Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചത് യുഡിഎഫ്; ഇടതു സർക്കാർ വന്നപ്പോൾ സിപിഐ ലോക്കൽ സെക്രട്ടറിയുടെ സ്ഥലം വില കൊടുത്തു വാങ്ങി; എസ്റ്റിമേറ്റ് തയ്യാറാക്കിയത് കോസ്റ്റ്ഫോർഡും; 20 കോടിയുടെ പദ്ധതിയിൽ പിന്നീട് നടന്നതെല്ലാം അട്ടിമറി; ലൈഫ് മിഷന്റെ പേരിൽ തയാറാക്കിയ പ്ലാൻ പെർമിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകർക്കു കൈമാറിയത് ചട്ടവിരുദ്ധം; സന്ദീപ് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്ന് സന്തോഷ് ഈപ്പന്റെ മൊഴി; യദുവിന്റെ മൊഴി എടുക്കലും നിർണ്ണായകം; സ്വർണ്ണ കടത്തിലേക്ക് അഴിമതി എത്തുമ്പോൾ

ഫ്ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചത് യുഡിഎഫ്; ഇടതു സർക്കാർ വന്നപ്പോൾ സിപിഐ ലോക്കൽ സെക്രട്ടറിയുടെ സ്ഥലം വില കൊടുത്തു വാങ്ങി; എസ്റ്റിമേറ്റ് തയ്യാറാക്കിയത് കോസ്റ്റ്ഫോർഡും; 20 കോടിയുടെ പദ്ധതിയിൽ പിന്നീട് നടന്നതെല്ലാം അട്ടിമറി; ലൈഫ് മിഷന്റെ പേരിൽ തയാറാക്കിയ പ്ലാൻ പെർമിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകർക്കു കൈമാറിയത് ചട്ടവിരുദ്ധം; സന്ദീപ് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്ന് സന്തോഷ് ഈപ്പന്റെ മൊഴി; യദുവിന്റെ മൊഴി എടുക്കലും നിർണ്ണായകം; സ്വർണ്ണ കടത്തിലേക്ക് അഴിമതി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷൻ നൽകിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തിയത് ചട്ടലംഘനം തിരിച്ചറിഞ്ഞ്. തൃശൂർ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയതു ചട്ടങ്ങൾ കാറ്റിൽ പറത്തിയായിരുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി യുഎഇയിലെ റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണു നിർമ്മാണം. ഇതാണ് യൂണിടാക്ികന് ലഭിച്ചത്.

കേസിലെ പ്രതിയായ സന്ദീപ് നായർ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്തോഷ് മൊഴി നൽകി. തിരുവനന്തപുരം സ്വദേശി യദുവാണു സന്തോഷിനെ പ്രതികൾക്കു പരിചയപ്പെടുത്തിയത്. യദുവിന്റെ മൊഴി രേഖപ്പെടുത്തും. വീടു നിർമ്മാണ കരാർ സന്ദീപ് വഴിയാണു ലഭിച്ചതെന്നു സന്തോഷ് ഈപ്പൻ പറഞ്ഞു. കരാറിന്റെ ആവശ്യത്തിനു സ്വപ്നയെയും സന്ദീപിനെയും കണ്ടു ചർച്ച നടത്തിയിട്ടുണ്ട്. കരാർ ലഭിക്കാൻ സ്വപ്ന കമ്മിഷൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടില്ലെന്നും പറയുന്നു.

എന്നാൽ ഇതിന് വിരുദ്ധമായ മൊഴി സ്വപ്‌നാ സുരേഷിൽ നിന്ന് എൻഐഎയ്ക്ക് കിട്ടിയതായി സൂചനയുണ്ട്. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ തന്നെ കമ്മീഷൻ കാശിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടിയോളം രൂപ എൻഐഎ കണ്ടെത്തിയിരുന്നു. ഇത്, ലൈഫ് മിഷൻ കരാറിൽ നിന്നുള്ള കമ്മിഷൻ തുകയാണെന്നാണു സ്വപ്നയുടെ മൊഴി. ലൈഫ് മിഷന്റെ പേരിലുള്ള കെട്ടിടം നിർമ്മിക്കാവുന്നതു ലൈഫ് മിഷൻ അംഗീകരിച്ച ഏജൻസികൾക്കു മാത്രമാണ്. യുണിടാകിന് അത്തരം അംഗീകാരമില്ല. സ്ഥലത്തിന്റെ കൈവശക്കാരായ നഗരസഭയെ നിർമ്മാണത്തിലെ പുതിയ കരാറിനെക്കുറിച്ച് അറിയിച്ചിട്ടില്ല.

സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരും ലോക്കറിൽ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപ ചെലവിൽ ഭവനസമുച്ചയം നിർമ്മിക്കാൻ സർക്കാർ ലൈഫ് മിഷനു നൽകിയ ഭരണാനുമതി റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യാതെയാണു റെഡ് ക്രസന്റുമായി പങ്കാളിത്ത പദ്ധതിക്ക് കരാർ ഒപ്പിട്ടത്. വിദേശ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടിയില്ല. അനുമതി ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. എന്നാൽ നിർമ്മാണത്തിന് കൊണ്ടു വന്ന പണത്തെ കുറിച്ചും കേന്ദ്ര സർക്കാരിന് അറിയില്ല. ഇത് ചട്ടലംഘനവുമാണ്.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217 സെന്റ് സ്ഥലത്താണു ഭവനസമുച്ചയം നിർമ്മിക്കുന്നത്. 199 വീടുകൾ നിർമ്മിക്കാനാണ് ഹാബിറ്റാറ്റ് രൂപരേഖ തയാറാക്കിയത്. 2019 ജൂൺ 26നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ലൈഫ് മിഷൻ സംസ്ഥാന എംപവേഡ് കമ്മിറ്റിയിൽ പ്ലാൻ 44176005195 പ്രകാരം 13.09 കോടി ചെലവുവരുന്ന എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി. ജൂലൈ 15നു മുൻപ് ഇക്കാര്യത്തിൽ തുടർനടപടിയെടുക്കണമെന്നു തദ്ദേശവകുപ്പിനു നിർദ്ദേശവും നൽകി. ജൂലൈ 11ന് യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി കേരളത്തിലെത്തി ഇതേ സ്ഥലത്ത് ഭവനസമുച്ചയം നിർമ്മിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ധാരണാപത്രം ഒപ്പിട്ടു. 14 കോടി രൂപ ഭവനസമുച്ചയത്തിനും 6 കോടി രൂപ ആശുപത്രി നിർമ്മാണത്തിനുമാണ് അനുവദിച്ചതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

കരാർ ഒപ്പിടും മുൻപ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നൽകുകയോ ചെയ്തില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു ലൈഫ് മിഷൻ അധികൃതർ മറുപടി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ലൈഫ് മിഷന്റെ വെബ്‌സൈറ്റിൽ ഇല്ലെന്നതും വസ്തുതയാണ്. ഇതെല്ലാം സംശയങ്ങൾക്ക് പുതിയ മാനം നൽകുന്നു. എൻഐഎ ഗൗരവത്തോടെ തന്നെ ഈ വിഷയം പരിശോധിക്കുന്നുണ്ട്.

റെഡ് ക്രസന്റിനു വടക്കാഞ്ചേരി നഗരസഭ അറിയാതെ നഗരസഭയുടെ സ്ഥലത്തു കെട്ടിടം നിർമ്മിക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലൈഫ് മിഷനു കിട്ടിയ പെർമിറ്റ് എങ്ങനെ മിഷന്റെ പട്ടികയിൽ പെടാത്ത ഏജൻസിക്കു കൈമാറിയെന്നതും ചർച്ചയിലുണ്ട്. കോസ്റ്റ്ഫോഡിനെ ഒഴിവാക്കിയത് എന്തുകൊണ്ട് എന്നതും അജ്ഞാതമാണ്. തീരുമാനങ്ങളിൽ സ്വപ്‌നാ സുരേഷിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ് ഇത്. എന്തുകൊണ്ടു നിർമ്മാണം നഗരസഭ പരിശോധിച്ചു കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്തില്ലെന്നതും ദുരൂഹമാണ്. പൊതുമരാമത്തു നിരക്കിലല്ലാതെ എങ്ങനെയാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നതും വിവാദങ്ങൾക്ക് പുതിയ മാനം നൽകും. അനിൽ അക്കര എംഎൽഎ നൽകിയ പരാതി ഗവർണ്ണറുടെ കൈയിലാണ്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണത്തിന് സാധ്യത ഏറുകയാണ്.

യൂണിടാകിനു വഴിയൊരുക്കാനായി സർക്കാർ ഏജൻസിയായ കോസ്റ്റ്ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളിയെന്നതാണ് വസ്തുത. പകരം ലൈഫ് മിഷന്റെ പേരിൽ തയാറാക്കിയ പ്ലാൻ പെർമിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകർക്കു കൈമാറി. പാവപ്പെട്ടവർക്കായി യുഡിഎഫ് സർക്കാരിന്റെ കാലത്താണു ഫ്‌ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ സമാഹരിച്ചു. എൽഡിഎഫ് സർക്കാർ വന്ന ശേഷം ഈ ഫണ്ട് ഉപയോഗിച്ചാണു 2.5 ഏക്കർ സ്ഥലം 74 ലക്ഷം രൂപയ്ക്കു വാങ്ങിയത്. സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇത്. സ്ഥലം വാങ്ങിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കാൻ കോസ്റ്റ്ഫോഡിനെ ഏൽപിച്ചു. 20 കോടിയോളം രൂപയുടേതായിരുന്നു എസ്റ്റിമേറ്റ്.

സ്ഥലം വാങ്ങിയ ശേഷമാണ് വഴിയുടെ വീതി പലയിടത്തും 3 മീറ്ററേ ഉള്ളൂവെന്നു കണ്ടെത്തുന്നത്. 5 മീറ്റർ വീതിയില്ലെങ്കിൽ ഫ്‌ളാറ്റ് നിർമ്മിക്കാനാകില്ല. തുടർന്നു വഴിക്കുവേണ്ടി സ്ഥലം വാങ്ങി. പെട്ടെന്നാണു നിർമ്മാണത്തിനു റെഡ് ക്രസന്റ് വരുന്നതും കോസ്റ്റ്ഫോഡ് പുറത്താകുന്നതും. ലൈഫ് മിഷൻ പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും അതു വടക്കാഞ്ചേരി നഗരസഭയിൽ കൊടുത്തു പെർമിറ്റ് എടുക്കുകയും ചെയ്തു. സിഇഒയുടെ പേരിലാണു പെർമിറ്റ്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനായിരുന്നെങ്കിലും നിർമ്മാണത്തിനായി കൈവശാവകാശം വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറിയിരുന്നു. ഈ പ്ലാനാണു സ്വകാര്യ ഏജൻസിയായ യൂണിടാകിനു കൈമാറിയത്. ഇതും ചട്ടവിരുദ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP