Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇ കോൺസുലേറ്റിലെ പിആർഒയെ പുറത്താക്കിയ സ്വപ്‌ന ഇഷ്ടക്കാരനായ സരിത്തിനെ നിയമിച്ചത് വിവിധ ഉദ്ദേശ്യത്തോടെ; സ്വപ്‌നയ്ക്ക് മുന്നിൽ പ്രോട്ടോക്കോൾ നിയമങ്ങളും വഴിമാറി; 20 ലക്ഷത്തിന് താഴെ വിലയുള്ള പാഴ്‌സലുകൾ ഇറക്കാൻ പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതി വേണമെന്ന കാര്യവും തെറ്റിച്ചു; കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്സ് വെളിപ്പെടുത്തിയതോടെ സ്വർണം കടത്തി സമ്പാദിച്ച പണമെന്ന വാദവും പൊളിയുന്നു; എൻഐഎയും അന്വേഷണം സ്വപ്‌നയിലേക്ക് കേന്ദ്രീകരിക്കുന്നു

യുഎഇ കോൺസുലേറ്റിലെ പിആർഒയെ പുറത്താക്കിയ സ്വപ്‌ന ഇഷ്ടക്കാരനായ സരിത്തിനെ നിയമിച്ചത് വിവിധ ഉദ്ദേശ്യത്തോടെ; സ്വപ്‌നയ്ക്ക് മുന്നിൽ പ്രോട്ടോക്കോൾ നിയമങ്ങളും വഴിമാറി; 20 ലക്ഷത്തിന് താഴെ വിലയുള്ള പാഴ്‌സലുകൾ ഇറക്കാൻ പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതി വേണമെന്ന കാര്യവും തെറ്റിച്ചു; കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്സ് വെളിപ്പെടുത്തിയതോടെ സ്വർണം കടത്തി സമ്പാദിച്ച പണമെന്ന വാദവും പൊളിയുന്നു; എൻഐഎയും അന്വേഷണം സ്വപ്‌നയിലേക്ക് കേന്ദ്രീകരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിലേക്ക് തന്നെ എൻഐഎ അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കുന്നു. സ്വർണ്ണക്കടത്തു കേസ് അന്വേഷണത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിനു യുഎഇ കോൺസുലേറ്റിൽ നിർണായക സ്വാധീനമുണ്ടായതിനു ശേഷം, കോൺസുലേറ്റിൽ നിന്നു പതിവ് അനുമതി രേഖകൾ പ്രോട്ടോക്കോൾ ഓഫിസിൽ വരുന്നതു നിലച്ചതാണു നിർണായകമാകുന്നത്. പ്രോട്ടോക്കോൾ ഓഫീസിനെ ബൈപ്പാസ് ചെയ്യാൻ വേണ്ടി സെക്രട്ടറിയേറ്റിനുള്ളിൽ നിന്നും സ്വപ്‌നയ്ക്ക സഹായം ലഭിച്ചിരിക്കാം എന്നതാണ് ഇതിലൂടെ ലഭിക്കുന്ന സൂചന.

എല്ലാം കണക്കു കൂട്ടിക്കൊണ്ടാണ് സ്വപ്‌ന ഓരോ നീക്കവും നടത്തിയിരുന്നത്. യുഎഇ കോൺസുലേറ്റിൽ നേരത്തെ ഉണ്ടായിരുന്ന പിആർഒയെ പുറത്താക്കി കൊണ്ടാണ് സ്വപ്‌ന പി എസ് സരിത്തിനെ നിയമിച്ചത്. ഇതിന് ശേഷം ഇരുവരും ചേർന്നു എല്ലാം ആസൂത്രണം ചെയ്യുകയായിരുന്നു. നയതന്ത്ര പാഴ്‌സൽ വന്നാൽ അതു കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞു പുറത്തിറക്കാൻ പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതിക്കു രേഖകൾ നൽകേണ്ടതു പിആർഒ ആണ്. നികുതിയിളവിനു വേണ്ടിയാണിത്. 20 ലക്ഷത്തിന് താഴെ വിലയുള്ള പാഴ്‌സലുകൾ ഇറക്കുന്നതിനു പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതിയും അതിനു മുകളിൽ വിലവരുന്ന പാഴ്‌സലുകൾക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി പത്രവും വേണം.

നേരത്തേ ഉണ്ടായിരുന്ന പിആർഒയെ സ്വപ്ന ഇടപെട്ടാണു പുറത്താക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പിആർഒ തസ്തികയിലേക്കു സരിത് നിയമിതനായ 2017 ജൂലൈയ്ക്കു ശേഷം ഒരു രേഖയും അനുമതി തേടി പ്രോട്ടോക്കോൾ ഓഫിസിലേക്കു വന്നിട്ടില്ല. ഇതിനു ശേഷമാണു നയതന്ത്ര പാഴ്‌സലുകൾ വഴി സ്വർണം ഒഴുകിയെത്തിയത്. സരിത്തിനു മുൻപുള്ള പിആർഒ എല്ലാ നയതന്ത്ര പാഴ്‌സലിനും പ്രോട്ടോക്കോൾ ഓഫിസറുടെ അനുമതി തേടി കത്തു നൽകിയിരുന്നു.. പ്രോട്ടോക്കോൾ ഓഫിസിൽനിന്ന് എൻഐഎ തേടിയതും ഈ രേഖകളാണ്. 2019 മുതൽ ഇതുവരെ കോൺസുലേറ്റിൽനിന്ന് പ്രോട്ടോക്കോൾ ഓഫിസിലേക്കു നികുതിയിളവിനു നൽകിയ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഈ കാലയളവിൽ ഒരു രേഖയും വന്നിട്ടില്ലെന്നായിരുന്നു പ്രോട്ടോക്കോൾ ഓഫിസറുടെ മറുപടി.

കോൺസുലേറ്റ് ആരംഭിച്ച 2016 മുതലുള്ള രേഖകൾ എത്തിക്കാൻ തുടർന്നു നിർദ്ദേശിച്ചു. ഈ രേഖകൾ പരിശോധിച്ചപ്പോഴാണു സരിത് അനുമതി തേടിയിട്ടില്ലെന്നു തെളിഞ്ഞത്. സരിത് വന്നതിനു ശേഷം പ്രോട്ടോക്കോൾ ഓഫിസറുടെ രേഖകൾ വ്യാജമായി ഉണ്ടാക്കിയോ അതോ പ്രോട്ടോക്കോൾ ഓഫിസിൽ ആരെങ്കിലും ഇതിന് കൂട്ടുനിന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ സ്വർണക്കടത്തിൽ എൻ.ഐ.എ.യുടെ അന്വേഷണം വീണ്ടും സ്വപ്നയിലേക്ക് തന്നെ കേന്ദ്രീകരിക്കാനാണ് സാധ്യത. കേസിൽ പ്രതിയായ ഫൈസൽ ഫരീദിനെ ദുബായിൽ ചോദ്യംചെയ്തതിൽനിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണു സൂചന.

സ്വപ്നയുടെയും സന്ദീപിന്റെയും നേതൃത്വത്തിലായിരുന്നു സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് ഫൈസൽ നൽകിയ മൊഴി. യു.എ.ഇ. കോൺസുലേറ്റുമായുള്ള ഇടപാടുകളിലും തനിക്കു പങ്കില്ലെന്ന ഫൈസലിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കാനുള്ള തെളിവുകൾ എൻ.ഐ.എ.യ്ക്കു കണ്ടെത്താനായിട്ടുമില്ല. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻ.ഐ.എ. വിവരങ്ങൾ തേടിയത് സ്വപ്ന തന്നെയാണ് ആസൂത്രണമെന്ന സ്ഥിരീകരണത്തിനു വേണ്ടിക്കൂടിയാണ്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ. ഓഫീസിലെത്തി കൈമാറിയ വിവരങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകും.

ശിവശങ്കറിൽനിന്നു കിട്ടിയ വിവരങ്ങൾ വിലയിരുത്തിയ സംഘത്തിനുമുന്നിൽ ചില സംശയങ്ങൾ ബാക്കിയുണ്ട്. ശിവശങ്കർ ഇല്ലാത്ത സമയത്തും സ്വപ്ന സെക്രട്ടേറിയറ്റിലെത്തിയെന്ന വിവരമാണ് ഇതിൽ പ്രധാനമായി അന്വേഷിക്കുന്നത്. അതിനിടെ, കേസിലെ പ്രതികളായ റമീസ്, സന്ദീപ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്‌തേക്കും. റിമാൻഡിൽ കഴിയുന്ന ഇവരിൽനിന്ന് കസ്റ്റംസും ഇ.ഡി.യും എടുത്ത മൊഴികളും എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്.

എൻഐഎക്കും കസ്റ്റംസിനും പുറമേ സ്വപ്‌ന സുരേഷിനെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും മുറുകുകയാണ്. സ്വർണം കടത്തി സ്വന്തമാക്കിയ സ്വർണം മറ്റു വഴികളിൽ നേടിയതാണെന്ന് വാദിക്കാനാണ് സ്വപ്‌ന സുരേഷ് ശ്രമിച്ചത്. ഈ വാദങ്ങൾ ഓരോന്നായി പൊളിയുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയിട്ടില്ലെന്ന് സെയിൻ വെഞ്ച്വേഴ്സ് ഉടമ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. നേരത്തേ യൂണിടാക് ഉടമയും സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷൻ നൽകിയിട്ടില്ലെന്ന് മൊഴിനൽകിയിരുന്നു. ഇതോടെ, യു.എ.ഇ. കോൺസുലേറ്റുമായുള്ള പല ഇടപാടുകളിൽ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സംശയത്തിന്റെ നിഴലിലായി.

സെയിൻ വെഞ്ച്വേഴ്സ്, യൂണിടാക് ബിൽഡേഴ്സ്, ഫോർത്ത് ഫോഴ്സ്, യു.എ.എഫ്.എക്‌സ്. എന്നീ കമ്പനികൾ യു.എ.ഇ. കോൺസുലേറ്റുമായി വിവിധ ഇടപാടുകൾ നടത്തിയപ്പോൾ തനിക്ക് കമ്മിഷൻ ലഭിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി. എന്നാൽ, സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷൻ നൽകിയിട്ടില്ലെന്നും ബാങ്ക് ട്രാൻസ്ഫറിലൂടെ 'ഇസോമങ്ക്' എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയതെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡി.ക്കുമുമ്പാകെ മൊഴിനൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ കമ്പനിയാണ് 'ഇസോമങ്ക്'.

അതിനിടെ, തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിലെ സന്പാദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. തന്റെ പേരിൽക്കൂടിയുള്ള ലോക്കറുകൾ ആയതിനാൽ അത് അന്വേഷിക്കേണ്ടതായിരുന്നെന്നും വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാൻഡ് കാലാവധി പ്രിൻസിപ്പൽ സെഷൻസ് കോടതി സെപ്റ്റംബർ ഒമ്പതുവരെ നീട്ടി. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP