Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന് പലവട്ടം കരുതൽ നിർദ്ദേശം നൽകിയിരുന്നുവെന്ന് പൊലീസ്; മത തീവ്രവാദ സംഘടനകളെ സംശയത്തിന്റെ നിഴലിൽ നിർത്തി അന്വേഷണം; മൂന്ന് പ്രതികൾ പിടിയിൽ; അക്രമമുണ്ടായാൽ ഉടൻ വെടിവയ്ക്കാൻ പൊലീസിന് നിർദ്ദേശം; തിരൂർ കനത്ത സുരക്ഷാവലയത്തിൽ: ബിപിന്റെ കൊലയിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി

കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന് പലവട്ടം കരുതൽ നിർദ്ദേശം നൽകിയിരുന്നുവെന്ന് പൊലീസ്; മത തീവ്രവാദ സംഘടനകളെ സംശയത്തിന്റെ നിഴലിൽ നിർത്തി അന്വേഷണം; മൂന്ന് പ്രതികൾ പിടിയിൽ; അക്രമമുണ്ടായാൽ ഉടൻ വെടിവയ്ക്കാൻ പൊലീസിന് നിർദ്ദേശം; തിരൂർ കനത്ത സുരക്ഷാവലയത്തിൽ: ബിപിന്റെ കൊലയിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി

എംപി റാഫി

മലപ്പുറം : ആർഎസ്എസ് പ്രവർത്തകൻ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബാബുവിന്റെ മകൻ ബിപിൻ (24) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അന്വേഷണ സംഘത്തിൽപ്പെട്ട ക്രൈം സ്‌ക്വാഡ് വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന.

ഇവരെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. പങ്ക് വ്യക്തമായാൽ മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവർ സമീപ പ്രദേശത്തുള്ളവർ തന്നെയാണെന്നാണ് വിവരം. അതേസമയം, യഥാർത്ഥ പ്രതികളെ പിടികൂടാൻ നിരവധി പേരെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ ദൃക്‌സാക്ഷികളിൽ നിന്ന് പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായി ആറ് പേർ കൊലപാതക സംഘത്തിൽ ഉണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇതിൽ മൂന്ന് പേർ ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇവർ മുഖം മറച്ച നിലയിലായിരുന്നു. പ്രതികൾ രക്ഷപ്പെട്ട പ്രദേശങ്ങളിലുള്ളവരുടെ മൊഴിയും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ബിപിൻ വധം ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി.

ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക്  ശിക്ഷൺ പ്രമുഖ് ചുമതല വഹിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട ബിപിൻ. ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആളുമാണ് കൊല്ലപ്പെട്ട ബിപിൻ. റിമാൻഡിലായിരുന്ന ബിപിൻ ഒന്നര മാസം മുമ്പ് കോടതി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. അതേസമയം ബിപിന് പൊലീസ് പലതവണ കരുതൽ നിർദ്ദേശം നൽകിയിരുന്നതായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ് സമാന കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്താണ് പൊലീസ് ബിപിന് നിർദ്ദേശം നൽകിയിരുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഔദ്യോഗികമായും അല്ലാതെയും പൊലീസ് ബിപിന് കരുതൽ തിർദേശം നൽകിയിരുന്നത്രെ. ജാമ്യത്തിലിറങ്ങിയ ഫൈസൽ വധക്കേസിലെ മറ്റു പ്രധികൾക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരിൽ പലരും ഇവരുടെ നടുകളിലില്ല, വിവിധ പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയാണിപ്പോഴും.

ഈ മാസം രണ്ടിന് ഫൈസൽ വധക്കേസിലെ 14ാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ടി. ലിജീഷി(27)നെ ഒരു സംഘം പരപ്പനങ്ങാടിയിൽ വെച്ച് കാറിടിച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം പ്രതി വിപിന്റെ കൊലപാതകം. ഇന്നലെ രാവിലെ ഏഴരയോടെ ബി.പി അങ്ങാടി പുളിഞ്ചോട് വച്ചായിരുന്നു ബിപിനെ വെട്ടിക്കൊലപ്പെടുത്തിയത്.


ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ബിപിനെ ആയുധവുമായി ബൈക്കിൽ പിന്തുടർന്ന സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരും പ്രദേശവാസികളും സ്ഥലത്ത് എത്തും മുമ്പ് പ്രതികൾ രക്ഷഷപ്പെട്ടു. പ്രതികൾ രക്ഷപ്പെട്ട സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അന്വേഷണത്തിന് ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാർ ബഹ്റയുടെ നേത്യത്വത്തിലുള്ള പ്രത്യേക പൊലിസ് സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എസ്‌പിയുടെ നേത്യത്വത്തിൽ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിമാരെയും ജില്ലയിലെ മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്ന് സംഭവ സ്ഥലം സന്ദർശിച്ച തൃശൂർ റെയ്ഞ്ച് ഐ.ജി എം.ആർ അജിത്കുമാർ പറഞ്ഞു. ബിപിൻ വധത്തിന് ഫൈസൽ വധക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഐ.ജി വ്യക്തമാക്കി. അനിഷ്ഠ സംഭവങ്ങൾ തടയാൻ ആവശ്യമായ മുൻകരുതൻ പൊലിസ് കൈക്കൊണ്ടിട്ടുണ്ട്. പ്രദേശത്ത് അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമമുണ്ടായാൽ വെടിവയ്ക്കാൻ ഉത്തരവു നൽകിയതായി ഐജി അറിയിച്ചു.

കണ്ണൂർ മുതൽ തൃശൂർ വരെയുള്ള മേഖലകളിൽ നിന്നായി 750 പൊലിസ് ഉദ്യോഗസ്ഥരെയാണ് തിരൂരിലും പരിസര പ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്. 20 മേഖലകളാക്കി തിരിച്ചാണ് പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. ആവശ്യം വന്നാൽ തോക്ക് ഉപയോഗിക്കാനുള്ള അധികാരം പൊലിസ് ഉദ്യോഗസ്ഥർക്ക് നൽകിയതായി ഐ.ജി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP