Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ശിവശങ്കറുമായി അസ്വാഭാവിക ബന്ധം; സരിത്തുമായി അടുപ്പം; ആഗ്രഹിച്ചത് കൂടുതൽ പണമുണ്ടാക്കി ജീവിത പങ്കാളികളെ ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ; സ്വർണ്ണ കടത്തിന് പിന്നിൽ സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം സന്ദീപിനും നിർണ്ണായക പങ്ക്; കസ്റ്റംസ് കുറ്റപത്രം ചർച്ചകളിലേക്ക്

ശിവശങ്കറുമായി അസ്വാഭാവിക ബന്ധം; സരിത്തുമായി അടുപ്പം; ആഗ്രഹിച്ചത് കൂടുതൽ പണമുണ്ടാക്കി ജീവിത പങ്കാളികളെ ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ; സ്വർണ്ണ കടത്തിന് പിന്നിൽ സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം സന്ദീപിനും നിർണ്ണായക പങ്ക്; കസ്റ്റംസ് കുറ്റപത്രം ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ കസ്റ്റംസ് കുറ്റപത്രത്തിലും നിറയുന്നത് സ്വപ്‌നാ സുരേഷിന്റെ വിവാഹ മോഹം. സ്വപ്‌നയ്ക്ക് സരിത്തുമായി അടുപ്പമുണ്ടായിരുന്നു. കൂടുതൽ പണം സമ്പാദിച്ച ശേഷം നിലവിലുള്ള ജീവിതപങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടു. ഇതിനാൽ സ്വപ്നയുടെ കമ്മിഷൻ വിഹിതം കൂടി എടുക്കാൻ സരിത്തിനെ അനുവദിച്ചുവെന്നും കുറ്റപത്രം പറയുന്നു.

കുറ്റകൃത്യം നടന്ന കാലത്തു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ എ എസുകാരൻ എം ശിവശങ്കർ, സ്വപ്നയുമായി അസ്വാഭാവികമായ ബന്ധം പുലർത്തി. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ നടത്തിയിരുന്ന നിയമവിരുദ്ധ ഇടപാടുകൾ സ്വപ്നയിൽനിന്നു ശിവശങ്കർ മനസിലാക്കിയിരുന്നു. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിനു അറിയാമായിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകൾ നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ ഒപ്പം കൂട്ടി. ശിവശങ്കറിന്റെ ജന്മദിനത്തിനു സമ്മാനം ലഭിച്ച ഐ ഫോൺ ലൈഫ് മിഷൻ പദ്ധതി കരാറുകാരനായിരുന്ന സന്തോഷ് ഈപ്പൻ വാങ്ങി സ്വപ്നയ്ക്കു നൽകിയതായിരുന്നുവെന്നും വിശദീകരിക്കുന്നു. സരിത്താണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി സ്വപ്‌നയും.

കേശവദാസ് എന്നയാളുമായി ചേർന്നു യുഎഇയിൽ നിക്ഷേപം നടത്താൻ പദ്ധതിയുണ്ടാക്കിയിരുന്നു ശിവശങ്കർ എന്നും കുറ്റപത്രം പറയുന്നു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബോർഡ് ചെയർമാനായിരിക്കെ സ്‌പേസ് പാർക്കിൽ വ്യാജരേഖകളുടെ ബലത്തിൽ സ്വപ്നയെ ജോലിക്കെടുത്തു. നയതന്ത്ര ബാഗിൽ സ്വർണം പിടികൂടിയതു മുതൽ എൻഐഎ അറസ്റ്റ് ചെയ്യുന്നതു വരെ സ്വപ്നയുമായി നിരന്തരം വാട്‌സാപ് കോളിലൂടെ ശിവശങ്കർ ബന്ധപ്പെട്ടതായി സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ചാനലിന്റെ മറവിൽ കള്ളക്കടത്തു നടക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും ശിവശങ്കർ മുന്നറിയിപ്പു നൽകിയതായി സ്വപ്നയുടെ മൊഴിയുണ്ട്. കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുമായി രാജ്യത്തിന്റെ നയതന്ത്ര മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ബന്ധം സ്ഥാപിച്ചുവെന്നും കസ്റ്റംസ് വിശദീകരിക്കുന്നു.

സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയത് സരിത്താണ്. നയതന്ത്ര പാഴ്‌സലിനുള്ളിൽ സ്വർണം കടത്താനുള്ള അനുമതിക്കുവേണ്ടി കോൺസൽ ജനറലിനു ഒരു കിലോഗ്രാം സ്വർണത്തിനു 1000 ഡോളർ വീതം നൽകണമെന്നു റമീസിനെയും സന്ദീപിനെയും അറിയിച്ചു. സ്വർണക്കടത്തുകാർ കടത്തു കമ്മിഷനായി കള്ളനോട്ടു നൽകുമെന്നു കോൺസൽ ജനറൽ മുന്നറിയിപ്പു നൽകിയപ്പോൾ അതു പരിശോധിക്കാൻ കഴിയുന്ന നോട്ടെണ്ണൽ മെഷീൻ വാങ്ങി. അഡ്‌മിൻ അറ്റാഷെക്കു കമ്മിഷൻ നൽകാൻ ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റി. സ്വർണക്കടത്തിന് ആദ്യാവസാനം ഒത്താശ ചെയ്തു പ്രതിഫലം സരിത്ത് പറ്റിയെന്നും കുറ്റപത്രം പറയുന്നു.

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തിനു സൗകര്യം ഒരുക്കിയത് സ്വപ്‌നാ സുരേഷാണ്. ഗൂഢാലോചനയിലും സ്വർണക്കടത്തിലും നിർണായക പങ്കാളിത്തം. കോൺസുലേറ്റ് ജനറലിനു ദുബായിൽ വീടു പണിയാൻ പണമാവശ്യമുണ്ടെന്നും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു പ്രതിഫലമായി അദ്ദേഹത്തിന് പണം നൽകണമെന്നും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നു സന്ദീപിന്റെ മൊഴിയുണ്ട്.

സ്വർണക്കടത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയാണ് സന്ദീപ് നായർ. ആസൂത്രണം ചെയ്യാനും കോഡ് വാക്കുകൾ ഉപയോഗിച്ചു വിവരങ്ങൾ കൈമാറാനുമായി 'സിപിഎം കമ്മിറ്റി' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി. ഒരിക്കലും സ്വന്തം മൊബൈൽ സ്വർണക്കടത്തിനു വേണ്ടി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടു വന്ന സ്വർണം ഏറ്റുവാങ്ങി കെ.ടി.റെമീസിന്റെ സഹായത്തോടെ വേർതിരിച്ചെടുത്തു. സ്വർണം റെമീസിനു കൈമാറി.

കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തു കേസുകളിൽ സന്ദീപ് നായർക്കൊപ്പം നേരത്തെ പിടിക്കപ്പെട്ട പ്രതിയാണ് റമീസ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി ചേർന്നു പദ്ധതിയുണ്ടാക്കി. ദുബായിൽനിന്നു സ്വർണം ശേഖരിച്ചു കള്ളക്കടത്തിലൂടെ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്ന ശൃംഖലയെ നിയന്ത്രിച്ചു.

പ്രതിപ്പട്ടിക

1. പി.എസ്.സരിത്ത്, തിരുവല്ലം, തിരുവനന്തപുരം.
2. സ്വപ്ന സുരേഷ്, കവടിയാർ, തിരുവനന്തപുരം.
3. എച്ച്. എൻ. സന്ദീപ് നായർ, അരുവിക്കര, തിരുവനന്തപുരം
4. കെ.ടി.റെമീസ് , പെരിന്തൽമണ്ണ, മലപ്പുറം.
5. എ.എം.ജലാൽ, മൂവാറ്റുപുഴ, എറണാകുളം
6. റബിൻസ് ഹമീദ്, പെരുമറ്റം, മൂവാറ്റുപുഴ.
7. പി.മുഹമ്മദ് ഷാഫി, ഐക്കരപ്പടി, മലപ്പുറം.
8. ഇ.സയ്യിദലവി , വേങ്ങര, മലപ്പുറം.
9. ടി.എം.സംജു, നെടിയറമ്പത്ത്, കോഴിക്കോട്.
10.ഷംസുദീൻ, എറഞ്ഞിക്കൽ, കോഴിക്കോട്,
11. പി.ടി.അബ്ദു, കോട്ടയ്ക്കൽ, മലപ്പുറം
12. കെ.ഹംജദ് അലി, കൊണ്ടോട്ടി, മലപ്പുറം.
13. ടി.എം.മുഹമ്മദ് അൻവർ, മഞ്ചേരി, മലപ്പുറം.
14. പി.എം.അബ്ദുൽ ഹമീദ്, കൂട്ടിലങ്ങാടി, മലപ്പുറം.
15. അബൂബക്കർ പഴേടത്ത്, കൂട്ടിലങ്ങാടി, മലപ്പുറം.
16.ഹംസദ് അബ്ദു സലാം, മഞ്ചേരി, മലപ്പുറം.
17. സി.വി.ജിഫ്‌സൽ, വട്ടകിണർ, കൊണ്ടോട്ടി.
18. എം.മുഹമ്മദ് അബ്ദു ഷമീം, കൊടുവള്ളി, കോഴിക്കോട്.
19. മുഹമ്മദ് അസ്ലം, വണ്ടൂർ, മലപ്പുറം.
20. ഉല്ലാസ് കുറുപ്പ്, മാന്നാർ, ആലപ്പുഴ.
21. മുഹമ്മദ് അലി ഇബ്രാഹിം , മൂവാറ്റുപുഴ, എറണാകുളം.
22. മുഹമ്മദ് അലി അബ്ദുൽഖാദർ, മൂവാറ്റുപുഴ, എറണാകുളം.
23. കെ.ടി.ഷറഫുദീൻ, പെരിന്തൽമണ്ണ, മലപ്പുറം.
24. എ.മുഹമ്മദ് ഷഫീഖ്, മണർകാട്, പാലക്കാട്.
25. പി.എം.മുസ്തഫ, പുന്നക്കൽ മീത്തൽ, കോഴിക്കോട്.
26. അബ്ദുൽ അസീസ്, ഐക്കരപടി, മലപ്പുറം.
27. ഗോഡ്‌ഫ്രെ പ്രതാപ്, വള്ളക്കടവ്, തിരുവനന്തപുരം.
28. എമിറേറ്റ്സ് സ്‌കൈ കാർഗോ, തിരുവനന്തപുരം.
29. എം.ശിവശങ്കർ, പൂജപ്പുര, തിരുവനന്തപുരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP