമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ഇതിൽ വാഹന നമ്പരും വ്യക്തമായിരുന്നില്ല. ഈ അവ്യക്തമായ ചിത്രം ഉപയോഗിച്ച് അതി നുതന സാങ്കേതിക വിദ്യയായ ഫോറൻസിക്ക് വീഡിയോ അനാലിസിസ് സംവിധാനം ഉപയോഗിച്ച് നൂറിൽ പരം സി സി ടി വി കളിലെ ദ്യശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അക്രമി സംഘം സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്.

തുടർന്ന് ഒരു പ്രതിയായ അനിൽകുമാറിന്റ നെടുമൺകാവിലെ വീട്ടിൽ നിന്നും നാല് പേരെയും പൊലീസ് പിടികൂടി. അക്കു എന്നറിയപ്പെടുന്ന അനിൽകുമാർ, കാർത്തികപ്പള്ളി സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന യദുകൃഷ്ണൻ, വീയപുരം സ്വദേശി കെ ഡി സതീഷ് കുമാർ, അമ്പലപ്പുഴ സ്വദേശി റോയി എന്ന് വിളിക്കുന്ന ഷമീർ ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.

തിരുവല്ല ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷന് ഉപയോഗിച്ച മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. ക്വട്ടേഷൻ നൽകിയ കവിയുർ സ്വദേശിയെയും കോ-ഓർഡിനേറ്റ് ചെയ്ത ഗുണ്ടാ തലവനേയും പിടികൂടാനുണ്ടെന്ന് തിരുവല്ല ഡിവൈ.എസ്‌പി എസ്.അഷാദ് പറഞ്ഞു.

ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിക്ക് രണ്ട് വർഷം മുൻപ് ഉണ്ടായ സംഘട്ടനത്തിൽ ഇപ്പോഴത്തെ പരാതിക്കാരനായ മനീഷ് ഉൾപ്പെട്ട സംഘത്തിൽ നിന്നും മർദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മനീഷിനെ ആക്രമിക്കാൻ ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപക്ക് ക്വട്ടേഷൻ നൽകിയത്.

ക്വട്ടേഷൻ തുക നാല് പേരും മുപ്പത്തി അയ്യായിരം രൂപ വീതം പങ്കിട്ടെടുത്തു. പ്രതികൾ വധശ്രമമടക്കം മറ്റ് നിരവധി കേസുകളിലും നേരത്തെ ഉൾപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP