Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയാഭ്യർത്ഥന തള്ളിയ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറിന്റെ ജയിലിലെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; വൈദ്യുതി കമ്പി കടിച്ച് ജീവനൊടുക്കിയെന്നത് തെറ്റെന്ന് വാദം; പൊലീസ് കൊന്നതെന്ന് ആരോപിച്ച് അഭിഭാഷകനും

പ്രണയാഭ്യർത്ഥന തള്ളിയ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറിന്റെ ജയിലിലെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; വൈദ്യുതി കമ്പി കടിച്ച് ജീവനൊടുക്കിയെന്നത് തെറ്റെന്ന് വാദം; പൊലീസ് കൊന്നതെന്ന് ആരോപിച്ച് അഭിഭാഷകനും

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചെന്ന കാരണത്താൽ ചെന്നൈയിലെ ഐടി ജിവനക്കാരി സ്വാതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന പ്രതി രാംകുമാർ ജയിലിൽ ആത്മഹത്യ ചെയ്‌തെന്ന പൊലീസ് വാദം വിശ്വസിക്കാതെ ബന്ധുക്കൾ രംഗത്ത്. രാകുമാർ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം രാംകുമാറിനെ പൊലീസ് കൊന്നതെന്ന് അഭിഭാഷകൻ. രാംകുമാറിന്റെ അഭിഭാഷകനായ രാംരാജാണ് ആരോപണം ഉന്നയിച്ചത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക്തിയല്ല രാംകുമാറെന്ന് അഭിഭാഷകൻ പറഞ്ഞു.

ഇന്നലെയും രാംകുമാറുമായി താൻ സംസാരിച്ചിരുന്നതാണ്. ജാമ്യം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാംകുമാർ എന്നും അഭിഭാഷൻ പറഞ്ഞു. ഇത് പൊലീസ് ചെയ്ത കൊലപാതകം തന്നെയാണെന്നും രാംരാജ് കൂട്ടിച്ചേർത്തു. ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് രാംകുമാർ ആത്മഹത്യ ചെയ്തത്. ഇതാണ് ആത്മഹത്യ ചെയ്‌തെന്ന വാദത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതും. കോടതി നടപടികളിലേക്ക് കടക്കും മുമ്പ് രാംകുമാർ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.

വൈകുന്നേരം നാലരയോടെയാണ് രാംകുമാർ ജീവനൊടുക്കിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വൈദ്യുത കമ്പിയിൽ കടിച്ച് ജീവനൊടുക്കുകയായിരുന്നു. ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ രാംകുമാറിനെ റോയപേട്ട ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോയപേട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോർട്ടം നടപടികൾ. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൃതദേഹം കാണാൻ അവസരം നൽകും. അതിസുരക്ഷയുള്ള ജയിലിൽ വിചാരണത്തടവുകാരൻ ആത്മഹത്യചെയ്ത സംഭവം ഗൗരവമേറിയതാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജയിൽ എ.ഡി.ജി.പി. വിജയകുമാർ അറിയിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

ജൂൺ 24നാണ് സ്വാതിയെ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ രാംകുമാർ അരിവാൾകൊണ്ട് വെട്ടിക്കൊന്നത്. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യം തീർക്കാനായിരുന്നു കൊലപാതകം. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രാംകുമാറാണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിൽനിന്നുള്ള പൊലീസ് സംഘം തിരുനൽവേലി ചെങ്കോട്ട മീനാക്ഷിപുരത്തെ വീട്ടിൽനിന്ന് രാംകുമാറിനെ അറസ്റ്റുചെയ്തു.

ഞായറാഴ്ച രാംകുമാർ പ്രഭാതഭക്ഷണം കഴിച്ചിരുന്നുവെന്നും ഉച്ചയ്ക്ക് ഭക്ഷണത്തിനു വിളിച്ചപ്പോൾ എത്തിയില്ലെന്നും പറയുന്നുണ്ട്. ഈ ഇടവേളയിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ ചെന്നൈയിൽ ജോലിതേടി എത്തിയപ്പോഴാണ് സ്വാതിയെ പരിചയപ്പെടുന്നത്. പലതവണ പ്രണയാഭ്യർഥനയുമായി സമീപിച്ചെങ്കിലും സ്വാതി നിരസിച്ചു. ഇത് രാംകുമാറിൽ പ്രതികാരമനോഭാവം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപ്പെടുത്തിയതിൽ പശ്ചാത്താപമുണ്ടെന്ന് ഇയാൾ പിന്നീട് പറഞ്ഞിരുന്നു. അതേസമയം സ്വാതിയെ കൊന്നത് രാംകുമാർ അല്ലെന്നും പൊലീസ് എന്തൊക്കെയോ രഹസ്യങ്ങൾ മറച്ചുവയ്ക്കുന്നുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ദളിത് കുടുംബമായതിനാലാണ് തന്റെ കുടുംബത്തെ പ്രതിയാക്കുന്നതെന്നായിരുന്നു നേരത്തെ രാംകുമാറിന്റെ പിതാവ് ആരോപിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP