Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തടവുകാരുടെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചിക്കുന്നത് ജയിൽ നിയമത്തിന്റെ ലംഘനം; പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ ഗൗരവം വർധിക്കും; സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ ഇഡി ഉറച്ച നിലപാടുകളിലേക്ക്; കുരുക്ക് മനസ്സിലാക്കി അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ചും

തടവുകാരുടെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചിക്കുന്നത് ജയിൽ നിയമത്തിന്റെ ലംഘനം; പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ ഗൗരവം വർധിക്കും; സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ ഇഡി ഉറച്ച നിലപാടുകളിലേക്ക്; കുരുക്ക് മനസ്സിലാക്കി അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ചും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത നിലപാടുകളിലേക്ക്. കേരളാ പൊലീസ് ഇക്കാര്യത്തിൽ ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെങ്കിൽ ഇഡി കോടതിയെ സമീപിക്കും. വിഷയത്തിൽ സിബിഐ അന്വേഷണ സാധ്യതകളും തേടും. ഇത് മനസ്സിലാക്കിയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ അതു കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് (മാനേജ്‌മെന്റ്) ആക്ടിന്റെ ലംഘനമാണെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചു. ശബ്ദസന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും. ഇക്കാര്യത്തിൽ വിശദ അന്വേഷണവും ഉറപ്പു വരുത്തും. ഗൗരവത്തോടെയാണ് ഇതിനെ ഇഡികാണുന്നതും.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർധിക്കും. ഈ സാഹചര്യത്തിലാണ് നീക്കങ്ങൾ. അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ശബ്ദം റിക്കോർഡ് ചെയ്തുവെന്ന വിലയിരുത്തൽ സജീവമാണ്. ഇതോടെ ക്രൈംബ്രാഞ്ചും കേസിൽ വെട്ടിലാണ്. ആദ്യം അന്വേഷണമില്ലെന്നും നിയമലംഘനമില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇഡിയുടെ പരാതിയോടെ അന്വേഷണം നടത്തേണ്ട സ്ഥിതിയും വന്നു.

ശബ്ദസന്ദേശം പുറത്തുവിട്ട നടപടി സ്വപ്ന പ്രതിയായ ഏതെങ്കിലും കേസിന്റെ അന്വേഷണത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരാതിപ്പെട്ടാൽ അന്വേഷണം നടത്തി നിജസ്ഥിതി വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കണം. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടാൽ അന്വേഷണ സംഘങ്ങളുടെ കസ്റ്റഡി കാലയളവിലും ജയിലിൽനിന്നു സ്വപ്നയെ കോടതിയിലെത്തിച്ച സന്ദർഭങ്ങളിലും സുരക്ഷ ഒരുക്കിയ വനിതാ പൊലീസ് അടക്കമുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ജയിൽ മാനേജ്‌മെന്റ് നിയമം വകുപ്പ് 81(27) പ്രകാരം മൊബൈൽ ഫോൺ ഉപയോഗിച്ചു ജയിലിൽനിന്നു പുറത്തേക്കു സന്ദേശം അയച്ചാൽ പ്രതിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണം. ശബ്ദസന്ദേശം വിചാരണത്തടവുകാരന്റേതാണെങ്കിൽ വകുപ്പ് 82(2) പ്രകാരം ജയിൽ സൂപ്രണ്ട് വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കുകയും വേണം. ഈ നിയമപരമായ വസ്തുതകളെല്ലാം ഇഡി ഗൗരവത്തോടെ എടുക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യംചെയ്യും. കോടതിയിൽ നിന്നോ അല്ലെങ്കിൽ ജയിൽമേധാവിയിൽ നിന്നോ ഇതിന് അനുമതി വാങ്ങും. മുഖ്യമന്ത്രിക്കെതിരേ മൊഴികൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം. ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കേണ്ടതുണ്ട്. ഇതിന് ശാസ്ത്രീയപരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയിൽ ഡി.ഐ.ജി. നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്ന് സ്വപ്ന സമ്മതിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലിൽവെച്ചുള്ളതല്ലെന്നും പറഞ്ഞു.

എറണാകുളത്തുവെച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ഇതു റിക്കോർഡ് ചെയ്തതും പ്രചരിപ്പിച്ചതുമാണ് കുറ്റം. ജയിൽവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.പി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ശബ്ദസന്ദേശം പുറത്തുവന്ന ദിവസം തന്നെ ജയിൽമേധാവി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് നിലനിൽക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സംഭവം വിവാദമായതിനെ തുടർന്ന് രണ്ടുദിവസത്തിന് ശേഷം പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP