Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ

സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. സ്വപ്‌ന സുരേഷുമായി വളരെ അടുപ്പം പുലർത്തിയ ഒരു ഉന്നത നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സർക്കാറിൽ നിർണായക സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹമെന്ന് മാതൃഭൂമി ദിനപത്രമാണ് റിപ്പോർട്ടു ചെയ്യുന്നത്. സ്വപ്‌ന നടത്തുന്ന സ്വർണ്ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ഇദ്ദേഹത്തിന് അറിയാമെന്നാണ് മാതൃഭൂമി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

കള്ളക്കടത്തിനെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്നുമുള്ള സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേർന്ന കസ്റ്റംസ് ഉന്നതതല യോഗത്തിൽ ഈ തീരുമാനമുണ്ടായത്. നേതാവിനെ കുറിച്ചുള്ള വിവരങ്ങൾ കൂടി പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചതിന് പിന്നിലും.

Stories you may Like

സ്വപ്ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയനേതാവിന് അറിവുണ്ടായിരുന്നുവെന്നാണ് വാർത്തയിൽ പറയുന്നത്. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതിൽ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വർണക്കടത്തിൽ പിടിയിലാവുന്നതിനുമുമ്പ് ഈ രാഷ്ട്രീയനേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കാണുകയും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം. ഇതോടെ, സ്വർണക്കടത്തിന് പുതിയ രാഷ്ട്രീയമാനങ്ങൾ കൈവരുകയാണ്.

ഇതേ യോഗത്തിൽ ശിവശങ്കറിന്റെ മൊഴിയും സ്വപ്നയുടെ മൊഴിയും ചേർത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളിൽ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണു കരുതുന്നത്. അതേസമയം താനുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തി കോടതി മുമ്പാകെ മൊഴിയും സ്വപ്‌ന സുരേഷ് സമർപ്പിച്ചിട്ടുണ്ട്. ഇതോടെ ആരുടെയൊക്കെ പേരുകൾ സ്വപ്ന പറഞ്ഞിട്ടുണ്ടാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്വപ്‌നയുടെ മൊഴിയിൽ ഉന്നത നേതാവിന്റെ പേരും പറയുന്നുണ്ടെന്ന സൂചനയുണ്ട്. സ്വപ്ന ഇപ്പോൾ നല്കിയ മൊഴി ഇനി മൊഴിമാറ്റാൻ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശൽ തന്ത്രമാണെന്നത് വ്യക്തമാണ്.

കോടതി മുമ്പാകെ മുദ്രവെച്ച കവറിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചർച്ചയായ കേസിൽ നിർണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കേസിന് ഇടയിൽ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീൽ ചെയ്ത കവറിൽ മൊഴി കോടതിയിൽ സമർപ്പിച്ചു. മൊഴി കോടതിയിൽ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു കോടതിയിൽ സമർപ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.

പിന്നീടൊരു ഘട്ടത്തിൽ മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. ഇരുവരെയും അടുത്ത ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്. സ്വർണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിൽ ഇയാൾ എത്തിയത്. സ്വർണക്കടത്തിനു പ്രതികൾ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങൾ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.

കൂടുതൽ ആളുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുൽ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാൻ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്. അതിനിടെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൂടി പുറത്തുവന്നിട്ടുണ്ട്. കോൺസുലേറ്റിന്റെ വാഹനത്തിൽ അടക്കം സ്വപ്ന സ്വർണം കടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേർന്ന കസ്റ്റംസിന്റെ വിലയിരുത്തൽ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നേരത്തെ അദ്ദേഹം നൽകിയ മൊഴിയിൽ വ്യക്തതയില്ലാത്തതിനാലാണിത്. സ്വപ്നയുടെ മൊഴിയിൽ പരാമർശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നൽകിയെന്നും സ്വപ്ന മൊഴി നൽകിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.

സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിലാണ് കസ്റ്റംസ് വ്യക്തത വരുത്തക. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എൻഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നൽകിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്ന സൂചന പുറത്തുവന്നതോടെ വിവാദം വീണ്ടും കൊഴുക്കാനാണ് സാധ്യതയുള്ളത്.

നയതന്ത്ര ബാഗേജിൽ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കൊണ്ടുപോകാൻ കോൺസുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വർണക്കടത്തിന് മൂന്നു തവണയിലധികം കോൺസുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ടാണ് വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചത്. ഇതനിടെ സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. യു.എ.ഇ.യിൽനിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വർണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കിൽപ്പെടുത്താനാണ് എം. ശിവശങ്കർ വഴി തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.

പ്രളയ ദുരിതബാധിതർക്കുള്ള വീട് നിർമ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നൽകിയ ഒരുകോടി ദിർഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതിൽ നിന്നും 1.38 കോടി രൂപമാത്രമാണ് താൻ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കോടികൾ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളർ എത്തിയതായി കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളർകൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP