Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ

അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ

പ്രകാശ് ചന്ദ്രശേഖർ

 ആലുവ: നെടുമ്പാശേരി അത്താണിയിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ സിസി ടിവിദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കേരളമാകെ നടുങ്ങി. ഹൊ! എന്തൊരു ക്രൂരത എന്ന് ആരും പറഞ്ഞുപോകും. ബാറിൽ നിന്ന് ഒരാൾ പതിയ ഇറങ്ങി റോഡിലേക്ക് നടന്നടുക്കുന്നതോടെ തുടങ്ങുന്നു ദൃശ്യങ്ങൾ. അയാൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത കാറിന് അടുത്തെത്തി നിൽക്കുന്നതോടെ മുന്നിലെ റോഡിൽ രംഗങ്ങൾ ആരംഭിക്കുകയായി. 

കാറിൽ അതിവേഗം എത്തി മുമ്പിലോട്ട് നിർത്തുന്നു. അതിന് ശേഷം ബാറിന് മുമ്പിൽ നിൽക്കുകയായിരുന്ന ബിനോയിയെ പുറകിൽ നിന്ന് പിടിച്ച് താഴേക്കിട്ടു. അതിന് ശേഷം ഒരാൾ നെഞ്ചിൽ കയറി ഇരുന്ന് മർദ്ദിക്കുന്നു. ഓടിയെത്തിയ രണ്ട് പേർ വെട്ടു തുടുങ്ങുന്നു. ബിനോയി അക്ഷരാർത്ഥത്തിൽ കീഴപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് നെഞ്ചിന് മുകളിൽ നിന്ന് ഒരാൾ എഴുന്നേൽക്കുന്നത്. പിന്നെ നിലത്തുവീണ ബിനോയിയെ ആക്രമികൾ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.വെട്ടേറ്റ് വായും മൂക്കും തകർന്ന നിലയിലാണ്. മൃതദേഹത്തിൽ ഈ ഭാഗത്ത് മാംസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അറവിന് കൊണ്ടു പോകുന്ന മൃഗങ്ങളോടും പോലും കാണിക്കാത്ത തരത്തിലാണ് വെട്ടിക്കൊന്നത്.

വാളെടുത്തവൻ വാളാലെ

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ബിനോയി രൂപം നൽകിയ അത്താണി ബോയ്‌സ്
എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ശനിയാഴ്ചയും ഈ സംഘത്തിലെ ചിലരുമായി ബിനോയി വാക്കുതർക്കത്തിലേർപ്പെട്ടെന്നും തുടർന്ന് അടിപിടിയിലെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് അരും കൊലയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാൽ സംഭവം സംബന്ധിച്ച് മൊഴി നൽകാൻ ദൃസാക്ഷികൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യമാണ് പൊലീസിന് പ്രതികളെകുടുക്കുന്നതിന് സഹായകമായിട്ടുള്ള ഏക തെളിവ്.

അത്താണിയെ വിറപ്പിക്കുന്ന ക്വട്ടേഷൻ സംഘം

ഏകദേശം 10 വർഷം മുമ്പാണ് അത്താണി ബോയ്സ് എന്ന ക്വട്ടേഷൻ സംഘത്തിന്റെ ഉദയം. ബിനോയി ഈ സംഘം രൂപീകരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. നാട്ടിൽ വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന സംഘം. ആദ്യകാലങ്ങളിൽ കൂട്ടായ്മ നിർദ്ദോഷമായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരുന്നതെങ്കിൽ പിന്നീട് അത് മാറി. പതിയെ പതിയെ ഇവരിൽ പലരും കുറ്റകൃത്യങ്ങളിലേയ്ക്ക് നീങ്ങി. കഞ്ചാവ് കച്ചവടം, അടിപിടി, കൈക്കും കാലിനും പോലും വില പറഞ്ഞുള്ള ആക്രമണം എന്നിങ്ങനെയായി ഇവരുടെ പ്രവർത്തനങ്ങൾ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സമീപപ്രദേശങ്ങളിലെല്ലാം എന്തിനും പോന്ന ക്വട്ടേഷൻ സംഘമായി അറിയപ്പെട്ടു തുടങ്ങി. അത്താണി ബോയ്സിലെ അംഗമെന്ന പേരുകേട്ടാൽ നാട്ടുകാർ വിറയ്ക്കുന്ന രീതിയിലേയ്ക്ക് വളർന്നു. ഇവരിൽ ചിലർ ചിലയിടങ്ങളിലൊക്കെ ഗുണ്ടാപിരവും നടത്തിയിരുന്നതായും വിവരമുണ്ട്. ഇവരെത്തേടി മറ്റുസ്ഥലങ്ങളിൽ നിന്നും ക്വട്ടേഷനുകളെത്തിയിരുന്നു. കാശ് വാരാനുള്ള കുറുക്കുവഴിയാണ് ഇവർകക്ക് ക്വട്ടേഷനുകൾ എന്ന കാര്യത്തിൽ സംശയമില്ല.

ബിനോയ് കൊല്ലപ്പെട്ടത് ഗൂണ്ടാപ്രവർത്തനം വിടാൻ ഒരുങ്ങുന്നതിനിടെ

കൊല്ലപ്പെട്ട ബിനോയി നാട്ടിലെ അത്യവശ്യം ഭൂസ്വത്തുണ്ടായിരുന്ന കുടുംബത്തിലെ അംഗമാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇരു നിലവീട്ടിൽ അത്യാവശ്യം ഭേദപ്പെട്ട നിലയിലായിരുന്നു ബിനോയിയും കുടുംബവും കഴിഞ്ഞിരുന്നത്. സഹോദരിമാരിൽ ഒരാൾ ദുബായിൽ നേഴ്സായി പ്രവർത്തിച്ചുവരുന്നു.

അവിവാഹിതനായിരുന്ന ബിനോയി അടുത്ത കാലത്ത് ഈ കൂട്ടായ്മയുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നെന്നാണ് സൂചന. കേസുകളെല്ലാം തീർത്ത് കുറ്റകൃത്യങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ഇയാൾ ശ്രമിച്ചിരുന്നെന്നാണ് അടുപ്പക്കാരും വീട്ടുകാരും വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെ യാഥാർത്ഥ കാരണം എന്തായിരുന്നു എന്നത് സംമ്പന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP