Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പേരു വെളിപ്പെടുത്താത്ത പല പ്രമുഖരുമായും സ്ഥിരമായി ചാറ്റിങ്; സ്വർണ്ണ കടത്തിലെ ആസൂത്രകയുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നത്; സ്വപ്‌നാ സുരേഷുമായി നിരന്തര ആശയ വിനിമയം നടത്തി മറ്റൊരു മന്ത്രി കൂടി അന്വേഷണ പരിധിയിലേക്ക്; ജലീലിനും ജയരാജന്റെ പുത്രനും കോടിയേരിയുടെ മകനും ശേഷം സംശയ നിഴലിലേക്ക് പുതിയൊരു വിവിഐപിയും; ഉന്നത ബന്ധത്തിൽ സ്വപ്‌ന ആദ്യം പറഞ്ഞ മൊഴികൾ ശരിയല്ലെന്നും കണ്ടെത്തൽ; രണ്ടും കൽപ്പിച്ച് എൻഐഎ; പിണറായി കൂടുതൽ കുരുക്കിലേക്ക്

പേരു വെളിപ്പെടുത്താത്ത പല പ്രമുഖരുമായും സ്ഥിരമായി ചാറ്റിങ്; സ്വർണ്ണ കടത്തിലെ ആസൂത്രകയുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നത്; സ്വപ്‌നാ സുരേഷുമായി നിരന്തര ആശയ വിനിമയം നടത്തി മറ്റൊരു മന്ത്രി കൂടി അന്വേഷണ പരിധിയിലേക്ക്; ജലീലിനും ജയരാജന്റെ പുത്രനും കോടിയേരിയുടെ മകനും ശേഷം സംശയ നിഴലിലേക്ക് പുതിയൊരു വിവിഐപിയും; ഉന്നത ബന്ധത്തിൽ സ്വപ്‌ന ആദ്യം പറഞ്ഞ മൊഴികൾ ശരിയല്ലെന്നും കണ്ടെത്തൽ; രണ്ടും കൽപ്പിച്ച് എൻഐഎ; പിണറായി കൂടുതൽ കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മന്ത്രി കെടി ജലീൽ, മന്ത്രി ഇപി ജയരാജന്റെ മകൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ..... സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ ക്ലീൻ ചിറ്റ് നൽകാൻ മടിക്കുന്ന ഉന്നത വ്യക്തിത്വങ്ങളാണ് ഇവരെല്ലാം. ഈ പട്ടികയിലേക്ക് ഇനിയൊരു മന്ത്രി കൂടി എത്തുന്നതായി സൂചന. സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ആരായും. സ്വർണ്ണ കടത്തിലെ ആസൂത്രക സ്വപ്‌നാ സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് അടുത്തൊരു മന്ത്രിയെ കൂടി പ്രതിക്കൂട്ടിലാക്കുന്നത്. ഇദ്ദേഹത്തേയും സ്വർണ്ണ കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യാനാണ് സാധ്യത.

നയതന്ത്ര കടത്തിൽ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ന്യായീകരിക്കുകയാണ്. ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എണ്ണി എണ്ണി പറയുന്നു. ഇതിനിടെയാണ് മറ്റൊരു മന്ത്രി കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഈ മന്ത്രിയെ ചോദ്യം ചെയ്താൽ പിണറായി സർക്കാർ കൂടുതൽ വിവാദത്തിലേക്ക് ചെന്നു വീഴും. ഇടതു സർക്കാരിലെ പല പ്രമുഖരുമായും സ്വപ്‌നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുന്നത്. ഇത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവാകും.

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്‌സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകൾ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിർണ്ണായക വിവരങ്ങളായി മാറുകയാണ്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്‌നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.

ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്. മൊബൈലിൽ നിന്ന് സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നൽകിയ മൊഴികൾ ശരിയല്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. ശിവശങ്കറിന് അപ്പുറത്തേക്കുള്ള പല വിവിഐപികളുമായും സ്വപ്‌നയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. കേസ് അന്വേഷണം ശിവശങ്കറിൽ നിന്നും വഴുതി മാറി മറ്റ് പല പ്രമുഖരിലേക്കും നീളുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

എൻഐഎയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) മുൻപു നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. അതി നിർണ്ണായകമാണ് ഈ തെളിവുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ (ഏകദേശം 2780 സിഡികളിൽ കൊള്ളുന്ന വിവരം )വീണ്ടെടുത്തു.

മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികൾ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു. ഇതും നിർണ്ണായകമാണ്.സ്വർണക്കടത്തു കേസ് 4 ാം പ്രതി സന്ദീപ് നായർ, 7 ാം പ്രതി മുഹമ്മദ് ഷാഫി, 11 ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ നൽകിയിരുന്നു. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 2 ാം പ്രതി സ്വപ്ന, 16 ാം പ്രതി മുഹമ്മദ് അൻവർ എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കി അന്വേഷണസംഘത്തിനു കൈമാറും.

അൻവറിന്റെ പ്രൊഡക്ഷൻ വാറന്റിലുണ്ടായ ആശയക്കുഴപ്പം മൂലമാണ് ഇന്നലെ ഹാജരാക്കാൻ കഴിയാതെ വന്നത്. സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കു കോടതി അനുവാദം നൽകി. സ്വപ്നയെ കസ്റ്റഡിയിൽ നൽകും മുൻപ് അവരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിക്കും. ഇക്കാര്യം പ്രതിഭാഗം അഭിഭാഷകൻ ജോപോൾ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടു തിരുച്ചിറപ്പള്ളിയിലെ 2 ജൂവലറികളിൽ കസ്റ്റംസ് റെയ്ഡ്. നേതാജി സുഭാഷ് ചന്ദ്രബോസ് റോഡിലെ ജൂവലറികളിൽ ഉച്ചയോടെയായിരുന്നു പരിശോധന. കഴിഞ്ഞ മാസം എൻഐഎയും തിരുച്ചിറപ്പള്ളിയിലെ ജൂവലറികളിൽ പരിശോധന നടത്തിയിരുന്നു. 3 ഇടനിലക്കാർ അറസ്റ്റിലായി.

അതിനിടെ സ്വപ്ന സുരേഷ് ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ സ്വപ്നയെ അഡ്‌മിറ്റ് ചെയ്തിരുന്ന ആറ് ദിവസവും ഏതൊക്കെ പ്രമുഖരാണ് ആശുപത്രി സന്ദർശിച്ചതെന്നാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എന്തിനാണ് സന്ദർശനം നടത്തിയതെന്ന് എൻ.ഐ.എ. പരിശോധിക്കുകയാണ്.

സ്വപ്ന സുരേഷിനെ പോലെയുള്ള പ്രതിയെ താമസിപ്പിക്കുമ്പോൾ പലരീതിയിൽ കേസിനെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും ആശുപത്രിയിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് സ്ഥലം എംഎ‍ൽഎ. കൂടിയായ താൻ ആശുപത്രിയിലെത്തിയതെന്നാണ് എൻ.ഐ.എക്ക് അനിൽ അക്കരെ നൽകിയ വിശദീകരണം. അതേസമയം, സ്വപ്ന സുരേഷ് ആശുപത്രിയിലായിരുന്ന സമയത്ത് ആശുപത്രിയിൽ സന്ദർശനം നടത്തിയ മറ്റ് പ്രമുഖർ ആരൊക്കെയാണെന്നും എൻ.ഐ.എ. പരിശോധന നടത്തുകയാണ്.

സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തത് കേസിൽ നിർണ്ണായകമാകും. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്.

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP