Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

തിരുവല്ല കള്ളനോട്ട് കേസിൽ രാഷ്ട്രീയ ബന്ധങ്ങളും; നോട്ട് ഇരട്ടിപ്പിക്കാൻ ചെന്നവരിൽ ഉന്നത രാഷ്ട്രീയ നേതാക്കളും; ഒരു ഇടതു എംഎൽഎയുടെ പിഎ ഇരട്ടിപ്പിന് നൽകിയത് ആറു ലക്ഷമെന്ന് ഒന്നാം പ്രതി മൊഴി; ഉന്നതനെ കുറിച്ചു മൊഴി നൽകിയതോടെ പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം; കളമൊരുങ്ങുന്നത് കേസ് അട്ടിമറിക്കാൻ

തിരുവല്ല കള്ളനോട്ട് കേസിൽ രാഷ്ട്രീയ ബന്ധങ്ങളും; നോട്ട് ഇരട്ടിപ്പിക്കാൻ ചെന്നവരിൽ ഉന്നത രാഷ്ട്രീയ നേതാക്കളും; ഒരു ഇടതു എംഎൽഎയുടെ പിഎ ഇരട്ടിപ്പിന് നൽകിയത് ആറു ലക്ഷമെന്ന് ഒന്നാം പ്രതി മൊഴി; ഉന്നതനെ കുറിച്ചു മൊഴി നൽകിയതോടെ പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം; കളമൊരുങ്ങുന്നത് കേസ് അട്ടിമറിക്കാൻ

ശ്രീലാൽ വാസുദേവൻ

തിരുവല്ല : ഹോം സ്റ്റേകളിലും ആഡംബര ഫ്ളാറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം നടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി. നോട്ടിരട്ടിപ്പിനായി പ്രതികളെ സമീപിച്ചവരിൽ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. ഒരു ഇടത് എംഎൽഎയുടെ പിഎ ഇരട്ടിപ്പിക്കാൻ നൽകിയത് ആറു ലക്ഷമാണ്. ഇതു സംബന്ധിച്ച് മുഖ്യപ്രതി നൽകിയ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപം ഉയരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.

സംസ്ഥാന ഇന്റലിജൻസിന്റെ സമർഥമായ നീക്കത്തിനൊടുവിലാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ താമസിച്ച് മടങ്ങിയ വമ്പൻ കള്ളനോട്ട് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു ലോക്കൽ പൊലീസിന്റെ ജോലി. വ്യാഴാഴ്ച കോട്ടയത്ത് വച്ച് പ്രതികളിൽ ഒരാൾ പിടിയിലായി. ശേഷിച്ചവർ ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലേക്ക് ടാക്സി വാഹനത്തിൽ പോകുമ്പോൾ പന്തളത്ത് വച്ചാണ് അറസ്റ്റിലാകുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവരിൽ ചിലലെ പൊലീസ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതാണ് കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന സംശയം നൽകുന്നത്.

മുഖ്യ സൂത്രധാരൻ കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്.സജയൻ (35), കൊട്ടാരക്കര ജവഹർനഗർ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയിൽ സുധീർ (40 )എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികൾക്കൊപ്പം പിടികൂടിയിരുന്ന രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസിൽ പങ്കില്ലെന്ന് കണ്ട് ഒഴിവാക്കിയതായി ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തർ പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ഷിബുവിന്റെ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) ഉൾപ്പടെ അഞ്ച് പ്രതികളാണുള്ളത്. ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ട് വാങ്ങിയ ശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയാണ് സംഘത്തിന്റെ രീതി. ഇവർക്കെതിരേ വഞ്ചനാക്കുറ്റം മാത്രമാണ് നിലവിൽ ചുമത്തിയിട്ടുള്ളതെന്ന് അറിയുന്നു. ഇതും സംശയത്തിന് ഇട നൽകുന്നു.

പ്രതികളിൽ നിന്നും നാല് ലക്ഷത്തോളം രൂപയും രണ്ട് പ്രിന്ററുകളും നോട്ട് നിർമ്മിക്കാനുള്ള പേപ്പറുകളും രണ്ട് ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. 200,500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിർമ്മിച്ചിരുന്നത്. യഥാർഥ നോട്ടിൽ രാസവസ്തുക്കൾ പുരട്ടി കറുപ്പ് നിറമാക്കും. മറ്റൊരു രാസവസ്തു പുരട്ടിയാൽ കറുപ്പ് നിറം മാറി സ്വാഭാവികത കൈവരുമെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തും. അതിന് ശേഷം ഇടപാടുകാരിൽ നിന്നും പണം വാങ്ങും. ഇരട്ടിപ്പിച്ച് നൽകുന്ന നോട്ട് കെട്ടുകളുടെ താഴെയും മുകളിലും മാത്രമാകും യഥാർഥ നോട്ടുകൾ ഉള്ളത്. ഇടയിൽ നിറം മാറ്റം വരുത്തിയ വ്യാജനും തിരുകും.

അതിലെ കറുത്ത പാടുകൾ നീക്കാനുള്ള രാസവസ്തുവും ഇവർ തന്നെ നൽകും. അത് തേച്ച് പതിയെ ഉരയ്ക്കണമെന്നാണ് പറയുക. ഇങ്ങനെ ഉരയ്ക്കുമ്പോൾ വ്യാജനോട്ട് കീറിപ്പോകും. പരാതിപ്പെടാൻ വിളിച്ചാൽ നേരത്തേ നൽകിയ ഫോൺ നമ്പർ കിട്ടുകയില്ല. ഇനി അഥവാ കിട്ടിയാൽ തന്നെ നിങ്ങൾ നോട്ടു കീറിയത് ഞങ്ങൾ ഉത്തരവാദിയല്ല എന്ന മറുപടിയാകും ലഭിക്കുക.

യഥാർത്ഥ നോട്ടുകളുടെ കളർ പ്രിന്റ് എടുത്ത് അത് മൊബെലിൽ പകർത്തി വീഡിയോ ഇടനിലക്കാർ മുഖേനെ അയച്ചു കൊടുത്താണ് സംഘം ഇടപാടുകാരെ വലയിലാക്കുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ നോട്ട് നിർമ്മാണത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. ഇവിടെയാണ് ഇടതു എംഎൽഎയുടെ പിഎ പണം കൊണ്ടു കൊടുത്തത്. പേരിനൊപ്പം ചേട്ടൻ എന്ന് സംബോധന ചെയ്താണ് ഷിബു ഇയാളുടെ കാര്യം പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മറ്റു ചില വമ്പന്മാരെയും സംഘം തട്ടിച്ചിട്ടുണ്ട്. അവരുടെ പേരും പൊലീസ് ഒഴിവാക്കി എന്നാണ് ആരോപണം. നോട്ട് ഇരട്ടിപ്പിച്ചവർ മാത്രമല്ല, അതിനായി സമീപിക്കുന്നവരും ഈ കേസിൽ തുല്യ കുറ്റക്കാരാണ്. കള്ളനോട്ട് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവർ ഇരട്ടിപ്പിന് എത്തുന്നത്.

അതിനാൽ രാജ്യദ്രോഹക്കുറ്റം ഇവർക്കെതിരേ നിലനിൽക്കും. ഇക്കാര്യം പ്രതികൾക്കും നന്നായി അറിയാം. അതിനാൽ തന്നെ പണം നഷ്ടമാകുന്നവർ പരാതിയുമായി പോകാറില്ല. ഇക്കാര്യം നന്നായി അറിയാവുന്നവരാണ് തട്ടിപ്പുകാർ. ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ പണം ഇവർ തട്ടിച്ചിട്ടുണ്ട്. കേസിൽ അവരും പ്രതികളാകുമെന്ന് വന്നപ്പോഴാണ് കുറ്റം ലഘൂകരിക്കാൻ നീക്കം നടക്കുന്നത്. വലിയ മാഫിയയാണ് ഇതിന് പിന്നിലുള്ളത്. എന്നിട്ടും ഇന്നലെ തിരുവല്ല സ്റ്റേഷനിൽ എത്തിയ എസ്‌പി കെജി സൈമൺ വിഷയം ലഘൂകരിച്ച് മാധ്യമങ്ങളോട് പറഞ്ഞത് സംശയത്തിന് ഇട നൽകി. എസ്‌പി പറയുന്നത് എന്താണെന്ന് പിടികിട്ടുന്നില്ലെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചങ്ങരംകുളം പൊന്നാനി, പെരിന്തൽമണ്ണ, കണ്ണൂർ എന്നി പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്നും റിമാൻഡിൽ കഴിഞ്ഞിരുന്നതായും എസ്‌പി കെജി സൈമൺ പറഞ്ഞു. ഇരുപത്തിയാറാം വയസിൽ ബാംഗളൂരുവിൽ നിന്നുമാണ് വ്യാജ നോട്ട് തട്ടിപ്പ് പഠിച്ചതെന്ന് മുഖ്യപ്രതി ഷിബു പൊലീസിനോട് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പിന് അവിടെ വച്ച് ഷിബു ഇരയായി. ഇതോടെ അതേ രീതിയിൽ തട്ടിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇതിലൂടെ 80 ലക്ഷത്തോളം രൂപയുടെ കട ബാധ്യത തീർത്തതായും ഷിബു പൊലിസിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP