Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മാസങ്ങളുടെ ഇടവേളകളിൽ ഹോം സ്റ്റേകളിൽ മുറിയെടുക്കുന്നത് കുടുംബവുമായി; സ്‌കാനറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിർമ്മിച്ച ശേഷം സ്ഥലം വിടും; സ്റ്റോക്ക് തീരുമ്പോൾ വീണ്ടുമെത്തി മുറിയെടുക്കും; വ്യാജ നോട്ടിന്റെ അരിക് കട്ട് ചെയ്തപ്പോൾ അൽപം കടന്നു പോയത് വിനയായി; അവശിഷ്ടങ്ങളിൽ സംശയം തോന്നിയ വീട്ടുകാർ വിവരമറിയിച്ചത് തുമ്പായി; ഇന്റലിജൻസ് കടന്നു ചെന്നത് വൻ കള്ളനോട്ട് മാഫിയയിലേക്ക്: കാസർകോട്ടെ തട്ടിപ്പ് സംഘം തിരുവല്ല പൊലീസിന്റെ വലയിലെന്ന് സൂചന

മാസങ്ങളുടെ ഇടവേളകളിൽ ഹോം സ്റ്റേകളിൽ മുറിയെടുക്കുന്നത് കുടുംബവുമായി; സ്‌കാനറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിർമ്മിച്ച ശേഷം സ്ഥലം വിടും; സ്റ്റോക്ക് തീരുമ്പോൾ വീണ്ടുമെത്തി മുറിയെടുക്കും; വ്യാജ നോട്ടിന്റെ അരിക് കട്ട് ചെയ്തപ്പോൾ അൽപം കടന്നു പോയത് വിനയായി; അവശിഷ്ടങ്ങളിൽ സംശയം തോന്നിയ വീട്ടുകാർ വിവരമറിയിച്ചത് തുമ്പായി; ഇന്റലിജൻസ് കടന്നു ചെന്നത് വൻ കള്ളനോട്ട് മാഫിയയിലേക്ക്: കാസർകോട്ടെ തട്ടിപ്പ് സംഘം തിരുവല്ല പൊലീസിന്റെ വലയിലെന്ന് സൂചന

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വാടകയ്ക്ക് എടുക്കുന്ന ഹോം സ്റ്റേകൾ കള്ളനോട്ട് നിർമ്മാണത്തിനായി ഉപയോഗിച്ചു വന്ന സംഘത്തെ തിരുവല്ല പൊലീസ് വലയിലാക്കിയെന്ന് സൂചന. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ താമസിച്ച് നോട്ട് നിർമ്മിച്ചുവെന്ന് സംശയിക്കുന്ന കാസർകോഡ് സ്വദേശികൾ ഉൾപ്പെടുന്ന കുടുംബമാണ് പിടിയിലായെന്ന് വിവരമുള്ളത്.

സംസ്ഥാന പൊലീസ് ഇന്റലിജൻസിന്റെ സമർഥമായ നീക്കമാണ് പ്രതികളിലേക്ക് ചെന്നെത്താൻ സഹായകമായത്. അന്വേഷണം മുഴുവൻ പൂർത്തിയാക്കി പത്തനംതിട്ട എസ്എസ്ബി ഡിവൈഎസ്‌പി കെഎ വിദ്യാധരൻ നൽകിയ റിപ്പോർട്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്ന ചുമതല മാസമാണ് ലോക്കൽ പൊലീസിന് ഉണ്ടായിരുന്നത്.

രണ്ടാഴ്ച മുമ്പാണ് സ്റ്റേറ്റ് ഇന്റലിജൻസിന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുന്നത്. കാസർകോഡ് നിന്നുള്ള 12 അംഗം കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ ഇടവിട്ട് സന്ദർശനത്തിന് എത്തുക പതിവാണ്. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രതിദിനം 6000 രൂപയാണ് ഹോം സ്റ്റേയുടെ വാടക. ഏറ്റവും അവസാനമായി ഇവർ വന്നു പോകുമ്പോൾ രണ്ടര ലക്ഷം രൂപ ഹോം സ്റ്റേ ഉടമയ്ക്ക് കൊടുക്കാനുണ്ട്. മുറിയുടെ താക്കോലുമായിട്ടാണ് ഇവർ പോയിരിക്കുന്നത്. പതിവായി വന്ന് പോകുന്നവരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല.

ഇവർ പോയതിന് ശേഷം ഉടമ മുറി വൃത്തിയാക്കാൻ നോക്കുമ്പോഴാണ് പ്രിന്റിങ് പേപ്പർ കണ്ടെത്തിയത്. ഇതിന്റെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിലുമുണ്ടായിരുന്നു. ചുരുൾ അഴിച്ചു നോക്കിയ ഉടമയ്ക്ക് ഇതിന്റെ ചില ഭാഗങ്ങൾ കണ്ട് സംശയം തോന്നി. 200 രൂപയുടെ അരിക് മുറിച്ച് കളഞ്ഞ നിലയിൽ മൂന്നാല് തുണ്ടുപേപ്പർ ഉണ്ടായിരുന്നു. ഇത് കള്ളനോട്ടാണെന്ന് സംശയിച്ച ഉടമയ്ക്ക് പക്ഷേ, പൊലീസിൽ വിവരം അറിയിക്കാൻ ഭയമായിരുന്നു.

ഇതു കാരണം പരിചയമുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനോടാണ് പറഞ്ഞത്. ഇന്റലിജൻസ് സംഘം എത്തി നടത്തിയ പരിശോധനയിൽ നടന്നിരുന്നത് കള്ളനോട്ടടി ആയിരുന്നുവെന്ന് ഉറപ്പിച്ചു. 200, 500, 2000 രൂപയുടെ നോട്ടുകൾ സ്‌കാനറിനുള്ളിൽ വച്ച് സ്‌കാൻ ചെയ്ത ശേഷം 70 ജിഎസ്എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്യും. പിന്നെ അതിവിദഗ്ധമായി അത് മുറിച്ച് ഒട്ടിച്ച് നോട്ടുകൾ ആക്കി മാറ്റും. മുൻപ് ഇത്തരം കേസുകൾ പിടിച്ചിട്ടുള്ള എസ്എസ്ബി ഡിവൈഎസ്‌പി വിദ്യാധരൻ ഒറ്റനോട്ടത്തിൽ അസ്വാഭാവികത കണ്ടെത്തി. സംഗതി കള്ളനോട്ട് ആണെന്ന് ഉറപ്പിച്ചതിന് ശേഷം അന്വേഷണവും ആരംഭിച്ചു.

റൂം എടുക്കാൻ വേണ്ടി കുടുംബം നൽകിയിരുന്ന ആധാർ കാർഡ്, ഇവർ വന്ന കാറിന്റെ നമ്പർ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപിക്ക് കൈമാറുകയായിരുന്നു. അവിടെ നിന്ന് പത്തനംതിട്ട എസ്‌പിക്ക് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾ എല്ലാവരും ലോക്കൽ പൊലീസിന്റെ വലയിൽ ആയിട്ടുണ്ടെന്നാണ് വിവരം.

ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നുവെന്ന സംശയവും ഉണ്ട്. ഹോം സ്റ്റേകൾ ആകുമ്പോൾ, അതും കുടുംബവും ഒത്തായാൽ ആരും സംശയിക്കില്ലെന്ന ചിന്തയിലാണ് കള്ളനോട്ട് സംഘം ഇവിടെ തങ്ങിയത് എന്നു വേണം കരുതാൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP