Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202330Tuesday

വാഹന നമ്പർ വൺ ലേലം വിളിയിൽ സാക്ഷാൽ യൂസഫലിയുടെ സ്വപ്‌നങ്ങൾ തകർത്ത 'സാഹസിക ഡ്രൈവർ'; ലഹരി ഒഴുക്കി തുടങ്ങിയ 'കേരളത്തിലെ ആദ്യ പബ്ബിന്റെ' സ്ഥാപകൻ; എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞൻ എന്ന് പുളുവടി; വിശ്വപൗരൻ ചമഞ്ഞ് 'ലൈഫ് ഡോക്ടർ' പ്രവീൺ റാണയുടെ നിക്ഷേപ തട്ടിപ്പ് ഇങ്ങനെ

വാഹന നമ്പർ വൺ ലേലം വിളിയിൽ സാക്ഷാൽ യൂസഫലിയുടെ സ്വപ്‌നങ്ങൾ തകർത്ത 'സാഹസിക ഡ്രൈവർ'; ലഹരി ഒഴുക്കി തുടങ്ങിയ 'കേരളത്തിലെ ആദ്യ പബ്ബിന്റെ' സ്ഥാപകൻ; എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞൻ എന്ന് പുളുവടി; വിശ്വപൗരൻ ചമഞ്ഞ് 'ലൈഫ് ഡോക്ടർ' പ്രവീൺ റാണയുടെ നിക്ഷേപ തട്ടിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ടാൽ മാന്യൻ, സുന്ദര പെരുമാറ്റം, ആരെയും വീഴ്‌ത്തുന്ന സംസാരം, ഇതൊക്കെ മാത്രം പോരാ പുതിയ ലോകത്തെ തട്ടിപ്പുകാർക്ക്. നല്ലൊരു ബ്രാൻഡ് ബിൽഡിങ് കൂടി വേണം. ആരും സംശയിക്കാത്ത തരത്തിൽ. സംശയത്തിന്റെ മുനകൾ വന്നാൽ ഒടിക്കാൻ പാകത്തിലുള്ള മറകൾ വേണം. അതാണ് തട്ടിപ്പിന്റെ ബ്രാൻഡ് ബിൽഡിങ്. ഇത് നന്നായി അറിയാവുന്ന ഒരാളാണ് ലൈഫ് ഡോക്ടറെന്ന പേരിൽ തട്ടിപ്പുനടത്തുന്ന ഡോ.പ്രവീൺ റാണ. പേരുകേട്ടാൽ ആരും ഡോക്ടറെന്ന് ആദ്യം വിചാരിക്കും, എന്നാൽ വൈദ്യശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത കച്ചവടം മാത്രം നടത്തി കോടികൾ സമ്പാദിക്കുന്നു.

കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ റാണ ഇപ്പോൾ ഒളിവിലാണ്. മുംബൈയിൽ ഭാര്യവീട്ടിലേക്ക് മുങ്ങിയെന്ന് കേൾക്കുന്നു. തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ് കമ്പനി നിക്ഷേപത്തട്ടിപ്പിൽ നിരവധി പരാതികൾ പ്രവഹിച്ചതോടെയാണ് കൈപ്പുള്ളി പുഷ്‌ക്കരൻ ഒളിവിൽ പോയത്. നേരത്തെ പറഞ്ഞത് പോലെ അത്യാംഢംബരത്തിന്റെ ഒരു പ്രതിച്ഛായ സൃഷ്ടിച്ച് ആളുകളെ ഈയാപാറ്റകളെ പോലെ ആകർഷിച്ച് പറ്റിക്കുകയാണ് ഇയാളുടെ പരിപാടി. പരാതികൾ പ്രവഹിച്ചതോടെയാണ് ഇയാൾക്കെതിരെ പൊലീസ് റെയ്ഡുമായി രംഗത്തുവന്നത്.

ലൈഫ് ഡോക്ടർ എന്ന കള്ളനാണയം

ചുരുക്കി പറഞ്ഞാൽ പുളുവടിയാണ് പ്രധാനം. അതിൽ വീണാൽ കാശ് പോയി. തനിക്ക് ചുറ്റും ഒരു സൂപ്പർ സ്റ്റാർ ഇമേജുണ്ടാക്കി സെൽഫ് മാർക്കറ്റിങ്. അതുതന്നെയാണ് പ്രവീൺ റാണ നടത്തി പോന്നത്. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെയാണ് ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്. സ്വയം ഡോക്ടർ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു.

ലൈഫ് ഡോക്ടർ എന്ന ആശയത്തിന് ശാസ്ത്രീയ പിൻബലമില്ലെന്നിരിക്കെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും പ്രവീൺ റാണയ്ക്ക് കുടപിടിക്കുകയായിരുന്നു. ലക്ഷങ്ങളാണ് പ്രവീൺ റാണ പരസ്യയിനത്തിൽ മാധ്യമങ്ങൾക്ക് നൽകുന്നത്. അതിനാൽ ലൈഫ് ഡോക്ടറുടെ അണിയറ കഥകൾ പുറം ലോകം അറിയാതെ പോകുന്നത്.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകാരൻ വിലസിയത്. ഇതിനെല്ലാം മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. ലോകോത്തര പദ്ധതികളിലൂടെ 2029 നുള്ളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി.

പ്രതിവർഷം 48 ശതമാനം വരെ എന്നൊക്കെ പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ? വിശ്വസിപ്പിക്കാൽ ഡോ.പ്രവീൺ റാണയ്ക്ക് അറിയാം. സേഫ് ആൻഡ് സ്‌ട്രോങ്ങിന്റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആൻഡ് സ്‌ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്.

ഇയാളുടെ തട്ടിപ്പുകളിലേക്ക് കടക്കും മുമ്പ് വ്യാജ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ പണിപ്പെട്ട ചില കഥകൾ പറയാം.

ലേലം വിളിയിൽ യുസഫലിയെ തോൽപ്പിച്ചു

മൂന്നുവർഷം മുമ്പാണ് സംഭവം. ഒന്നാം നമ്പർ രജിസ്‌ട്രേഷനായുള്ള ലേലം വിളി. മത്സരിച്ചത് ലുലു ഗ്രൂപ്പിന്റെ റോൾസ് റോയ്‌സും, ഡോ.പ്രവീൺ റാണയുടെ റുബികോണും. 'ലുലു ഗ്രൂപ്പിൽ നിന്നും നേരിട്ട് വിളിക്കുക പോലുമുണ്ടായി. എന്നാൽ എന്റെ റൂണ വാഹനത്തിന് ഒന്നാം നമ്പർ തന്നെ വേണമെന്ന് അവരെ അറിയിച്ചു. കാരണം കേരളത്തിൽ ആദ്യത്തെ വാഹനമായിരുന്നു അത്. അപ്പോൾ അതിന് ഒന്നാം നമ്പർ തന്നെ വേണമെന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു. എതിർ വശത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇക്കയാണെന്ന് അറിഞ്ഞിട്ടും പൊരുതാൻ തീരുമനിക്കുകയായിരുന്നു. എന്നാൽ വളരെ കുറഞ്ഞ തുകയ്ക്ക് തന്നെ നമ്പർ നേടിയെടുക്കാനായെന്ന് പ്രവീൺ പറഞ്ഞിരുന്നു. തന്റെ ആഗ്രഹത്തിന്റെ വ്യാപ്തി അറിഞ്ഞിട്ട് പകുതിക്ക് വച്ച് ലേലം വിളിയിൽ നിന്നും അവർ പിന്മാറിയതാവാം എന്നാണ് പ്രവീൺ റാണ അന്നുപറഞ്ഞത്.

ഫാൻസി നമ്പർ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം. ലേലം തുടങ്ങിയപ്പോൾ ലുലു പ്രതിനിധികൾ എത്തി. 8,000 രൂപയ്ക്കാണ് ആദ്യം വിളി തുടങ്ങിയത്. 1000 രൂപ കൂട്ടി ഒരു ലക്ഷത്തി 9,000 രൂപയ്ക്ക് ഞാൻ തുടങ്ങി. പിന്നീട് 25,000 വച്ചായി വിളി. അവർ വിളിക്കുന്നതിന് ആനുപാതികമായി തുക കൂട്ടി വിളിക്കാൻ തുടങ്ങി. അവസാനം ലുലു ഗ്രൂപ്പ് 5.45 ലക്ഷം രൂപയിൽ ലേലം വിളിച്ചു. ഞാൻ 6.25 ലക്ഷം വിളിച്ചതോടെ ലുലു ലേലത്തിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞത്-പ്രവീൺ റാണ അന്ന് വീമ്പടിച്ചു.

കേരളത്തിലെ ആദ്യ പബ്

കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന് കൊട്ടിഘോഷിച്ചായിരുന്നു കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടലിന്റെ തുടക്കം. പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരി ഒഴുകി. പാതിരാവായാലും പൂട്ടാത്ത ബാർ. 2022 മാർച്ച് 11 നാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു.

ഇവിടെ നടന്ന നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയാണ് ഫ്‌ളൈ ഹൈ ഈടാക്കിയിരുന്നത്. കൈപ്പുള്ളി പ്രവീൺ എന്ന പ്രവീൺ റാണയും ഷാസിൽ ചിറ്റാലിക്കലും ചേർന്നാണ് മാനേജ്‌മെന്റ് കോൺട്രാക്ട് പ്രകാരം ബാർ ലൈസൻസ് ഉൾപ്പടെ ഏറ്റെടുത്തിരുന്നത്. ഹാർബർ വ്യൂ റസിഡൻസി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഇരുവരും ഡയറക്ടർമാരായ ലെ പാരഡൈസ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഹോട്ടൽ ഏറ്റെടുത്താണ് പ്രവർത്തനം ആരംഭിച്ചത്.

പ്രവീൺ റാണയും ഷാസിൽ ചിറ്റാലിക്കലിന്റെ പിതാവ് ചാപ്പൻ ഷൗക്കത്തലിയും അയാൻ വെൽനെസ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാർട്ടണർമാരാണ്. കമ്പനിക്ക് കീഴിലുള്ള പുനൈ, വിമൻ നഗറിലെ അമന്ത്ര സ്പായിൽ നിരവധി തായ്‌ലാന്റ് വനിതകളെ കൊണ്ടു വന്നതായി പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. 2018 നവംബർ അവസാനമാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ഇത് സംബന്ധിച്ച വാർത്തകളും പുറത്തുവരുകയുണ്ടായി.

കണ്ണൂർ, താണ സ്വദേശിയായ പുതിയപുരയിൽ ചാപ്പൻ ഷൗക്കത്തലിക്ക് പുനൈയിലും മുബൈയിലുമായി നിരവധി പബുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്ക് മദ്യം വിളമ്പിയ റഷ്യൻ സുന്ദരികൾ കൊച്ചിയിൽ ജോലി ചെയ്തത് അടക്കം അന്വേഷണം നടന്നിരുന്നു. ഇതിനിടയിൽ പ്രവീൺ റാണ മെയ് 30 ന് ഹോട്ടൽ ഷെയറുകളെല്ലാം തന്നെ വിറ്റു. നിലവിൽ ഇയാൾക്ക് ഈ ഹോട്ടലുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഈ ഹോട്ടലിന്റെ പേരു പറഞ്ഞ് പലരിൽ നിന്നും ഷെയർ വാങ്ങുന്നതായും ആരോപണം ഉയർന്നിരുന്നു.

ലൈഫ് മെഡിക്കൽ സർവകലാശാല

പ്രവീൺ റാണ യൂണിവേഴ്‌സിറ്റി തുടങ്ങാനൊരുങ്ങുന്നു എന്നായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിലെ വാർത്ത. താൻ സ്വന്തമായി കണ്ടെത്തിയ ലൈഫ് ഡോക്ടർ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ലൈഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി അനുമതി തേടി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചതായി ആയിരുന്നു വാർത്ത. സർക്കാർ കേന്ദ്രങ്ങളിൽ പണമെറിഞ്ഞ് ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി തട്ടിക്കൂടി അതിന്റെ തലപ്പത്തിരിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ.

നിക്ഷേപ തട്ടിപ്പും അണിയറ കഥകളും

കഴിഞ്ഞ വർഷം തന്നെ പ്രവീൺ റാണയ്‌ക്കെതിരെ പൊലീസ് തട്ടിപ്പിന് കേസെടുത്തിരുന്നു. ബിസിനസ് നടത്താൻ കൺസൽട്ടൻസിയെന്ന പേരിൽ പണപ്പിരിവ് പതിവാക്കിയ പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്‌ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസിക്കെതിരെ തൃശ്ശൂർ വെസ്റ്റ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ അതും പണം കൊടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നു.

ഐപിസി 406, ഐപിസി 420 വകുപ്പുകൾ പ്രവീൺ റണക്കെതിരെ ചുമത്തിയിരുന്നു. സേഫ് ആൻഡ് സ്‌ട്രോങ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട പണപ്പിരിവിലാണ് കേസെടുത്തത്. പൊതുജനങ്ങളെ കബളിപ്പിക്കും വിധത്തിൽ പരസ്യങ്ങൾ നൽകി പണം വാങ്ങുന്നു എന്നായിരുന്നു കേസ്. ഏഴു വർഷം വരെ തടവുലഭിക്കുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. മോൻസൻ മാവുങ്കലിനെയും വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവ് നടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു.

2019 ജൂലായ് ഒന്നിനാണ് നിധി കമ്പനിയായി തുടരുന്നതിന് എൻഡിഎച്ച് -4 ഫോമിൽ അപേക്ഷിക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നിധി കമ്പനി നിയമങ്ങൾ, കമ്പനി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 406 എന്നിവ പ്രകാരമായിരുന്നു പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, അപേക്ഷ നൽകാത്ത കമ്പനികളും ഉൾപ്പടെ 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കുകയായിരുന്നു. അംഗീകാരം റദ്ദാക്കിയ കമ്പനികുടെ പട്ടികയിൽ 306 ാമതാണ് സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധി ലിമിറ്റഡിന്റെ പേര് പരാമർശിക്കുന്നത്.

റദ്ദാക്കപ്പെട്ടിട്ടും ഈ കമ്പനിയുടെ മറവിൽ, ആളുകളെ കബളിപ്പിച്ച് വൻ തോതിലുള്ള നിക്ഷേപം സ്വീകരിക്കുകയായിരുന്നു. പൊതുജനങ്ങക്ക് 12 ശതമാനവും സീനിയർ സിറ്റിസണിന് 12.5 ശതമാനവും പലിശയാണ് പരമാവധി നൽകാൻ നിയമമുള്ളൂ. എന്നാൽ പ്രവീണ് റാണ നിക്ഷേപകർക്ക് വൻതുക പലിശ നൽകുമെന്നാണ് വാഗ്ദാനം നൽകാറ്. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് 18 ശതമാനംവരെ പലിശ നിക്ഷേപത്തിന് നൽകി വരുന്നുണ്ടെന്നാണ് സേഫ് ആൻഡ് സ്‌ട്രോങ് അവകാശപ്പെട്ടത്. നിധി കമ്പനിയിലേക്ക് നിക്ഷേപിക്കാൻ എത്തുന്നവരെ, ഫ്രാഞ്ചൈസി നിക്ഷേപത്തിൽ ലഭിക്കുന്ന ഭീമമായ പലിശ കാണിച്ചാണ് ഇൻവെസ്റ്റ് ചെയ്യിക്കുന്നത്.

അതും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ പണം തട്ടാൻ തയ്യാറാക്കിയ എഗ്രിമെന്റിലൂടെ എന്ന് വേണം മനസ്സിലാക്കാൻ. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. അതായത്, നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ട്രൈനിങ് സ്‌റ്റൈഫന്റ് എന്ന നിലയിലാണ് ഈ തുകയെ ലീഗൽ എഗ്രിമെന്റുകളിൽ കാണിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനിയും റാണയ്ക്കുണ്ട്. അതിന്റെ പ്രവർത്തനങ്ങളും ദുരൂഹമാണ്.

ഇനി ഈ നിക്ഷേപം എവിടെയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി എജിഎം ഗോകുൽദാസ് തന്നെ പറഞ്ഞത് ഇങ്ങനെ: 'നമ്മള് ഒരു കോർപ്പറേറ്റ് ഗ്രൂപ്പാണ്. നമ്മുടെ ബിസിനസ്സ് എന്ന് പറയുന്നത് പബ്ബുകൾ ഉണ്ട്, എഡ്യൂക്കേഷണൽ അക്കാദമി ഉണ്ട്. സേഫ് ആൻഡ് സ്ട്രോങ്ങ് എഞ്ചിനീയേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്, ബാങ്കിങ് കോൺസെപ്റ്റിൽ പ്രവർത്തിക്കുന്ന നിധി കമ്പനി, മാർക്കറ്റിങ് ആൻഡ് സർവ്വീസസ് ഉണ്ട്, കൈപ്പുള്ളി കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനി ഉണ്ട്, ഇതിലേക്കുള്ള തുക സോഴ്സിനേയാണ് ഫ്രാഞ്ചൈസി തുകയായിട്ട് ഉദ്ദേശിക്കുന്നത്. അതിന് കൊടുക്കുന്നത് പലിശ അല്ല, റിട്ടേൺ ആണ്. കസ്റ്റമേഴ്സിന്റെ ചോയ്സ് അനുസരിച്ച് മാസം വേണമെങ്കിൽ അങ്ങനെ, അല്ലേൽ വർഷം തോറും. ബിസിനസ്സിൽ നിക്ഷേപിക്കുന്നതാണ് കുറച്ച് കൂടി റിട്ടേൺ ഉറപ്പ് നൽകാൻ കഴിയുന്നത്. എൽഐസി ഉൾപ്പടെയുള്ള മറ്റ് കമ്പനികൾ ഷെയർ മാർക്കറ്റിലാണ് പണം നിക്ഷേപിക്കുന്നത്. ഇത് നമ്മൾ കമ്പനി ആക്ട് പ്രകാരം ഡോക്യുമെന്റ് ചെയ്യും.

ഇതുവരെ 1500 ഓളം നിക്ഷേപകർ നിധി ലിമിറ്റഡിലും ഫ്രാഞ്ചൈസി ഇൻവെസ്റ്റ്മെന്റിലുമായി 200 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. നിക്ഷേപകന്റെ പണത്തിന് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സേഫ് ആൻഡ് സ്ട്രോങ്ങ് 2022 ൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപ ടാർഗറ്റ് വെച്ചിരിക്കുന്നത്.

റെയ്ഡും ഒളിവിൽ പോക്കും

നിക്ഷേപത്തിന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.

കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.

പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP