Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശത്തുള്ള മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ അയക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി; പകരം ഒരു കോടി രൂപ ലിക്വിഡ് ക്യാഷ് നൽകണമെന്നും ആവശ്യം; പരിസരം നിരീക്ഷിച്ച ശേഷം വീട്ടിലേക്ക് ഓടിക്കയറി പണം തട്ടിപ്പറിച്ച് കടന്നു; പിടിവലിക്കിടയിൽ 20 ലക്ഷം രൂപ നിലത്ത് വീണു; മുഖ്യപ്രതിയെ പിടികൂടിയത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കിടെ; തിരൂരിൽ വീട്ടിൽകയറി 80 ലക്ഷം രൂപ തട്ടിപ്പറിച്ച സംഭവത്തിലെ പിന്നാമ്പുറ കഥകൾ

വിദേശത്തുള്ള മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ അയക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി; പകരം ഒരു കോടി രൂപ ലിക്വിഡ് ക്യാഷ് നൽകണമെന്നും ആവശ്യം; പരിസരം നിരീക്ഷിച്ച ശേഷം വീട്ടിലേക്ക് ഓടിക്കയറി പണം തട്ടിപ്പറിച്ച് കടന്നു; പിടിവലിക്കിടയിൽ 20 ലക്ഷം രൂപ നിലത്ത് വീണു; മുഖ്യപ്രതിയെ പിടികൂടിയത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കിടെ; തിരൂരിൽ വീട്ടിൽകയറി 80 ലക്ഷം രൂപ തട്ടിപ്പറിച്ച സംഭവത്തിലെ പിന്നാമ്പുറ കഥകൾ

ജാസിം മൊയ്തീൻ

മലപ്പുറം: തിരൂരിൽ 80 ലക്ഷം രൂപ വീട്ടിൽ കയറി തട്ടിപ്പറിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെപ്റ്റംബർ 25നാണ് തിരൂർ പയ്യനങ്ങാടി കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ നിന്നും 80 ലക്ഷം രൂപ അഞ്ച് പേരടങ്ങുന്ന സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. സംഭവത്തിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി പുതിയപറമ്പിൽ നഫീസ മൻസിലിൽ റിവാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിവാജടക്കം അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുഞ്ഞിമുഹമ്മദിന്റെ വിദേശത്തുള്ള മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ അയച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് റിവാജും സംഘവും കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെത്തിയത്. വിദേശത്ത് ബിസിനസ് നടത്തുന്ന മകന് ഇത്രയും പണം ആവശ്യമുണ്ടായിരുന്നു. നേരായമാർഗ്ഗത്തിലൂടെ ഇത്രയും പണം വിദേശത്തേക്ക് അയക്കുന്നതിന്റെ നികുതിയും മറ്റ് നിയമ പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഈ സംഘത്തിന്റെ സഹായം കുഞ്ഞിമുഹമ്മദ് തേടിയത്. ഇത്തരത്തിൽ ബിസിനസ് ആവശ്യങ്ങൾക്ക് വിദേശത്തേക്ക് പണം അയക്കുന്ന സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

നേരത്തെയും ഇത്തരം സംഘങ്ങളുടെ സഹായത്തോടെ വിദേശത്തേക്ക് പണം അയച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ വിദേശത്തേക്ക് അയക്കുന്ന അത്രയും പണം ലിക്വിഡ് ക്യാഷായി കണ്ടാൽ മാത്രമെ പണം അയക്കൂ എന്ന് റിവാജും സംഘവും പറഞ്ഞു. സംഘത്തിന്റെ ആവശ്യപ്രകാരം കുഞ്ഞിമുഹമ്മദ് ഒരു കോടി രൂപയുടെ നോട്ട് കെട്ടുകൾ സംഘത്തെ കാണിച്ചു. പണം കണ്ട് ബോധ്യപ്പെട്ട സംഘം ഉടൻ തന്നെ പണം മകന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമെന്നും അതിന് ശേഷം പണം നൽകിയാൽ മതിയെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങി.

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ അഞ്ചംഗ സംഘം രാത്രി വരെ വീടിന്റെ പരിസരത്ത് വീട്ടുകാരറിയാതെ തങ്ങി. രാത്രി 8 മണിയോടെ സംഘം വീട്ടിലേക്ക് ഓടിക്കയറി പണം തട്ടിപ്പറിച്ച് വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ വീട്ടുകാരുമായുള്ള പിടിവലിയിൽ 20 ലക്ഷം രൂപ നിലത്ത് വീഴുകയും ചെയ്തു. ഒരു കോടിരൂപയിൽ നിന്ന് 80 ലക്ഷം രൂപയാണ് സംഘത്തിന് ലഭിച്ചത്.

കുഞ്ഞിമുഹമ്മദ് തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ തിരൂർ ക്രൈംസ്‌ക്വാഡുമായി ചേർന്നാണ് കഴിഞ്ഞ ദിവസം റിവാജിനെ അറസ്റ്റ് ചെയ്തത്. റിവാജും സംഘവും സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാർ വാടകക്ക് എടുത്തതായിരുന്നു. റെന്റ് കാർ ഉടമയിൽ നിന്നാണ് റിവാജിന്റെ വിവരങ്ങൾ ലഭിച്ചത്. റെന്റ് കാർ ഉടമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് റിവാജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തളിപ്പറമ്പ് സീതിഹാജി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ റിവാജ് എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ റിവാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിവാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാ ആക്്ട് ഉൾപ്പെടെ റിവാജിനെതിരെ 17 കേസുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിലനിൽക്കുന്നുണ്ട്. റിവാജിനെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഘത്തിൽ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്. റിവാജിനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ റിവാജ് പിടിയിലായ വിവരം അറിഞ്ഞ മറ്റുപ്രതികൾ ഒൽവിൽ പോയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP