Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വമ്പൻ സ്വർണക്കൊയ്ത്തിന്റെ വിളവെടുപ്പിന് മുമ്പേ സ്വപ്‌ന സുരേഷ് അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്ന് മുങ്ങി; തന്ത്രത്തിൽ കടന്നത് രണ്ടുദിവസം മുമ്പെന്ന് തെളിഞ്ഞത് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ; കൂട്ടുപ്രതി സരിത്ത് അറസ്റ്റിലായിട്ടും സോഷ്യൽ മീഡിയയിൽ അദൃശ്യയായി സാന്നിധ്യം അറിയിച്ച് ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥ; താനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാതെ ഐടി സെക്രട്ടറി എം.ശിവശങ്കർ; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ കൂടുതൽ പേർ കുടുങ്ങും

വമ്പൻ സ്വർണക്കൊയ്ത്തിന്റെ വിളവെടുപ്പിന് മുമ്പേ സ്വപ്‌ന സുരേഷ് അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്ന് മുങ്ങി; തന്ത്രത്തിൽ കടന്നത് രണ്ടുദിവസം മുമ്പെന്ന് തെളിഞ്ഞത് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ; കൂട്ടുപ്രതി സരിത്ത് അറസ്റ്റിലായിട്ടും സോഷ്യൽ മീഡിയയിൽ അദൃശ്യയായി സാന്നിധ്യം അറിയിച്ച് ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥ; താനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാതെ ഐടി സെക്രട്ടറി എം.ശിവശങ്കർ; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ കൂടുതൽ പേർ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ പ്രതി സ്വപ്‌ന സുരേഷിന്റെ വസതിയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. സ്വപ്‌ന അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്ന് പോയത് രണ്ടുദിവസം മുമ്പാണ്. കേസിൽ മുൻ പിആർഒ സരിത്ത് അറസ്റ്റിൽ ആയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. കോൺസുലേറ്റിലെ മുൻ ഐടി വിഭാഗം ജോലിക്കാരിയായ സ്വപ്ന സുരേഷിന്റെ പങ്കിനെ കുറിച്ച് സരിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദം പുലർത്തുന്നുവെന്നും അവരുടെ ഫ്‌ളാറ്റിൽ പോകാറുണ്ടായിരുന്നുവെന്നും ഉള്ള ആരോപണങ്ങളിൽ പ്രതികരിക്കാൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ തയ്യാറായില്ല. അന്വേഷണം അതിന്റെ രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശിവശങ്കർ ന്യൂസ് ചാനലിനോട് പറഞ്ഞു.

ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഇവരുടെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ചർച്ചയാകുന്നത്. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ സ്വപ്നക്ക് തലസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ്. ഇവർ യുഎഇയിലും ഇടക്കിടെ യാത്ര ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷെന്ന് വ്യക്തമായതോടെ സ്വപ്നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിൽ പോയിരുന്നു. ഇതോടെയാണ് സ്വപ്നയെ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ശുപാർശയിലായിരുന്നു നിയമനം എന്ന ആരോപണവും ഉയർന്നു. എന്നാൽ, ആരോപണം ഐടി വകുപ്പ് തള്ളി. ഇവർ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജൻസി നൽകിയ പ്രഫഷണൽ റഫറൻസ് അനുസരിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു.

സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ആക്ഷേപമുയർന്നെങ്കിലും അത് പിണറായി വിജയൻ തള്ളി. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫീസിനെ ജനങ്ങൾക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് പോരാ, മുഖ്യമന്ത്രി പറഞ്ഞു..

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റംസാണ് അന്വേഷിക്കുന്നത്; ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. സംസ്ഥാനസർക്കാർ അന്വേഷണത്തിന് മുഴുവൻ പിന്തുണയും നൽകും. ഈ ഘട്ടത്തിൽ അവരെ അഭിനന്ദിക്കുന്നു. തെറ്റ് ചെയ്യുന്നവർക്ക് മറ്റ് ദുരാരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകുന്ന സമീപനം പാടില്ല അദ്ദേഹം പറഞ്ഞു. എങ്ങനെ ഐടി വകുപ്പിൽ സ്വപ്ന എത്തി എന്ന ചോദ്യത്തിന് താനറിഞ്ഞല്ല ആ നിയമനമെന്നും കൂടുതൽ അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതിവേഗം പിരിച്ചുവിട്ടത് കേസ് ഒതുക്കാനോ?

അതിവേഗമുള്ള പിരിച്ചു വിടലിന് പിന്നിൽ ഉന്നതരിലേക്ക് എത്താതെ കേസ് ഒതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. താൽക്കാലിക നിയമനം ആയിരുന്നു എന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. ഐടി സെക്രട്ടറി ശിവശങ്കറുമായി അടുത്ത ബന്ധമാണ് യുവതിക്കുള്ളത്. അതേസമയം നിലവിൽ കസ്റ്റഡിയിലുള്ള കോൺസുലേറ്റ് മുൻ പി.ആർ.ഒ. സരിത്തിൽ നിന്നും നിർണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നൽകി.

ആരാണ് സ്വർണക്കടത്തിന് പിന്നിൽ എന്ന് ഒളിപ്പിക്കാൻ സരിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മൊഴിയിൽ നിന്നും വ്യക്തമാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത്.  സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.

 10 മുതൽ 15 ലക്ഷം വരെ കമ്മിഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആർ.ഒ പോസ്റ്റിൽ നിന്ന് സരിത്തിനെ നീക്കിയിരുന്നു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോൺസുലേറ്റിൽ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവിൽ പോയ ഇവർക്കായി കസ്റ്റംസ് തിരച്ചിൽ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആർഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന, പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ളൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ സ്വർണവേട്ടയെ കുറിച്ച് അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും വ്യക്തമാക്കി.

സ്റ്റീൽ പൈപ്പുകളുടെയും ഡോർ ലോക്കുകളുടെയും രൂപത്തിൽ സ്വർണം

യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ചത് സ്റ്റീൽ പൈപ്പുകളിലും ഡോർ ലോക്കുകളിലുമായാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റീൽ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പുറത്തെടുത്തത്. 30 കിലോയുള്ള സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് കാർഗോയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണമാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോൺസലർ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു.

സരിത്തുൾപ്പെട്ട എട്ട് ഇടപാടുകളെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചു. സ്വർണം കടത്തിയ വകയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ കമ്മിഷൻ ലഭിച്ചതായും സരിത്ത്. സരിത്തിന്റെ കയ്യിൽ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വർണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP