Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം

സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസ് സോളാർ കേസിന്റെ അതേവഴിയെ തന്നെ നീങ്ങുകയാണ്. കേസിൽ താൻ കുടുങ്ങുമെന്ന ഘട്ടം വന്നതോടെ മുമ്പ് സരിത എസ് നായർ പയറ്റിയ അതേ തന്ത്രം തന്നെയാണ് സ്വപ്‌ന സുരേഷും ഈ കേസിൽ പയറ്റുന്നത്. താനുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തി കോടതി മുമ്പാകെ മൊഴിയും സമർപ്പിച്ചു. ഇതോടെ ആരുടെയൊക്കെ പേരുകൾ സ്വപ്‌ന പറഞ്ഞിട്ടുണ്ടാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്വപ്‌ന നൽകിയ മൊഴിയിൽ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന സൂചനകൾ ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഭരണകക്ഷിയിലെ പ്രമുഖരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വപ്‌ന ഇപ്പോൾ നല്കിയ മൊഴി ഇനി മൊഴിമാറ്റാൻ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശൽ തന്ത്രമാണെന്നത് വ്യക്തമാണ്. തന്നെ മാത്രം ബലിയാടാക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് സ്വപ്‌നയുടേത്.

കോടതി മുമ്പാകെ മുദ്രവെച്ച കവറിൽ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചർച്ചയായ കേസിൽ നിർണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കേസിന് ഇടയിൽ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീൽ ചെയ്ത കവറിൽ മൊഴി കോടതിയിൽ സമർപ്പിച്ചു. മൊഴി കോടതിയിൽ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു കോടതിയിൽ സമർപ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.

പിന്നീടൊരു ഘട്ടത്തിൽ മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. ഇരുവരെയും അടുത്ത ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്. സ്വർണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിൽ ഇയാൾ എത്തിയത്. സ്വർണക്കടത്തിനു പ്രതികൾ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങൾ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.

കൂടുതൽ ആളുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുൽ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാൻ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്. അതിനിടെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൂടി പുറത്തുവന്നിട്ടുണ്ട്. കോൺസുലേറ്റിന്റെ വാഹനത്തിൽ അടക്കം സ്വപ്‌ന സ്വർണം കടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേർന്ന കസ്റ്റംസിന്റെ വിലയിരുത്തൽ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നേരത്തെ അദ്ദേഹം നൽകിയ മൊഴിയിൽ വ്യക്തതയില്ലാത്തതിനാലാണിത്. സ്വപ്നയുടെ മൊഴിയിൽ പരാമർശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നൽകിയെന്നും സ്വപ്ന മൊഴി നൽകിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.

സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിലാണ് കസ്റ്റംസ് വ്യക്തത വരുത്തക. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എൻഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നൽകിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്ന സൂചന പുറത്തുവന്നതോടെ വിവാദം വീണ്ടും കൊഴുക്കാനാണ് സാധ്യതയുള്ളത്.

നയതന്ത്ര ബാഗേജിൽ വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണം കൊണ്ടുപോകാൻ കോൺസുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വർണക്കടത്തിന് മൂന്നു തവണയിലധികം കോൺസുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുന്നതിന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ടാണ് വാഹനം വിട്ടുകിട്ടാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചത്.

ഇതനിടെ സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. യു.എ.ഇ.യിൽനിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വർണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കിൽപ്പെടുത്താനാണ് എം. ശിവശങ്കർ വഴി തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.

പ്രളയ ദുരിതബാധിതർക്കുള്ള വീട് നിർമ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നൽകിയ ഒരുകോടി ദിർഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതിൽ നിന്നും 1.38 കോടി രൂപമാത്രമാണ് താൻ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കോടികൾ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളർ എത്തിയതായി കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളർകൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷമാണ് യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നൽകിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. യു.എ.ഇ. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും ചടങ്ങിൽ പങ്കെടുത്തു.

കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തി. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാൻ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളിൽനിന്നു സ്വപ്നയ്ക്കും കൂട്ടർക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വർണവും സ്വപ്നയുടെ ബാങ്ക് ലോക്കറിൽനിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയിൽ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP