Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്‌സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്

'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്‌സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്

ആർ പീയൂഷ്

 കൊച്ചി: വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറയില്ല. പറഞ്ഞാൽ തന്നെ മുഴുവനായി പറയില്ല. എല്ലാം ഉള്ളിലൊതുക്കി കഴിയും. ഒടുവിൽ ഭർതൃവീട്ടുകാരുടെ മാനസിക-ശാരീരിക പീഡനങ്ങൾ ദുസ്സഹമാകുമ്പോൾ, പൊടുന്നനെ ഒരുനാൾ ആ വാർത്ത കേൾക്കാം. വിസ്മയ, ഉത്ര, മോഫിയ, അർച്ചന, സുചിത്ര അങ്ങനെ എത്രയോ പേർ. അത്തരത്തിലൊരാൾ കൂടി കടന്നു പോയിട്ട് മൂന്നുമാസമാകുന്നു. ഹോക്കി താരമായ പോണേക്കരയിൽ പീലിയാട്ട് റോഡ് കടയപ്പറമ്പിൽ ശ്യാമിലിയുടെ(26) മരണം.

മെയ് നാലിന് കേരള ഒളിംപിക് ഗെയിംസിൽ കേരളത്തിന് വേണ്ടി ഉഷാറായി കളിക്കളത്തിൽ ഇറങ്ങേണ്ടിയിരുന്ന യുവതി. സ്ത്രീധന പീഡനാരോപണം ഉന്നയിക്കുന്ന ബന്ധുക്കളുടെ കണ്ണീർ കാണാതെ വയ്യ. എന്റെ മോളെ ഒന്നു ചേർത്ത് നിർത്തി സ്നേഹമായിട്ട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ,' അമ്മ സുജാത അലമുറയിടുന്നു.

കേരള ഒളിംപിക് ഗെയിംസിൽ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ച ദിവസമാണ് ശ്യാമിലിയുടെ മരണം. പട്ടികയിൽ ശ്യാമിലിയുടെയും പേരുവന്ന ദിവസം. ജില്ലാ ടീമിന് വലിയൊരു നഷ്ടം. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സീനിയർ സ്റ്റേറ്റ് ചാംപ്യൻഷിപ്പ് കളിച്ചയാളാണ് ശ്യാമിലി.

മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് ശ്യാമിലി എഴുതിയ ഡയറിയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഭർതൃപീഡനത്തെ കുറിച്ചാണ്. ഭർത്താവിന്റെ എണ്ണമറ്റ ക്രൂരതകളാണ് അവൾ നിരത്തുന്നത്. ഞാൻ എന്തിനു മരിക്കണം, അയാൾ എന്താണ് എനിക്കു നല്ലതു ചെയ്തത്?' ഏപ്രിൽ 25നു വൈകിട്ടാണ് ശ്യാമിലി ഫാനിൽ തൂങ്ങി മരിക്കുന്നത്. ഡയറി ഇപ്പോൾ പൊലീസിന്റെ പക്കലുണ്ട്.

ഡയറിയിലെ ചില ഭാഗങ്ങൾ ഇങ്ങനെ:

'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്‌സ് വിഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.' തന്റെ പേരിൽ ഫേസ്‌ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.

ഗർഭം അലസിയ ദിവസവും കൊടുംക്രൂരത

ശ്യാമിലിയുടെ ഭർത്താവ് തിരുവല്ല സ്വദേശി ആശിഷ് കെ.സേതുവിന് ഗൾഫിലാണ് ജോലി. ഇയാൾക്ക് സേതു എന്ന വിളി പേരുമുണ്ട്. ആശിഷ് ഗൾഫിൽ പോകുന്നതിനു മുൻപ് ശ്യാമിലിയുടെ മൂന്നാം മാസം ഗർഭം അലസുന്ന സാഹചര്യമുണ്ടായി. അന്നു രാത്രി തന്നെ ആശുപത്രിയിൽനിന്നു വന്ന് സ്‌കൂട്ടറിൽ തിരുവല്ല വരെ യാത്ര ചെയ്യിച്ചു, വീട്ടിലെത്തിയപ്പോൾ കഠിനമായി ജോലി ചെയ്യിച്ചു. ആശിഷിന്റെ സുഹൃത്തുക്കൾക്കൊപ്പം പോകാൻ നിർബന്ധിച്ചതായും പോയില്ലെങ്കിൽ മർദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ശ്യാമിലി മറ്റൊരാളോടു പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിനു കൈമാറും, ശ്യാമിലിയുടെ സഹോദരി ഷാനിക പറഞ്ഞു.

എതിർപ്പ് മറികടന്ന് പ്രണയ വിവാഹം

കഴിഞ്ഞ 25ന് വൈകിട്ട് വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശിഷിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്നു വീട്ടിൽ വന്നുനിൽക്കുകയായിരുന്നു ശ്യാമിലി. 10 മാസമായി ആശിഷ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നതിനാൽ ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ നൽകുകയോ ചെയ്തിരുന്നില്ലെന്ന് ഷാമിക പറയുന്നു. പിന്നീട് ഭർതൃവീട്ടിലെ സാമ്പത്തിക പ്രശ്നം തീർക്കാൻ സ്ത്രീധനം നൽകണമെന്നായിരുന്നു ആവശ്യം. സ്ത്രീധനം വാങ്ങിവരാൻ ആവശ്യപ്പെട്ട് ഒരു തവണ പാസ്ബുക്ക് കൊടുത്തു വിട്ടു. ഗൾഫിൽ ആയിരുന്ന സമയത്ത്, തിരിച്ചുവരികയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും ഷാനിക ആരോപിക്കുന്നു.

ആശിഷിന്റെ അമ്മ ശ്യാമളയ്ക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. ശ്യാമളയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ശ്യാമിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിവാഹത്തിന് മുമ്പ് തന്നെ ആശിഷിനോട് പറഞ്ഞിരുന്നു എന്ന് സുജാത പറയുന്നു. 'ഇത് ശരിയാവൂല്ല, എന്ന് പറഞ്ഞെങ്കിലും കേട്ടില്ല. ശ്യാമിലിയെ തന്നെ കെട്ടണമെന്നായിരുന്നു വാശി. അച്ഛനും കൂടി പോയിരിക്കുന്ന സമയമാണ്. ഞങ്ങൾക്കൊന്നും, തരാനും എടുക്കാനും കഴിവില്ല', എന്നുപറഞ്ഞു, അമ്മ സുജാത പറഞ്ഞു.

'ഗൾഫിൽ പോകാനുള്ള പണം, ശ്യാമിലിയാണ് സ്പോർട്സിൽ നിന്ന് കിട്ടിയ ഒരുലക്ഷം എടുത്തുകൊടുത്തത്. പോയി മൂന്നാം മാസം മുതൽ പ്രശ്നങ്ങളായി. ആശിഷ് പോകുന്നതിന് മുമ്പ് ശ്യാമിലി മൂന്നുമാസം ഗർഭിണിയായിരുന്നു. ആശിഷിന്റെ അമ്മ എന്തോകൊടുത്തിട്ടാണ് ഗർഭം അലസി പോയതെന്നും സുജാത പറഞ്ഞു. അന്നാണ് തിരുവല്ലയ്ക്ക് കൊണ്ടുചെല്ലണമെന്ന് ശ്യാമള വാശിപിടിക്കുകയും, അവിടം വരെ സ്‌കൂട്ടിയിൽ കൊണ്ടുപോകുകയും ചെയ്തത്'.

'വീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മർദ്ദിക്കുന്നതും പതിവായിരുന്നു. എല്ലാ കാര്യത്തിലും വളരെ ബോൾഡായി നിന്നു സംസാരിക്കുന്ന ആളായിരുന്നു ചേച്ചി. കുറെ മാസങ്ങൾ പുറത്തിറങ്ങാതെ മാനസികമായി തളർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് അടുത്തൊരു ജിമ്മിൽ ജോലി കിട്ടിയതിനെ തുടർന്ന് അവിടെ പോകുന്നുണ്ടായിരുന്നു. ജിമ്മിൽ ചെല്ലുമ്പോൾ മുതൽ വീഡിയോ കോളിൽ ചെല്ലണമായിരുന്നു. വിളിക്കുമ്പോൾ അസഭ്യം പറയുന്നതും പതിവായി. ഇതോടെ വിവാഹത്തിൽനിന്നു പിന്മാറാൻ ആലോചിച്ചെങ്കിലും ആശിഷ് തയാറായില്ല', ഷാനിക പറഞ്ഞു.

'ചോദ്യം ചെയ്താൽ അസഭ്യം പറയുന്നതും ആശിഷിന്റെ പതിവായിരുന്നു. കെട്ടിത്തൂങ്ങി ചത്തുകൂടേ തള്ളേ എന്നും മറ്റും ചോദിക്കും. ഇതുതന്നെ ആശിഷിന്റെ അമ്മയും ചോദിക്കും. ആവശ്യമില്ലാത്ത കൂട്ടുകെട്ടും കൂടുതലാണ്. ആരോട് സങ്കടം പറയാൻ? സുജാത പറഞ്ഞു. ശ്യാമിലിക്കു ലഹരി നൽകുകയും ഈ സമയം കൂട്ടുകാർക്കൊപ്പം പോകാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. പോകാത്തതിന് വിളിച്ചു ഭീഷണിപ്പെടുത്തുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

അതേസമയം, സാധാരണ ദാമ്പത്യ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ശ്യാമിലിയുടെ ഭർത്താവ് ആശിഷ് പ്രതികരിച്ചു. ഗർഭിണിയായിരിക്കെ വേണ്ട കരുതലുകൾ നൽകിയിട്ടുണ്ട്. അറിയാത്ത എന്തോ കാരണം ശ്യാമിലിയുടെ മരണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. താൻ ജോലി നിർത്തി നാട്ടിലേക്കു പോരുന്നത് ശ്യാമിലി ഭയപ്പെടുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. തന്നിൽ നിന്ന് എന്തോ കാര്യം മറയ്ക്കാനുണ്ടെന്നാണ് കരുതുന്നത്. വിശദവിവരം അറിയാൻ ശ്യാമിലിയുടെ ഫോൺ പരിശോധിക്കണം. അത് നിലവിൽ കണ്ടെത്താനായിട്ടില്ല. ഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവായ തനിക്കാണ് നഷ്ടമുണ്ടായിട്ടുള്ളതെന്നും ആശിഷ് പറയുന്നു.

ഒരു അമ്മമാരോട് പറയാൻ പറ്റുന്ന ഭാഷയല്ല, അവൻ എന്നോട് പറയാറുള്ളത്. കെട്ടിത്തൂങ്ങി ചത്തുകൂടേ എന്നൊക്കെ ചോദിക്കും. ഒരുലക്ഷം രൂപ അവന്മോള് കൊടുത്തിട്ട് ഒരു സ്നേഹത്തിന്റെ തരി എങ്കിലും കാണിച്ചിരുന്നെങ്കിൽ, ഇന്നെന്റെ മോള് പോവൂല്ലായിരുന്നു, ഈ കടുംകൈ ചെയ്യില്ലായിരുന്നു, അവൻ ഭീഷണിപ്പെടുത്തലും, കൂട്ടുകാരെ വിട്ട് പ്രശ്നം ഉണ്ടാക്കൽ, ഒക്കെയുണ്ട്. കൂട്ടുകാരെ കൊണ്ടുവന്ന് ഞങ്ങളെയും ഭീഷണിപ്പെടുത്തും. അവൻ കുറെ ഭീഷണിപ്പെടുത്തും. എന്തെല്ലാം പറയാമോ, അതെല്ലാം പറയും അവൻ. അവനും അവന്റെ അമ്മയും കൂടിയായിരുന്നു എല്ലാ കളിയും, സുജാത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP