Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്; തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു; ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ആറ് വയസ്സുകാരിയുടെ അമ്മ വിദ്യയുടെ മരണവും കൊലപാതകമെന്ന് സംശയം; പ്രതി ശ്രീമഹേഷിനെതിരെ ആരോപണവുമായി ഭാര്യയുടെ കുടുംബം

നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്; തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു; ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ആറ് വയസ്സുകാരിയുടെ അമ്മ വിദ്യയുടെ മരണവും കൊലപാതകമെന്ന് സംശയം; പ്രതി ശ്രീമഹേഷിനെതിരെ ആരോപണവുമായി ഭാര്യയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കരയിൽ പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട ആറ് വയസ്സുകാരി നക്ഷത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ആയുധം ഉപയോഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. വിശദമായ റിപ്പോർട്ട് പൊലീസിന് കൈമാറി.

മൂർച്ഛയേറിയ ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. നക്ഷത്രയ്ക്ക് പുറമെ പ്രതിയുടെ അമ്മ സുനന്ദയെയും വിവാഹം കഴിക്കാൻ താത്പര്യപ്പെട്ട യുവതിയെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടതായും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം നേരിട്ടതായും ലഹരിക്ക് അടിമപ്പെടത്തായും വിവരമുണ്ട്.

അതേ സമയം മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്തെത്തി. മകളുടേതു കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. കൊല്ലപ്പെട്ട നക്ഷത്രയുടെ അമ്മയാണു വിദ്യ മൂന്ന് വർഷം മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

''വിദ്യ മരിച്ചിട്ട് മൂന്നു വർഷമായി. കൊലപാതകമാണോയെന്ന് എനിക്ക് സംശയമുണ്ട്. കുഞ്ഞിനെയോർത്ത് അന്ന് കേസ് കൊടുക്കാൻ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിനു പോകാതിരുന്നത്.

മഹേഷിന്റെ അമ്മ, അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്‌ക്കോളൂ എന്നു നക്ഷത്രയോട് പറഞ്ഞു. പിന്നാലെ ഇവർ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി. മഹേഷിനോടു നക്ഷത്ര പൊയ്‌ക്കോട്ടെയെന്ന് ചോദിച്ചു. അവർ തമ്മിൽ തർക്കമായി.

അമ്മ മകളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾത്തന്നെ നക്ഷത്രയുടെ കരച്ചിൽ കേട്ടു. അന്നേരം കുഞ്ഞിനെ അവൻ വെട്ടിയിരുന്നു. മഹേഷ് പുറത്തുപോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ. ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ട്'' വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ പറഞ്ഞു.

നക്ഷത്ര ഇവിടേക്കു വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെന്നു വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു. ''ഞങ്ങൾ അങ്ങോട്ടുപോയി കാണുന്നുണ്ട്. രണ്ടാഴ്ചമുൻപും ഞാൻ പോയി കണ്ടിരുന്നു. മോളുടെ മരണത്തിൽ ഞങ്ങൾക്കു സംശയം ഉണ്ട്'' അവർ കൂട്ടിച്ചേർത്തു.

നക്ഷത്രയുടെ മൃതദേഹം വൻജനാവലിയെ സാക്ഷിയാക്കി സംസ്‌കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നൂറുകണക്കിന് പേരാണ് വിങ്ങുന്ന ഹൃദയവുമായി കുരുന്നിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നക്ഷത്രയുടെ കുസൃതിച്ചിരി നിറഞ്ഞ ചിത്രംകണ്ട് ചിലർ വാവിട്ട് നിലവിളിച്ചു.

ബുധനാഴ്ച വൈകിട്ട് 7.30നാണ് നക്ഷത്രയെ മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയേയും (62) ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തി. ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തി കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദ ഇന്നലെ വീട്ടിലെത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പത്തിയൂരിൽ വിദ്യയുടെ വീട്ടുവളപ്പിലായിരുന്നു നക്ഷത്രയുടെയും സംസ്‌കാരം.

ശ്രീമഹേഷ് റിമാൻഡിലായതിന് പിന്നാലെ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാവേലിക്കര സബ് ജയിലിലെ ബാത്ത് റൂമിൽ ഇന്നലെ വൈകിട്ട് 6.45ന് ബ്ലേഡ് കൊണ്ട് കഴുത്തും ഇടതു കൈത്തണ്ടയും മുറിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

ജയിൽ ഓഫീസിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള പേപ്പർ കട്ട് ചെയ്യാനായി വച്ചിരുന്ന ബ്ലേഡ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ കരസ്ഥമാക്കുകയായിരുന്നു. ഓഫീസിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇത്. ആശുപത്രിയിൽ ഡോക്ടർമാരോട് ഇയാൾ ഇക്കാര്യം സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP