Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന ഫോണിൽ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനെ? ഉന്നതന്റെ മൊബൈലിൽ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കി സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചു; ആരോഗ്യ പ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിച്ചു; റെക്കോഡ് ചെയ്ത് മറുപടി; ഇനി ചോദ്യം ചെയ്താൽ പറയേണ്ടത് എന്തെന്ന ഉപദേശവും തിരിച്ചെത്തി; സ്വപ്‌നയുടെ ആശുപത്രി ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അട്ടിമറി വിവരങ്ങൾ

മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന ഫോണിൽ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനെ? ഉന്നതന്റെ മൊബൈലിൽ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കി സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചു; ആരോഗ്യ പ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിച്ചു; റെക്കോഡ് ചെയ്ത് മറുപടി; ഇനി ചോദ്യം ചെയ്താൽ പറയേണ്ടത് എന്തെന്ന ഉപദേശവും തിരിച്ചെത്തി; സ്വപ്‌നയുടെ ആശുപത്രി ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അട്ടിമറി വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണിൽ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനുമായെന്നു വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നൽകുകയുമാണുണ്ടായത്. ഉന്നതന്റെ മൊബൈലിൽനിന്നയച്ച സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ല.

ഇ.ഡി.ക്ക് സ്വപ്ന നൽകിയ മൊഴി എന്താണെന്നാണ് സന്ദേശത്തിൽ ഉന്നതൻ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നൽകിയത്. ഇനി ചോദ്യംചെയ്യുകയാണെങ്കിൽ പറയേണ്ട കാര്യങ്ങൾ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈർഘ്യമേറിയതാണ്. ഇതിന് സ്വപ്ന മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്. മാതൃഭൂമിയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗൗരവമുള്ള വിശദാംശങ്ങളാണ് ഇന്ന് മാതൃഭൂമി വാർത്തായയി നൽകുന്നത്. ഇതോടെ സ്വപ്‌നാ സുരേഷിന്റെ ആശുപത്രി വാസം പുതിയ വിവാദങ്ങൾക്കും ഇട നൽകുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിലെ ഉന്നതർ നടത്തിയെന്ന ദുസൂചനയാണ് റിപ്പോർട്ടിലുള്ളത്. മന്ത്രി കെ ടി ജലീലും ഇപി ജയരാജന്റെ മകനും ആരോപണ മുൾമുനയിൽ ആകുമ്പോഴാണ് ഈ വിവാദവും എത്തുന്നത്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയാണ് ഫോൺ വിളി വിവാദവും ചർച്ചയാക്കുന്നത്.

സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകൾ എൻ.െഎ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയിൽ കിടന്നപ്പോൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ ഫോണിൽനിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോൺ വാങ്ങിയത്. ഇക്കാര്യം എൻ.െഎ.എ.യുടെ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും മാതൃഭൂമി റിപ്പോർച്ച് ചെയ്യുന്നത്. തുടർന്നാണ് ആശുപത്രിയിൽ ഇത്തവണ ഡ്യൂട്ടിയിലുള്ളവരുടെ ഫോൺ എൻ.െഎ.എ. നിരീക്ഷിച്ചത്. വനിതാ ജയിലിൽനിന്ന് പുറത്തുപോകുമ്പോൾ കേരള പൊലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങൾ സ്വർണക്കടത്ത് കേസിൽ നിലവിലുള്ളതിനാൽ സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും എൻ.െഎ.എ. നിരീക്ഷിച്ചിരുന്നുവെന്നും വിശദീകരിക്കുന്നു.

ആശുപത്രിയിലുള്ള സ്വപ്നയ്ക്ക് ചൊവ്വാഴ്ച ആൻജിയോഗ്രാം പരിശോധന നടത്തും. തുടർച്ചയായി നെഞ്ചുവേദനയുണ്ടെന്നു പറയുന്നതിനാൽ ഹൃദയസംബന്ധമായ തകരാറാണോയെന്നു പരിശോധിക്കാനാണിത്. പ്രഥമപരിശോധനയിലൊന്നും എന്തെങ്കിലും അസുഖമുള്ളതായി കണ്ടിട്ടില്ല. മാനസികസമ്മർദം കാരണം ഉണ്ടാവുന്ന നെഞ്ചുവേദനയാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതും നാടകത്തിന്റെ ഭാഗമാണെന്നാണ് എൻഐഎയുടെ നിരീക്ഷണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു പ്രതി റമീസിന് ചൊവ്വാഴ്ച എൻഡോസ്‌കോപ്പി പരിശോധന നടത്തും. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റമീസിന് സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയെങ്കിലും അസുഖകാരണം കണ്ടെത്താനായില്ല.

അതിനിടെ സ്വപ്‌നയുടെ ഫോൺ ചെയ്യൽ വിവാദത്തിൽ വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാൽ, അവരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച സൂചന. ജയിൽ ഡിജിപി ഋഷിരാജ് സിങ് ഇക്കാര്യം ഗൗരവത്തോടെ എടുത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. സ്വപ്ന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. സ്വപ്ന സെല്ലിനുള്ളിൽ ഫോൺ ചെയ്‌തെന്ന പേരിൽ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അറിയിച്ചു.

സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അനിൽ അക്കര എംഎൽഎ ആരോപിച്ചിട്ടുണ്ട്. ജയിലിൽ കിട്ടാത്ത സൗകര്യങ്ങൾ ആശുപത്രിയിൽ നൽകുന്നതിനു വേണ്ടിയാണിത്. സ്വപ്നയ്ക്ക് ഉന്നതരുൾപ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങൾ ഒരുക്കിയത് മന്ത്രിയാണ്. ഇവിടെനിന്നും സ്വപ്ന ആരെയാണു ഫോൺ ചെയ്തതെന്നു അന്വേഷിക്കണം. നഴ്‌സിന്റെ ഫോൺ ഉപയോഗിച്ചാണു ഫോൺ ചെയ്തത്. തടവുകാരുടെ സെല്ലിൽ ഈ സൗകര്യം എന്തിനു ചെയ്തുവെന്നും അന്വേഷിക്കണം. സ്വപ്നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദർശനമെന്നാണ് എംഎൽഎയുടെ ആരോപണം. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും തൃശൂർ ജില്ലാ കലക്ടർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പങ്കുണ്ടെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എംഎൽഎ ആരോപിച്ചു.

ഏഴാം തീയതി മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട സ്വപ്ന ആറു ദിവസത്തോളം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നു ഡിസ്ചാർജ്ജായ സ്വപനയെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്വപനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പ്രതി റമീസിനെയും അതേ ആശുപത്രിയിലേക്കു കൊണ്ടുവന്നു. മന്ത്രി എ.സി. മൊയ്തീൻ ഒൻപതാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുമായി എത്തി മെഡിക്കൽ കോളജിൽ നടപ്പിലാക്കുന്ന പ്രാൺ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് ആവശ്യമായി വരുന്ന തുക സ്‌പോൺസർഷിപ്പിലൂടെയാണു കണ്ടെത്തിയിട്ടുള്ളത്. പദ്ധതി പ്രഖ്യാപിച്ച അന്നു തന്നെ അദ്യ സ്‌പോൺസറായി ഞാൻ പത്ത് യൂണിറ്റുകൾ പ്രഖ്യാപിച്ചതാണ്. എന്നാൽ മെഡിക്കൽ കോളജിൽ നടന്ന ഈ പരിപാടി സ്ഥലം എംഎൽഎയെയും എംപിയെയും മറ്റ് ജനപ്രതിനിധികളെയും ഒഴിവാക്കിയാണ് നടത്തിയതെന്ന് അനിൽ അക്കരെ പറയുന്നു.

എട്ടാം തീയതി എട്ടു മണിവരെ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ഞാനുമായി മെഡിക്കൽ കോളജ് അധികൃതരോ മന്ത്രിയോ ഇക്കാര്യം സംസാരിക്കുകയോ പരിപാടിയിൽ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. സ്വപ്നയെ പ്രവേശിപ്പിച്ചിട്ടുള്ള മെഡിക്കൽ കോളേജിലെ പതിനാറാം വാർഡിൽ ഇടതു സഹയാത്രികരായ ജീവനക്കാരെ മാത്രമായിരുന്നു അന്നു ജോലിക്കു നിയോഗിച്ചിരുന്നത്. ഈ നടപടികളും സ്ഥലം എംഎൽഎയെ അറിയിക്കാതെ പരിപാടി ഉദ്ഘാടനം ചെയ്തതും ദുരൂഹമാണ്. മെഡിക്കൽ കോളേജിൽ ഇപ്പോൾ വീണ്ടും പ്രവേശിക്കപ്പെട്ടിട്ടുള്ള സ്വപ്നയെയും റമീസിനെയും മുഴുവൻ സമയവും നിരീക്ഷിക്കുകയും വാർഡുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുകയും എ.സി. മൊയ്തീന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും വേണ്ടമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP