Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്പൻ കൈയേറിയ ഭൂമി മക്കൾക്ക് വിലയ്ക്ക് കൊടുത്തതായി രേഖയുണ്ടാക്കി തട്ടിപ്പ്; രേഖകൾ പരിശോധിക്കാതെ മുഖ്യമന്ത്രി ജോയ്‌സ് ജോർജിനെ നിയമസഭയിൽ പുണ്യവാളനാക്കി; എംപിയുടെ ഭൂമികയ്യേറ്റക്കേസിൽ വഴിത്തിരിവായത് റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുത്തതോടെ; രജിസ്റ്റർ മുക്കിയ ഉദ്യോഗസ്ഥർ ആരൊക്കെ? എംപിയും കുടുംബവും അവകാശം ഉന്നയിച്ചത് സർക്കാരിന് അവകാശപ്പെട്ട തരിശുഭൂമിയിലെന്ന് രേഖകൾ

അപ്പൻ കൈയേറിയ ഭൂമി മക്കൾക്ക് വിലയ്ക്ക് കൊടുത്തതായി രേഖയുണ്ടാക്കി തട്ടിപ്പ്; രേഖകൾ പരിശോധിക്കാതെ മുഖ്യമന്ത്രി ജോയ്‌സ് ജോർജിനെ നിയമസഭയിൽ പുണ്യവാളനാക്കി; എംപിയുടെ ഭൂമികയ്യേറ്റക്കേസിൽ വഴിത്തിരിവായത് റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുത്തതോടെ; രജിസ്റ്റർ മുക്കിയ ഉദ്യോഗസ്ഥർ ആരൊക്കെ? എംപിയും കുടുംബവും അവകാശം ഉന്നയിച്ചത് സർക്കാരിന് അവകാശപ്പെട്ട തരിശുഭൂമിയിലെന്ന് രേഖകൾ

മറുനാടൻ മലയാളി ഡസ്‌ക്

ഇടുക്കി: മൂന്നാറിലെ കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായത് അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞതോടെ. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെന്ന് ഇനി അന്വേഷിക്കേണ്ടത്.

ലാൻഡ് രജിസ്റ്റർ തയ്യാറാക്കിയത് 1970 കളിലാണ്. രജിസ്റ്റർ പ്രകാരം എംപിയുടെ കുടുംബത്തിന്റെ കൈവശമുള്ള 20 ഏക്കർ ഭൂമി ബ്ലോക്ക് 58 ൽ പെടുന്നതാണ്. ബ്ലോക്ക് 58 ലെ മുഴുവൻ ഭൂമിയും തരിശുഭൂമിയിൽ പെടുന്നതാണ്. ഈ ഭൂമിയിൽ അവകാശമുന്നയിക്കാൻ ഒരുവ്യക്തിക്കും സാധിക്കില്ല.ജോയ്‌സ് ജോർജിന്റെ പിതാവ് ജോർജ് പാലിയത്ത് തടിയമ്പാടിന് മുക്ത്യാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത എട്ട് ഉടമകൾ വ്യജമഹസർ ഉപയോഗിച്ചാണ് ഭൂമി കൈക്കലാക്കിയത്. ഈ ഭൂമി 1971 മുതൽ തങ്ങൾ കൈവശം വച്ചുവരുന്നതാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.

എട്ട് ഭൂഉടമകൾ പട്ടയം കൈവശപ്പെടുത്തിയത് 2001 ലാണ്. ആ സമയത്ത് നിയമപ്രകാരം ചേരേണ്ട ലാൻഡ് അസൈന്മെന്റ് കമ്മിറ്റി വിളിച്ചിരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 1964 ലെ ലാൻഡ് അസൈന്മെന്റ് നിയമപ്രകാരമാണ് ഭൂമി പതിച്ച് നൽകാറുള്ളത്.1971 ഓഗസ്റ്റ് 1 ന് മുമ്പ് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളെ മാത്രമേ ഭൂമി പതിച്ച്് നൽകാൻ യോഗ്യരായി നിയമം കണക്കാക്കുന്നുള്ളു. ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേരാതെ ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

2001 സെപ്റ്റംബർ ഏഴിനാണ് എട്ട് അസൈന്മെന്റുകളും തയ്യാറാക്കിയത്. ഇതിന് ഒരു മാസത്തിന് ശേഷം ഒക്ടോബർ 23 ന് ഈ ഭൂമി ജോർജ് പാലിയത്തിന്റെ പേരിലേക്ക് മാറ്റി.ദേവികുളം സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത പവർ ഓഫ് അറ്റോർണികൾ വഴിയാണ് ഈ ഭൂമി കൈമാറിയത്. പിന്നീട് 2005 ൽ, ജോർജ് പാലിയത്ത് തന്റെ കുടുംബാംഗങ്ങളായ മേരിജോർജ് , ജോയ്‌സ് ജോർജ്, ജോർജ്ി ജോർജ് ,അപൂപ, ഡേവിസ്, രാജീവ് ജ്യോതിസ് എന്നിവരുടെ പേരിൽ വിൽപത്രം തയ്യാറാക്കി.

ഭൂമി ഇടപാടിൽ പ്രഥമദൃഷ്യാ ക്രമക്കേട് കണ്ടെത്തിയതോടെ, 2014 ൽ, മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത്ത് രാജൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 2015 ഫെബ്രുവരിയിൽ, അഡീഷണൽ ചീപ് സെക്രട്ടറി നിവേദിത പി.ഹരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദേവികുളം താലൂക്കിലെ അഞ്ചനാട് ഭാഗത്തുള്ള അഞ്ചുവില്ലേജുകളിലെ എല്ലാ തണ്ടപ്പേരുകളും വിശദമായി പരിശോധിക്കാൻ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് ദേവികുളം സബ്കളക്ടർ വിശദമായ പരിശോധന നടത്തി നടപടിയെടുത്തത്.

എന്നാൽ, ഇടുക്കി എംപി ജോയ്സ് ജോർജിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ആദ്യം മുതലേ് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും സ്വീകരിച്ചിരുന്നത്. നിയമസഭയിൽ, ജോയ്സ് ജോർജ് കൈവശം വച്ചിരിക്കുന്നത് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ജോയ്സ് ജോർജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമാണ് ഇത്തരം ശ്രമങ്ങളെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ജോയ്സ് ജോർജും കുടുംബവും ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിൽ 32 ഏക്കർ ഭൂമി കയ്യേറിയതായി ആരോപിച്ചത്. എന്നാൽ ജോയ്സ് ജോർജ് ഭൂമി കയ്യേറിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജോയ്സ് ജോർജിന്റെ പിതാവ് വിലയ്ക്കു വാങ്ങിയ ഭൂമിയാണിതെന്നും അത് കുടംബ ഓഹരിയായി അദ്ദേഹത്തിനു ലഭിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്കിയത്.

2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരിൽ ജോയ്സ് ജോർജ് എംപിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്. ദേവികുളം സ്റ്റേഷനിൽ എട്ട് എഫ്ഐആർ ഉണ്ടായിട്ടും ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് മുഖ്യമന്ത്രി ജോയ്സ് ജോർജ്ജിനെ വെള്ളപൂശിയത്. ജോയ്‌സിന്റെ അച്ഛൻ വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് പിന്നീട് ജോയ്‌സിന് ലഭിച്ചതെന്നാണ് പിണറായി പറഞ്ഞത്. എന്നാൽ, തമിഴ് വംശജരായ ആദിവാസികളിൽ നിന്നും തെറ്റായ മാർഗ്ഗത്തിൽ കൈവശപ്പെടുത്തിയതാണ് ഈ സ്ഥലമെന്നാണ് പരാതി ഉയർന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് എഫ്ഐആർ ഇട്ട് വിശമായ അന്വേഷണം ആരംഭിച്ചത്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ആദിവാസികളെ ചൂഷണം ചെയ്ത് ഭൂമി തട്ടിയെടുത്തെന്നാണ് വിവിധ ഹർജികലിലെ ആക്ഷേപം.

ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടാക്കമ്പൂർ, കാന്തല്ലൂർ, കീഴാന്തൂർ, മറയൂർ എന്നീ വില്ലേജുകളിലെ മുഴുവൻ തണ്ടപ്പേരു കണക്കുകളും പരിശോധിച്ചതിന്റെ അടി്‌സഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇടുക്കി എംപി ജോയ്‌സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോർജ് 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിലും ചേർത്തിട്ടുണ്ട്.

ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ എട്ടുപേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർക്കു പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതു പരിശോധിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉത്തരവിട്ടത്.വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്നായിരുന്നു ആക്ഷേപം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP