Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ പണമിടപാടിൽ കമ്മിഷനായി ഒരു രൂപ പോലും കൈപ്പറ്റിയില്ല; ലോക്കറിലെ പണവും സ്വർണവും സ്വപ്നയുടെതു മാത്രം; ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്; യുഎഇ കോൺസുലേറ്റിന്റെ സാമ്പത്തിക ഇടപാടുകൾക്കായി വിശ്വസിക്കാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണം എന്നു സ്വപ്‌ന ആവശ്യപ്പെട്ടു; സ്വപ്നയുടെ 'ലോക്കർ സ്വത്തിൽ' ശിവശങ്കരന്റെ മൊഴി ഇങ്ങനെ; വിശദാംശങ്ങൾ ശേഖരിച്ചു സിബിഐ

ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ പണമിടപാടിൽ കമ്മിഷനായി ഒരു രൂപ പോലും കൈപ്പറ്റിയില്ല; ലോക്കറിലെ പണവും സ്വർണവും സ്വപ്നയുടെതു മാത്രം; ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്; യുഎഇ കോൺസുലേറ്റിന്റെ സാമ്പത്തിക ഇടപാടുകൾക്കായി വിശ്വസിക്കാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണം എന്നു സ്വപ്‌ന ആവശ്യപ്പെട്ടു; സ്വപ്നയുടെ 'ലോക്കർ സ്വത്തിൽ' ശിവശങ്കരന്റെ മൊഴി ഇങ്ങനെ; വിശദാംശങ്ങൾ ശേഖരിച്ചു സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ലൈഫ് മിഷൻ വിദേശ പണ ഇടപപാടിലെ കൂടുതൽ വിശദാംശങ്ങൾ സിബിഐ ശേഖരിച്ചു. സ്വപ്‌നയുടെ ലോക്കർ തുറന്നപ്പോൾ കണ്ടെടുത്ത വസ്തുക്കളുടെ വിശദാംശങ്ങളാണ് സിബിഐ ശേഖരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുൻപാകെ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ സിബിഐ ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലെ വിദേശപണമിടപാടിനെക്കുറിച്ചു ശിവശങ്കർ എൻഐഎക്കും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും നൽകിയ മൊഴികൾ സിബിഐ പരിശോധിച്ചിരുന്നു. പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം യുഎഇയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്കും അറിയാമായിരുന്നു. ഉദ്യോഗസ്ഥർ മടങ്ങിയതിനു ശേഷം യുഎഇ കോൺസുലേറ്റിലെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തരചർച്ചകളെ തുടർന്നാണു പദ്ധതിയുടെ മറവിൽ നടത്തിയ കമ്മിഷൻ ഇടപാടുകളുടെ തുടക്കം.

ഇതേക്കുറിച്ചു ശിവശങ്കറിനും അറിവുണ്ടായിരുന്നതായാണ് അന്വേഷണസംഘങ്ങളുടെ നിഗമനം. എന്നാൽ വിദേശത്തു നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്കു കമ്മിഷൻ ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കു ലഭിച്ചതെന്നാണു ശിവശങ്കറിന്റെ മൊഴി. അതേസമയം സ്വപ്‌നയുടെ കമ്മീഷൻ ഇടപാടുകളെ കുറിച്ച് അറിയാമായിരുന്നു എങ്കിലും താൻ പണം വാങ്ങിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

കമ്മിഷൻ തുകയിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും സ്വർണവും അവരുടേതു മാത്രമാണെന്നും ശിവശങ്കർ മൊഴി നൽകി. ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പരിചയക്കാരനാണ്. യുഎഇ കോൺസുലേറ്റിന്റെ സാമ്പത്തിക ഇടപാടുകൾക്കു നിയമോപദേശം നൽകാൻ കഴിയുന്ന വിശ്വസിക്കാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടതു സ്വപ്നയാണ്. അങ്ങനെയാണു നേരിട്ടറിയാവുന്ന ഒരാളെ പരിചയപ്പെടുത്തിയത്.

അതേമയം ലോക്കർ എടുക്കുന്നതിനു സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും നേരിട്ടാണു തന്നെ കാണാൻ വന്നതെന്നു ശിവശങ്കറുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും നേരത്തെ മൊഴി നൽകിയിരുന്നു. സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിലാണ് ഇരുവരുമെത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം ലോക്കർ എടുക്കുന്നതിനെപ്പറ്റിയും പണത്തെപ്പറ്റിയും ദീർഘമായി സംസാരിച്ചു. ലോക്കർ എടുക്കാനുള്ള പണം തന്റെ ബാങ്കിൽ നിന്നു മാറ്റിക്കൊടുക്കാനും ശിവശങ്കർ നിർദ്ദേശിച്ചു. അതുപ്രകാരം ചാർട്ടേഡ് അക്കൗണ്ടന്റാണു ലോക്കർ ഫീസ് അടച്ചത്.

ലോക്കറിന്റെ താക്കോൽ ആദ്യം കുറെ നാൾ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും പിന്നീട് സ്വപ്ന അതു വാങ്ങിയെന്നുമാണ് അക്കൗണ്ടന്റിന്റെ മൊഴി. ശിവശങ്കരന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നതും വേണുഗോപാലായിരുന്നു.ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പണം സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ വേണുഗോപാൽ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. എന്നാൽ ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാൽ അന്വേഷണ സംഘത്തെ അറിയിച്ചത്.

അതിനിടെ വടക്കാഞ്ചേരി പദ്ധതിക്കായി യൂണിടാക് സമർപ്പിച്ച പ്ലാൻ അനുസരിച്ചുള്ള നിർമ്മാണത്തിനു ലൈഫ് മിഷൻ എൻജിനീയർമാർ കണക്കാക്കിയത് 20.7 കോടി രൂപ. ഇത്രയും തുക ലൈഫ് മിഷൻ തന്നെ കണക്കാക്കിയെങ്കിൽ വലിയ തുക കമ്മിഷനായി കുറയുന്നത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പൊതുമരാമത്തു വകുപ്പ് 2012 ൽ അംഗീകരിച്ച തറവിസ്തീർണ നിരക്കും തൃശൂർ ജില്ലയ്ക്ക് പിഡബ്ല്യുഡി അംഗീകരിച്ച കോസ്റ്റ് ഇൻഡക്‌സും പരിഗണിച്ചാണ് തുക കണക്കാക്കിയതെന്ന് ലൈഫ് മിഷൻ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. യൂണിടാക് തയാറാക്കിയ എസ്റ്റിമേറ്റ് ലൈഫ് മിഷനിൽ സമർപ്പിച്ചിട്ടില്ല. പ്ലാനുകളും ഡ്രോയിങ്ങുകളും മാത്രമാണു കൈമാറിയത്.

ഡ്രോയിങ്ങുകൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും യൂണിടാക് സ്വമേധയാ അയച്ചുനൽകുകയായിരുന്നുവെന്നുമാണ് ലൈഫ് മിഷന്റെ മറുപടിയിൽ പറയുന്നത്. 2019 ഓഗസ്റ്റ് 8നു മണ്ണു പരിശോധനയുടെ വിവരങ്ങൾ യൂണിടാക് ഇമെയിൽ മുഖേന ലൈഫ് മിഷനോട് ആവശ്യപ്പെട്ടിരുന്നു. അതവർക്കു നൽകി. ഫ്‌ളാറ്റുകൾ ലൈഫ് മാനദണ്ഡപ്രകാരമാണോ എന്നറിയാൻ 6 ദിവസത്തിനു ശേഷം കെട്ടിടത്തിന്റെ പവർപോയിന്റ് പ്രസന്റേഷനും ഡ്രോയിങ്ങും ഉൾപ്പെടെ യൂണിടാക് വാട്‌സാപ് വഴി ലൈഫ് മിഷൻ എൻജിനീയറിങ് വിഭാഗത്തിനയച്ചു. ഇതിലെ പോരായ്മകൾ ഫോൺ വഴി യൂണിടാക്കിനെ അറിയിച്ചു. ഈ പോരായ്മകൾ പരിഹരിച്ച ഡ്രോയിങ്ങാണ് അംഗീകാരത്തിനായി 17ന് ഇമെയിൽ മുഖേന ലൈഫ് മിഷനു വീണ്ടും സമർപ്പിച്ചത്. 26നു ലൈഫ് മിഷൻ പദ്ധതിക്ക് അനുമതി നൽകി റെഡ് ക്രസന്റിന് മെയിൽ അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP