Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോർഡ് പോലും വയ്ക്കാതെ അതീവ രഹസ്യമായി പ്രവർത്തിച്ച കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസ്; കവർച്ചയ്‌ക്കെത്തിയവർ ശ്രമിച്ചത് സ്‌ട്രോങ് റൂം തല്ലി പൊളിക്കാൻ; രേഖകൾ നഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും നടന്നത് തെളിവു നശീകരണത്തിനുള്ള ശ്രമം തന്നെ; ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ കേസ് ഫയൽ സിബിഐ തുറക്കുമ്പോൾ ഡിആർഐ കണ്ടെത്തുകൾ ആരോ ഭയക്കുന്നുവെന്ന സംശയവുമായി അന്വേഷണം; ഡിആർഐ ഓഫീസിലെ മോഷണത്തിലെ സംശയ മുന നീളുന്നത് മെന്റലിസ്റ്റ് അടക്കമുള്ള അട്ടിമറിക്കാർക്ക് നേരെ

ബോർഡ് പോലും വയ്ക്കാതെ അതീവ രഹസ്യമായി പ്രവർത്തിച്ച കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസ്; കവർച്ചയ്‌ക്കെത്തിയവർ ശ്രമിച്ചത് സ്‌ട്രോങ് റൂം തല്ലി പൊളിക്കാൻ; രേഖകൾ നഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും നടന്നത് തെളിവു നശീകരണത്തിനുള്ള ശ്രമം തന്നെ; ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ കേസ് ഫയൽ സിബിഐ തുറക്കുമ്പോൾ ഡിആർഐ കണ്ടെത്തുകൾ ആരോ ഭയക്കുന്നുവെന്ന സംശയവുമായി അന്വേഷണം; ഡിആർഐ ഓഫീസിലെ മോഷണത്തിലെ സംശയ മുന നീളുന്നത് മെന്റലിസ്റ്റ് അടക്കമുള്ള അട്ടിമറിക്കാർക്ക് നേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ. യൂണിറ്റിന്റെ ഓഫീസിൽ കവർച്ചാശ്രമത്തിൽ ദുരൂഹതകൾ ഏറെ. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. അന്വേഷണം തുടരുകയാണ്. ഓഫീസിലെ സ്‌ട്രോങ് റൂം തുറക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. കമ്പി ഉപയോഗിച്ചാണ് ഓഫീസിലെ സ്‌ട്രോങ് റൂം തുറക്കാൻ ശ്രമിച്ചത്.

അതീവ രഹസ്യമായാണ് ഡിആർഐയുടെ പ്രവർത്തനം. അതിനാൽ ഓഫീസിന് മുന്നിൽ ബോർഡ് വച്ചിട്ടില്ല. സർക്കാർ മുദ്രകൾ പതിച്ച വാഹനങ്ങളും ഉപയോഗിക്കാറില്ല. സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം സംശയങ്ങൾക്ക് ഇടനൽകുന്നു. വഞ്ചിയൂരിലാണ് ഓഫീസുള്ളത്. ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചില അഭിഭാഷകരും സ്വർണ്ണ കടത്ത് കേസിൽ പിടിയിലായിരുന്നു. ഈ അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ കിട്ടി. ഈ സംശയങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് എത്തുന്നത്. സ്വർണ്ണ കടത്ത് കേസിലെ പ്രതികൾക്ക് മരണവുമായി ബന്ധമുണ്ടെന്ന സൂചനകളും ഉണ്ട്.

ഇതിന് പിന്നാലെയാണ് ഡി ആർ ഐ ഓഫീസിലെ കവർച്ചാ ശ്രമം. സിബിഐയ്ക്ക് കൈമാറാൻ സാധ്യതയുള്ള തെളിവുകൾ ഇവിടെയുണ്ട്. ഒന്നും നഷ്ടമായില്ലെന്ന് ഡി ആർ ഐ പറയുമ്പോഴും ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണത്തെ ഭയക്കുന്നവരുണ്ടെന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. നേരത്തെ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കിയ മറുനാടനെതിരെ മെന്റലിസ്റ്റിന്റെ നേതൃത്വത്തിൽ കടന്നാക്രമണങ്ങൾ നടന്നിരുന്നു. ഈ ലോബിക്കും കവർച്ചയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. സമീപത്തെ സിസിടിവി പരിശോധന നിർണ്ണായകമാകും.

ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതിൽ തുറന്ന നിലയിലാണുണ്ടായിരുന്നത്. ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസിൽ നിന്നും രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുൾപ്പെട്ട 2019-ലെ സ്വർണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആർഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.

അപകടത്തിൽ പെട്ട കാർ ഓടിച്ചത് അർജുനായിരുന്നുവെന്ന് ബാലഭാസ്‌കർ പറഞ്ഞതായി അച്ഛൻ കെ സി ഉണ്ണി. ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ബാലഭാസ്‌കർ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ താൻ എത്തുമ്പോൾ ബാലുവിന് ബോധമുണ്ടായിരുന്നു. മോനേ എന്ന് വിളിച്ചപ്പോൾ അവൻ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണെന്നും ചോദിച്ചു.ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ചുണ്ടനക്കം നന്നായി ശ്രദ്ധിച്ചാൽ പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ബാലുവിന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു. ബാലുവിന്റെ മരണശേഷം സഹായി പ്രകാശ് തമ്പി ഫോൺ കൈവശപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ ഇയാൾ പിടിയിലായതിനെത്തുടർന്ന് ഡിആർഐ നടത്തിയ റെയ്ഡിലാണ് ഫോൺ കണ്ടെടുത്തത്. കോൾ വിശദാംശങ്ങൾ ഉൾപ്പെടെ വീണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.

ബാലുവിന്റെ എടിഎം കാർഡുകളടക്കംപ്രകാശ് തമ്പിയാണ് കൈവശം വച്ചിരുന്നതെന്നും ഉണ്ണി വെളിപ്പെടുത്തി. മൊബൈൽ ഫോൺ ബാലഭാസ്‌കറിന്റെ അച്ഛനെ ഏൽപ്പിക്കണമെന്ന് അപകടം നടന്ന ദിവസം പ്രകാശ് തമ്പിയോട് മംഗലപുരം എസ്ഐ നിർദേശിച്ചിരുന്നു. എന്നാൽ, തമ്പി ഇതിന് തയ്യാറായില്ലെന്നും ബാലഭാസ്‌കറിന്റെ കുടുംബം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബാലഭാസ്‌കറിനെ നോക്കിയ വൈദ്യസംഘത്തിലെ ഡോക്ടറും വാഹനം അർജുൻ ഓടിച്ചതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഓഫീസിൽ മോഷണ ശ്രമം.

ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.ബാലഭാസ്‌കറിന്റെ മരണക്കേസ് വീണ്ടും പുനരന്വേഷിക്കുമ്പോൾ സിബിഐ.യുടെ കണ്ണുകൾ നീളുക സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്ക്. വെറുമൊരു വാഹനാപകടത്തിനു പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രമിനലുകളുടെ സാന്നിധ്യവുമൊക്കെ പുതിയ അന്വേഷണത്തിന്റെ പരിധിയിൽവരും.

ബാലഭാസ്‌കറിന്റെ മാനേജർമാർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയം ഇരട്ടിച്ചത്. ഡ്രൈവർ അർജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞെങ്കിലും അർജുന്റെ മൊഴി തിരിച്ചായിരുന്നു. വാഹനാപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കവേയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വർണം ഡി.ആർ.ഐ. പിടികൂടിയത്. ഇതിൽ ബാലഭാസ്‌കറിന്റെ മുൻ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണുവും അറസ്റ്റിലായി.

ഇതോടെ ബാലഭാസ്‌കറിനെ സ്വർണക്കടത്തുകാർ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചപ്പോഴാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്‌പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP